2012 മാർച്ച് 7, ബുധനാഴ്‌ച

നോട്ടപ്പിശക്


റോഡില്‍ നിന്നല്പമുയര്‍ന്ന തിട്ടയിലാണ്

വീട്

പള്ളിയിലേക്ക് പോകുമ്പോള്‍

ആറിത്തണുത്ത ചായ പോലൊരു നോട്ടം

അതിന്റെ തിണ്ണയിലെ കസേരയില്‍ നിന്ന്

ഞങ്ങളിലേക്ക് പാടകെട്ടും

എന്നോ ചിരി കുഴിച്ചുമൂടി കുരിശുനാട്ടിയ

ചുണ്ടുകളില്‍

ബീഡിക്കുറ്റിയുടെ നിറകണ്ണുപോലെ

ചാരമടരുന്ന നിശ്ശബ്ദത

റോഡിലേക്ക്

പടികളിറങ്ങി വരും....

മുറ്റത്ത് കുട്ടികള്‍ കളിക്കുന്നുണ്ടാവും

അടുക്കളയില്‍

വെന്തകോഴിമണം

മറ്റുകറികളോട് കയര്‍ക്കുന്നുണ്ടാവും

അലക്കുകല്ലില്‍

അയാളുടെ മൂത്രഗന്ധം

കുമിള പോലെ പൊട്ടുന്നുണ്ടാവും

അകത്ത്

ടി.വി. ഉച്ചഭാഷിണിയെ

അനുകരിക്കുന്നുണ്ടാവും

എങ്കിലും

ശവപ്പെട്ടിക്കു ചുറ്റുമുള്ള

തിളങ്ങുന്ന അലുകുകള്‍ പോലെ

മാറ്റുന്നവയെ

ചൊറി പിടിച്ച കസേരയിലുള്ള

അയാളുടെ ഇരിപ്പ്....

ഇന്നു രാവിലെ കുര്‍ബാനയ്ക്ക് പോയപ്പോള്‍

അയാളെ കണ്ടില്ല

മരിച്ചുപോയിക്കാണുമോ?

ആശുപത്രിയിലായിരിക്കുമോ?

മറ്റൊരു വീട്ടിലേക്ക്

താമസം മാറിയോ?

ഒഴിഞ്ഞ കസേരയില്‍ നിന്ന്

പൂതലിച്ചൊരു നോട്ടം

റോഡിലേക്കിറങ്ങി വന്ന്

കൈപിടിച്ച്

തിണ്ണയിലേക്ക് കയറ്റി

ഇരിക്കുവാനാംഗ്യം കാട്ടി

ചായയിടാമെന്ന്

തിടുക്കത്തിലകത്തേക്ക് പോയി...

റോഡിലൂടെ

പള്ളിയിലേക്ക് പോകുന്നവരെ

ഇപ്പോള്‍

എനിക്കു കാണാം.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ