1.
മരത്തില്‍ നിന്ന്
ഞെട്ടറ്റ ഒരില
മണ്ണിലേക്കെത്താതെ
ചില്ലയില്‍ തങ്ങും പോലെ
ആപ്പീസില്‍ നിന്നും
വീട്ടിലെത്താതെ ഞാന്‍
ബാറിലെ മേശമേല്‍ ...
(കവിതയിലായാലും കാര്യത്തിലായാലും)
കല്പന മോശമല്ലേ,സാര്‍ ?
2.
വാടിപ്പോയൊരു വെറ്റിലയുടെ
ഞരമ്പ് നീക്കുമ്പോ-
ളെവിടെയോ പച്ച മണക്കുന്നു...
ദാര്‍ശനികതയുടെ
തുമ്പ് പൊട്ടിച്ചില്ലേ,അളിയാ ?
3.
വലിച്ചെടുക്കുന്ന പുകയൂറ്റി
വിടുന്നൊരു ഫില്‍ട്ടര്‍ടിപ്പ് മാതിരി
കവിതയിലെ വാക്കൂറ്റാനൊരു...
അല്ലെങ്കില്‍ വേണ്ട,
കടുപ്പം കുറച്ചിട്ടെന്തിനാ,
പുക പുകയല്ലേ മോനേ ?
4.
ഡോക്ടര്‍ ,
എനിക്ക് മുപ്പതുവയസ്സായി.
ഇതു വരെ
പെണ്ണൊരു ലഹരിയായ് തോന്നിയിട്ടില്ല.
ലഹരികളെല്ലാം
പെണ്ണായി കണ്ടതാണോ എന്റെ രോഗം ?
ഡോക്ടര്‍
എന്നെയൊരു അനുജനായിക്കണ്ട്
മറുപടി തരാനൊന്നും നില്‍ക്കേണ്ട.
വൈകുന്നേരം
ബാറില്‍ കാണാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ