2012 മാർച്ച് 6, ചൊവ്വാഴ്ച

അലക്ക്



വീട്ടിലേക്ക്

മാസക്കണക്കനുസരിച്ച്

വന്നുകേറുന്ന ഒരാള്‍

വെളുത്തേടനായിരുന്നു

ചേച്ചിയുടെ പ്രായവും

അമ്മൂമ്മയുടെ രോഗവും

അച്ഛന്റെ വിരുന്നുകളും

എന്റെ മൂത്രച്ചൂരുമെല്ലാം

നിറഞ്ഞുകിടക്കുന്ന

തെങ്ങിന്‍തടമായി മാറിയിട്ടുണ്ടാകും

വീട്

അപ്പോഴേക്കും


പച്ചനിറമുള്ള കുളത്തില്‍ നിന്ന്

വെളുത്തതുണി വലിച്ചെടുക്കുന്ന

വെളുത്തേടന്റെ മാജിക്

ഞാന്‍ കണ്ടിട്ടുണ്ട്

കറുത്തൊരെന്നെ

അയാള്‍

വെളുത്തതാക്കുവാന്‍

കുളത്തില്‍ മുക്കിപ്പിഴിഞ്ഞുണക്കുമെന്ന്

നട്ടുച്ചയുടെ വെയില്‍

പറഞ്ഞിട്ടുണ്ട്


അലക്കുകല്ലില്‍

തകര്‍ന്നു വീഴുന്നൊരൊച്ച

അഴുക്കിനെക്കൂടിയെങ്ങനെ

കൂട്ടുകൊണ്ടുപോകുന്നെന്നു

ചിന്തിച്ചിട്ടുണ്ട് പിന്നെ

നീലത്തില്‍ മുങ്ങി

വരാന്തയിലൊരു കെട്ടഴിയുമ്പോള്‍

അടുക്കിവച്ച ഉയരമാണ്

വൃത്തിയെന്നുറപ്പിച്ചിട്ടുമുണ്ട്


ഒരിക്കല്‍

കുളംകണ്ടു മടങ്ങിയ

തുണികളിലൊന്ന്

പിഞ്ഞിയനൂലിന്റെ വിടവിലൂടെ

കളിയാക്കിച്ചിരിച്ചു

അലക്കു കൂടിയതാണ്

കുഴപ്പമെന്നച്ഛന്‍

തുണിയലക്കുമ്പോള്‍

ശ്രദ്ധ വേണമെന്ന്

തുണിയലക്കാത്തച്ഛന്‍

വെളുത്തേടന്‍ പിന്നെ

ഞങ്ങടെ വീട്ടിലേക്ക് വന്നിട്ടേയില്ല


ഇന്നും

അലക്ക് നടക്കുന്നുണ്ട്

പല കറകളും

ഒച്ചയോടൊപ്പം

പറന്നു പോകുന്നില്ല

ഇഴകള്‍ പിരിഞ്ഞുകീറുന്നുണ്ട്

പലപ്പോഴും

ആരും തുണിയെപ്പറ്റി മിണ്ടുന്നേയില്ല

പഴന്തുണി വലിച്ചുകീറി

തിരിതെറുക്കുന്നൊരു രാത്രി മാത്രം

ഓര്‍മ്മയില്‍

മുഷിഞ്ഞു നാറുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ