2012 മാർച്ച് 6, ചൊവ്വാഴ്ച

അനിമല്‍ പ്ലാനെറ്റ്




സിംഹങ്ങള്‍ കടിച്ചുകുടഞ്ഞ

അത്ഭുതസ്വപ്നങ്ങളില്‍ ബാല്യം

വീടിന്റെ തണപ്പ്

ഇടവഴിയിലെ തണല്

പാടത്തെ പച്ച

എല്ലാ ഓര്‍മ്മകളിലും

ഹിപ്പൊപ്പൊട്ടാമസിന്റെ തൊലിയിലെ

വഴുവഴുപ്പ്

ബഹുവര്‍ണ്ണവസ്ത്രങ്ങളിലുണ്ട്

സീബ്ര,കടുവ,പുള്ളിപ്പുലി

എല്ലാം തൊലിക്കു മീതെ

ചിത്രം വരച്ചവ

പ്രേമിച്ച പെണ്ണിന്റെ

മനസ്സെത്ര മൃദുലമെന്ന്

പുറമേ

തൊട്ടുതൊട്ടറിയുമ്പോള്‍

കണ്ണില്‍ പൊടിഞ്ഞ

കുറ്റബോധത്തിലുണ്ടൊരു മുതല

അകമേ

വിഡ്ഢിച്ചിരി നീട്ടും മുയലും

ഓര്‍ക്കാമെന്ന വാക്കില്‍

നാക്കു വെട്ടിക്കുന്ന അരണയുണ്ട്

രോമത്തെ കൊമ്പാക്കി മാറ്റുന്ന

നുണകളിലുണ്ടൊരു കാണ്ടാമൃഗം*

കൂടുവേണ്ടെനിക്കനുസരണ

കൂടെന്ന് ആനയും

ഇടിവെട്ടീടും വണ്ണമാശതന്നാല്‍ പോലും

പീലിക്കെട്ടനക്കാത്ത മയിലും

മനസ്സില്‍.

ഭാവിയുടെ കൊമ്പിലേക്ക് ചാട്ടം പിഴച്ച്

തലതല്ലി വീണ മരഞ്ചാടിയാണിപ്പോള്‍

ചതുരദൃശ്യത്തില്‍

ശേഷം

വാഴ്വിന്റെ തത്സമയസംപ്രേഷണത്തില്‍

ഇരയെത്തിന്ന്

ഇഴയാന്‍ വയ്യാതായ

പെരുമ്പാമ്പിനെപ്പോലെ

ഇരുട്ട്


*കണ്ടാമൃഗത്തിന്റെ കൊമ്പ് അതിന്റെ ഒരു രോമമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ