
അയാള്‍
ഒരു ഇടവഴിയിറങ്ങി വരുന്നു
ഒപ്പം
ഉച്ചവെയിലും വരുന്നു
അയാള്‍
ഇടത്തോട്ടുതിരിഞ്ഞ്
പറങ്കിമാവിന്‍തോട്ടത്തിലേക്ക്
കയറിപ്പോയി
വെയില്‍
അയാളെ വിട്ട്
കുന്നിറങ്ങി, പാടം മുറിച്ച്
തീവണ്ടിപ്പാളത്തിലേക്കിറങ്ങി.
കൂവിക്കടന്നുപോയൊരു വേഗം
അതിനെ
ഇടിച്ചുതെറുപ്പിക്കും വരെ
കാറ്റെന്നുതോന്നിക്കുന്ന എന്തോ ഒന്ന്
അവിടെയുണ്ടായിരുന്നു
ചിതറിപ്പോയ
വെയിലിനെ
വൈകുന്നേരം
പായില്‍ പൊതിഞ്ഞുകൊണ്ടുവരുന്നവരാണ്
കണ്ടത്-
മരച്ചോട്ടിലെ
ചിതറിയ
തണല്‍ കുടിച്ച്
രാത്രിപോലെ നീലിച്ചുപോയ
അയാളെ.
വെയിലിന്റെ അടക്കം
അന്നു രാത്രിയും
അയാളുടേത്
അടുത്ത
ഉച്ചവെയിലിലും
നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ