2012 മാർച്ച് 6, ചൊവ്വാഴ്ച

കവിതാപഠനം




തടിച്ച ഹാജര്‍ രജിസ്റ്ററുമായി കയറിവന്ന മാഷ്

കടുപ്പത്തില്‍ ചോദിച്ചു :

അന്‍വറെന്തിയേടാ ?

ഭാഷയുടെ ചെത്തവും ചൂരുമന്വേഷിച്ച്

ചുരം കയറുന്ന ബസ്സില്‍ കയറിപ്പോകുന്നത് കണ്ടു സാര്‍ ”

കൂടെ ജോസഫും പോയിക്കാണുമല്ലേടാ ?

വരുന്നവഴിക്കവന്റെ ഐഡന്റിന്റികാര്‍ഡ് കളഞ്ഞുപോയ് സാര്‍

കവിതയിലെങ്ങാനും കിടപ്പുണ്ടോന്ന് തപ്പാന്‍ പോയതാ”

ടോണിയുണ്ടോ ?

ഉണ്ടില്ല സാര്‍ ”

വികടമായൊരു ചിരിയിലവന്‍ പറഞ്ഞത് മാഷിനത്ര പിടിച്ചില്ല-

കോമഡിയാണല്ലേ...

പാരഡി മൂലം ഐറണി മൂലം പലവിധകവിതകളുലകില്‍ സുലഭം...

പൊട്ടിയഴിഞ്ഞുവന്നൊരു കൂട്ടച്ചിരിയുടെ ഡസ്കിലാഞ്ഞുതല്ലി മാഷലറി

സൈലന്‍സ് പ്ലീസ്..

ശൈലനെഴുന്നേറ്റു നിന്നു

ആടയാഭരണങ്ങളുടെ പെരുക്കം കണ്ടുരുകിയ മാഷ് ശാസിച്ചു

നിന്റെ കവിതയ്ക്കില്ലാത്താതെന്തിനാടാ നിന്റെ കഴുത്തേല്‍..

കുരിശുമാലയ്ക്ക് പിന്നില്‍ കിടന്ന തോക്കുമാല മുന്നോട്ടിട്ടതു കണ്ട് മാഷ് പിന്നൊന്നും മിണ്ടിയില്ല

കോമയിലായിരുന്ന ക്ലാസ്സിലിരുന്ന് സുഡോക്കു കളിച്ചതിന്

മനോജിനെ മാഷ് പൊക്കി.

മറ്റൊരു ദീര്‍ഘകാവ്യമെഴുതാന്‍ ശിക്ഷിച്ചിട്ട്

രാമചന്ദ്രന്റെ പേരുവിളിച്ചു

കലോത്സവത്തിനു ചൊല്ലേണ്ട വൈലോപ്പിള്ളിക്കവിത

ഈണമിട്ടുപഠിക്കുകയായിരുന്ന അവനതു കേട്ടില്ല

കനം കുറഞ്ഞൊരു അപ്പൂപ്പന്‍താടിക്കു പിന്നാലെ പോയി

രാമന്‍ ക്ലാസ്സു വിട്ടിറങ്ങി

വീട്ടിലുച്ചയ്ക്ക് വറുക്കുന്ന മത്തി കടലിലോടിനടക്കുന്ന മീനാണോ

എന്നൊരു ചിന്തയില്‍ കൊതിപിടിച്ചിരിക്കുകയായിരുന്നു ഗോപീകൃഷ്ണന്‍

കവിതയിലെ പാട്ടും പാട്ടിലെ കവിതയും ഹരിക്കാനറിയാതെ

കണക്ക് പുസ്തകത്തില്‍ വെട്ടിയും തിരുത്തിയുമിരുന്നു റഫീക്ക്.....

മാഷ് പിന്നെയും പേരുകള്‍ വിളിച്ചു

വിളിച്ചിട്ടും വിളിച്ചിട്ടും തീരാത്ത പേരുകളില്‍

മാഷിന്റെ രക്തസമ്മര്‍ദ്ദമിരട്ടിച്ചു

ഒടുവില്‍

എല്ലാവരെയും വിളിച്ചുവെന്നൊരു തോന്നലുണ്ടാക്കിയിട്ട്

മാഷ് ചുറ്റും നോക്കി

ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തിയിട്ട്

പാഠപുസ്തകം തുറന്ന് അദ്ധ്യായത്തിന്റെ പേര് ഉറക്കെ വായിച്ചു-

പുതുകവിത : പൊതുസമീപനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ