2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ആക്സിഡന്റ്

ഇവിടെവെച്ചാണാ സംഭവം നടന്നതെന്ന് പറഞ്ഞപ്പോൾ
ബസിന്റെ സൈഡ് സീറ്റിലിരുന്ന്
പുറത്തേക്ക് നീ
ഉദാസീനമായി നോക്കുമ്പോലെയായിരുന്നില്ല
ഇവിടെവെച്ചാ സംഭവം നടന്നപ്പോൾ
ഞാൻ നോക്കിയിരുന്നത്

ആ ചെറുപ്പക്കാരന്റെ തല പാടേ തകർന്നുപോയിരുന്നു
കണ്ണുകൾ പുറത്തേക്ക് തെറിച്ചുവീണിരുന്നു
പിടച്ചില് പോലുമവസാനിച്ച്
ചോരയിൽ കിടക്കുകയായിരുന്നു അയാൾ

സ്വന്തം മരണത്തിൽ ബദ്ധശ്രദ്ധനായ്
ചോരക്കുളത്തിൽ മലർന്നുകിടക്കുകയായിരുന്നു - എന്നെല്ലാം
ഇപ്പോൾ കവിതയാക്കാമെങ്കിലും.

എന്നാലിവിടെവെച്ചാ സംഭവം നടക്കുമ്പോൾ
അവിടെയുണ്ടായിരുന്നവരിലൊരാളായ് വിറച്ചുപോയതല്ലാതെ
ഒന്നുമെഴുതിയില്ലെവിടെയും.
കാണുന്നുവെന്നും തോന്നിയില്ല , കണ്ടു നിന്നതല്ലാതെ.
പാതയ്ക്കിരുവശവും കിലോമീറ്ററുകളോളം
ജിജ്ഞാസയുടെ കണ്ണുകൾ ഗതാഗതക്കുരുക്ക് തീർത്തിരുന്നു
എന്ന പ്രയോഗം അപായമണി മുഴക്കി അവിടേക്ക് വന്നിരുന്നില്ല.

ചെറുപ്പക്കാരനെ ഇടിച്ചിട്ടിട്ട് ഓടിച്ചുപോയ വണ്ടിയുടെ
പിൻചക്രം
അവന്റെ ചോരയിലൂടെ കയറിപ്പോയതിന്റെ പാടുകൾ
റോഡിലല്പദൂരം കിടന്നിരുന്നു
പിന്നെയത് മാഞ്ഞ് , മാഞ്ഞ്
ചോരപ്പാടില്ലാതെ , ഒന്നുമില്ലാതെ പോയി...
ടാറിട്ട റോഡും ടയറിന്റെ റബ്ബറും
ചോരയുടെ നനവിലും പശിമയിലും അൽപനേരം ഒച്ചയുണ്ടാക്കിയത്
എനിക്കിപ്പോൾ കേൾക്കാം
അത് കവിതയാകാം ; പക്ഷേ,അതായിരുന്നില്ലല്ലോ സംഭവം

ഇടിച്ചിട്ടിട്ടു പോയ വണ്ടി
ഇപ്പോളെവിടെയായിരിക്കുമെന്നറിയില്ല
ചിലപ്പോൾ കണ്ണൂരോ കോയമ്പത്തൂരോ എത്തിക്കാണും
അല്ലെങ്കിൽ മറ്റെവിടെയോ
ചിലപ്പോൾ പോർച്ചിൽ
ചിലപ്പോൾ രഹസ്യഗോഡൌണിൽ
ചിലപ്പോൾ പോലീസ് സ്റ്റേഷനിൽ
ചിലപ്പോൾ മറ്റൊരപകടത്തിൽ

എവിടെയായാലും
അതിന്റെ പിൻചക്രങ്ങളിൽ നിന്ന്
ചോരപ്പാട് മാഞ്ഞുപോയതു പോലെ
റോഡിലേക്കുള്ള നോട്ടം പോലെ
ഞെട്ടലുകളെ കവിതയാക്കും പോലെ
ഉദാസീനമായി കിടക്കുന്നുണ്ട് 
ഇപ്പോളാ സംഭവം
ഇവിടെത്തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ