
അവനൊരു കവിയായിരുന്നു.അത്ര പറഞ്ഞാല്‍ പോരാ.മോശം കവിയായിരുന്നു.പ്രതിഭകളനവധി അവന്റെ ഏന്തിവലിഞ്ഞുള്ള എഴുത്തുരീതിയെ മറികടന്ന് പോയിരുന്നു.അവന്റെ പ്രായത്തിലുള്ള പല കവികളും അതിനകം ചര്‍ച്ചകളിലിടം നേടിയിരുന്നു.അവരെ പലരും കവികളെന്നു വിളിച്ചിരുന്നു.അവനാകട്ടെ തന്റെ എഴുത്തുരീതിയെത്തന്നെ പുച്ഛിച്ച് ആത്മനിന്ദയിലും വിമര്‍ശനത്തിലെ പച്ചപ്പരിഹാസത്തിലും സാഹിത്യത്തെ സംഗ്രഹീതമായി വിവര്‍ത്തനം ചെയ്തു.മറ്റു കവികളെപ്പോലെ എഴുത്തൊരു കുത്തൊഴുക്കായ് തന്റെ ജീവിതത്തില്‍ നിറയാത്തതെന്തെന്ന നിറകണ്‍ ചോദ്യവുമായി മദ്യത്തിന്റെ ലഹരി വിട്ടൊഴിയുന്ന പാതിരാത്രി നേരത്ത് ജനാലയ്ക്ക് പുറത്തേക്ക് നോക്കിയിരിക്കുന്ന അവനിലാണ് ഈ സംഭവം ആരംഭിക്കുന്നത്..
തന്റെ കഴിവില്ലായ്മയില്‍ കവിയ്ക്ക് കണ്ണില്‍ ഒരിറ്റുകവിത പോലും ചേരാത്ത കണ്ണീര്‍ പൊടിഞ്ഞു. കലയ്ക്കു വേണ്ടി ദാഹിക്കുന്നവനെ പണ്ടേ പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കിക്കൊടുത്ത ദൈവം സഹായിക്കാമെന്നുറച്ച് ജനാലയ്ക്കരികില്‍ നിലയുറപ്പിച്ചു.നീയെന്തിനാണിങ്ങനെ വിഷാദിക്കുന്നതെന്നും നല്ല ശമ്പളമുള്ള ജോലിയല്ലേ കൈവശമുള്ളതെന്നും ദൈവം ചോദിച്ചതിന് പുച്ഛരസം പടരുന്ന ചുണ്ടുകളില്‍ അല്പം കൂടി അരിശം നിറച്ച് ജോലി അതാര്‍ക്കു വേണം, കവിയ്ക് വേണ്ടത് കവിതയാണെന്ന് അവന്‍ തീര്‍ത്തു പറഞ്ഞു. ഈ പയ്യനെന്താണിങ്ങനെ ആധുനികനാവുന്നതെന്ന് ചിന്തിച്ച് ,പിന്നെ തിരുത്തി കവിതയുടെ പേറ്റുനോവിനെപ്പറ്റി കാലഭേദമില്ലാതെ എല്ലാ എഴുത്തുകാരുമിങ്ങനെയാണല്ലോ വാചാലമാകുന്നതെന്നോര്‍ത്ത് ദൈവം അയാള്‍ക്കൊരു കവിത കൊടുക്കാമെന്നു തീരുമാനിച്ചു.പക്ഷേ അറിവിന്റെ പഴം മുതല്‍ മനുഷ്യനെ കുടുക്കിയ ചരിത്രമുള്ള ദൈവം തമ്പുരാന്‍ ഒരു ഉപാധിയിട്ട് കവിയെയും പരീക്ഷിച്ചു.ജീവിതം വേണോ കവിത വേണോ എന്നു പറക എന്നവനോട് പറഞ്ഞു.ഇതുകേട്ട് എഴുത്തോ നിന്റെ കഴുത്തോ എന്നൊരു ഭൂതത്തെ കണ്ടപോലവനൊന്നറച്ചെങ്കിലും ഒടേതമ്പുരാന്റെ കെണികളെല്ലാം തിരിച്ച് പണിഞ്ഞ് ഇന്നും തുടരുന്ന മനുഷ്യനെയോര്‍ത്ത് പുരോഗമനവാദിയായൊരു വിപ്ലവകാരിയായി അധികാരത്തിനു നേരെ അവന്‍ പൊട്ടിത്തെറിച്ചു: “കവിത മതി”.എന്നാലൊന്നു കേള്‍ക്ക നീയീ ഭാഷയിലെ ഏറ്റവും മഹത്തായ കവിതയെഴുതുവാന്‍ പോകുന്നു, നിന്റെ ഖ്യാതി ഇതിനാലെന്നും നിലനില്‍ക്കും.ആയിരിക്കിലും ആ കാവ്യത്തിന്റെ രചനയോടെ നിന്റെ ജീവിതം അവസാനിക്കുമെന്നും ധരിക്കേണ്ടതാകുന്നുവെന്ന് ദൈവം അരുള്‍ ചെയ്തു. എതു ശാപത്തിനുമല്പസ്വല്പം ഭേദഗതി വരുത്തിയാല്‍ മീനിന്റെ വയറുപിളര്‍ന്നും പിടിച്ചു നില്പിന്റെ അംഗുലീയഭംഗി പുറത്തുവരുമെന്ന് നിശ്ചയമുണ്ടായിരുന്ന കവി, ആ കവിത ഈ ഭാഷയിലെ മുന്തിയ ആനുകാലികത്തിലടിച്ചു വരുന്നതുവരെ തന്റെ ജീവിതം നീട്ടിത്തരണമെന്ന് ദൈവത്തോടപേക്ഷിച്ചു. അങ്ങനെയാകട്ടെയെന്ന് മൊഴിഞ്ഞ് ദൈവം രംഗമൊഴിഞ്ഞു.
ദൈവത്തിന്റെ കരുണയുറ്റ കരങ്ങള്‍ പ്രവര്‍ത്തിച്ചതുകാരണം കവിയിലൂടെ ആറാം ദിനം ആ ഭാഷയിലെ ഏറ്റവും മഹത്തായ കാവ്യം പിറവിയെടുത്തു.ഏഴാം ദിനം വിശ്രമദിനമായിരുന്നു. തന്റെ കഴിവിനെ സ്വയം വാഴ്ത്തിക്കൊണ്ട് മനസ്സു പാടുന്ന കീര്‍ത്തനങ്ങളില്‍ ആമഗ്നനായിരുന്ന കവി ദൈവവുമായുള്ള ഉടമ്പടിയിലെ പഴുതുകളിലൂടൊരു പണി തീര്‍ക്കാനുമുറച്ചിരുന്നു. കവിത മുന്തിയ ആനുകാലികത്തിലയയ്ക്കാതെ ബ്ലോഗിലും ഫെയ്സ്ബുക്കിലും അടിച്ചു നിറച്ച് അവന്‍ ആദ്യമായി ദൈവത്തെ വഞ്ചിച്ച് പാപിയായിത്തീര്‍ന്നു. തന്റെ അനുവാദം കൂടാതെ ഏതെങ്കിലും മാധ്യമത്തില്‍ ഈ കവിത അച്ചടിക്കുന്ന പക്ഷം നിയമത്തിന്റെ ശിക്ഷാവിധികള്‍ ഏറ്റു വാങ്ങേണ്ടി വരുമെന്ന് അതിനോടൊപ്പം എഴുതിച്ചേര്‍ത്ത് തന്റെ പാപത്തിന്റെ പങ്ക് കൂട്ടി. ആ ഭാഷയിലെ ഏറ്റവും മഹത്തായ കവിത പ്രതീതിയാഥാര്‍ത്ഥ്യത്തില്‍ കിടന്നങ്ങനെ വളരുന്നത് കണ്ട് ഒരു വേള താനുമൊരു പ്രതീതിയാഥാര്‍ത്ഥ്യമാണോ എന്നു ദൈവത്തിനും തോന്നുകയുണ്ടായി.ആകാശത്തിനു കീഴെ പാപത്തിന്റെ വൃക്ഷം പോലെ ആ കവിത പടരുന്നതു കണ്ട് അതിന്റെ അവകാശിയായ കവി അഹങ്കരിക്കുന്നുണ്ടായിരുന്നു.അവന്റെ കവിത്വത്തിനു മീതെ പറക്കാനൊരു കവിതയും ഭൂമുഖത്തുണ്ടായില്ല... പക്ഷേ, വിശ്വാസികളെ ആശ്വസിപ്പിന്‍... അഹങ്കാരികളുടെ കരങ്ങള്‍ ഛേദിച്ചെറിയാതിരിപ്പാന്‍ മാത്രം അവിടുത്തെ കരങ്ങള്‍ കുറുകിയിട്ടില്ല.
ഒരു വെളുപ്പാന്‍ കാലത്ത് ദൈവം കവിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് തന്റെ വാക്ക് പാലിച്ചിരിക്കുന്നുവെന്നും ആയതിനാല്‍ കാലം ചെയ്തുകൊള്ളുക എന്നും കവിയോട് പറഞ്ഞു. പഴുതുകളെല്ലാമടച്ച കളിയില്‍ ദൈവമിനിയെന്തു കോപ്പു ചെയ്യാനായെന്ന് ആത്മാവില്‍ ദൃഢമായി വിശ്വസിച്ച അവന്റെ പരിഹാസം നിറഞ്ഞ കണ്മുന്നിലേക്ക് ആ ഭാഷയിലെ മുന്തിയ ആനുകാലികത്തിന്റെ പുതിയ ലക്കമെടുത്ത് ദൈവം നീട്ടി.ആയതില്‍ കാവ്യനിരൂപണമെന്ന പേരില്‍ അച്ചടിക്കുപുറത്തെ കവിതയെ വിവരിച്ചുകൊണ്ടൊരുവന്‍ കവിയുടെ മഹത്തായ കവിതയെ അതേപടി ചേര്‍ത്ത് പഠനമെഴുതിയിരിക്കുന്നതായി കണ്ട് അവന്റെ കണ്ണുകളില്‍ ലോകാവസാനത്തിന്റെ ഇരുട്ട് നിറഞ്ഞു. എന്നോടാ ഇവന്മാരടെ കളിയെന്ന അവസാന ദൈവവചനത്തെ ശ്രവിച്ചു കൊണ്ട് ആ പാപി കണ്ണുകളടയ്ക്കുമ്പോള്‍ …....
വിശ്വാസികളേ.....മനസ്സിലാക്കണം... കവികളുടെ കരങ്ങള്‍ ഛേദിച്ചെറിയാതിരിപ്പാന്‍ മാത്രം അവിടുത്തെ കരങ്ങള്‍ കുറുകിയിട്ടില്ല........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ