2012, മാർച്ച് 7, ബുധനാഴ്‌ച

മരണത്തെപ്പറ്റി


1.ഇത്രനാളും

ഇത്രനാളും

കൂടെ നടന്ന മരണം

ഇന്നുച്ചയ്ക്ക്,

പെട്ടെന്ന്,

മൈതാനത്തിന് നടുക്ക് വച്ച്

ചുറ്റും ആരുമില്ലെന്ന്

നോക്കിയുറപ്പ് വരുത്തി

എന്നെ

കഴുത്ത് ഞെരിച്ച്

കൊന്നു.

2.പട്ടി

മരണമേ..

നീയീ ഭൂമിയില്‍

എവിടെയാണിട്ടിരിക്കുന്നത്,

ഞാന്‍ നിന്നെത്തിരഞ്ഞെത്താനുള്ള

അടയാളങ്ങള്‍....?

നോട്ടപ്പിശക്


റോഡില്‍ നിന്നല്പമുയര്‍ന്ന തിട്ടയിലാണ്

വീട്

പള്ളിയിലേക്ക് പോകുമ്പോള്‍

ആറിത്തണുത്ത ചായ പോലൊരു നോട്ടം

അതിന്റെ തിണ്ണയിലെ കസേരയില്‍ നിന്ന്

ഞങ്ങളിലേക്ക് പാടകെട്ടും

എന്നോ ചിരി കുഴിച്ചുമൂടി കുരിശുനാട്ടിയ

ചുണ്ടുകളില്‍

ബീഡിക്കുറ്റിയുടെ നിറകണ്ണുപോലെ

ചാരമടരുന്ന നിശ്ശബ്ദത

റോഡിലേക്ക്

പടികളിറങ്ങി വരും....

മുറ്റത്ത് കുട്ടികള്‍ കളിക്കുന്നുണ്ടാവും

അടുക്കളയില്‍

വെന്തകോഴിമണം

മറ്റുകറികളോട് കയര്‍ക്കുന്നുണ്ടാവും

അലക്കുകല്ലില്‍

അയാളുടെ മൂത്രഗന്ധം

കുമിള പോലെ പൊട്ടുന്നുണ്ടാവും

അകത്ത്

ടി.വി. ഉച്ചഭാഷിണിയെ

അനുകരിക്കുന്നുണ്ടാവും

എങ്കിലും

ശവപ്പെട്ടിക്കു ചുറ്റുമുള്ള

തിളങ്ങുന്ന അലുകുകള്‍ പോലെ

മാറ്റുന്നവയെ

ചൊറി പിടിച്ച കസേരയിലുള്ള

അയാളുടെ ഇരിപ്പ്....

ഇന്നു രാവിലെ കുര്‍ബാനയ്ക്ക് പോയപ്പോള്‍

അയാളെ കണ്ടില്ല

മരിച്ചുപോയിക്കാണുമോ?

ആശുപത്രിയിലായിരിക്കുമോ?

മറ്റൊരു വീട്ടിലേക്ക്

താമസം മാറിയോ?

ഒഴിഞ്ഞ കസേരയില്‍ നിന്ന്

പൂതലിച്ചൊരു നോട്ടം

റോഡിലേക്കിറങ്ങി വന്ന്

കൈപിടിച്ച്

തിണ്ണയിലേക്ക് കയറ്റി

ഇരിക്കുവാനാംഗ്യം കാട്ടി

ചായയിടാമെന്ന്

തിടുക്കത്തിലകത്തേക്ക് പോയി...

റോഡിലൂടെ

പള്ളിയിലേക്ക് പോകുന്നവരെ

ഇപ്പോള്‍

എനിക്കു കാണാം.......

റേപ്പ് സീന്‍


വില്ലനെ ഇടിച്ചുനിരത്തി
വീരനായെണ്ണീക്കുമ്പോള്‍
നായികയുടെ മദാലസമേനിയി-
ലുലഞ്ഞുന്മത്തനായ്
ഞാനും ചെയ്തുപൊയൊരു റേപ്പ്
ഇതിനാരുന്നെങ്കിലിടിയെന്തി-
നിരുവര്‍ക്കും ചേര്‍ന്നൊതുക്കാ-
മാരുന്നില്ലേയീ സീനെന്ന ചോദ്യം
അവളുടെ മുഖത്ത്.....

സാക്ഷ്യം


അവനൊരു കവിയായിരുന്നു.അത്ര പറഞ്ഞാല്‍ പോരാ.മോശം കവിയായിരുന്നു.പ്രതിഭകളനവധി അവന്റെ ഏന്തിവലിഞ്ഞുള്ള എഴുത്തുരീതിയെ മറികടന്ന് പോയിരുന്നു.അവന്റെ പ്രായത്തിലുള്ള പല കവികളും അതിനകം ചര്‍ച്ചകളിലിടം നേടിയിരുന്നു.അവരെ പലരും കവികളെന്നു വിളിച്ചിരുന്നു.അവനാകട്ടെ തന്റെ എഴുത്തുരീതിയെത്തന്നെ പുച്ഛിച്ച് ആത്മനിന്ദയിലും വിമര്‍ശനത്തിലെ പച്ചപ്പരിഹാസത്തിലും സാഹിത്യത്തെ സംഗ്രഹീതമായി വിവര്‍ത്തനം ചെയ്തു.മറ്റു കവികളെപ്പോലെ എഴുത്തൊരു കുത്തൊഴുക്കായ് തന്റെ ജീവിതത്തില്‍ നിറയാത്തതെന്തെന്ന നിറകണ്‍ ചോദ്യവുമായി മദ്യത്തിന്റെ ലഹരി വിട്ടൊഴിയുന്ന പാതിരാത്രി നേരത്ത് ജനാലയ്ക്ക് പുറത്തേക്ക് നോക്കിയിരിക്കുന്ന അവനിലാണ് ഈ സംഭവം ആരംഭിക്കുന്നത്..



തന്റെ കഴിവില്ലായ്മയില്‍ കവിയ്ക്ക് കണ്ണില്‍ ഒരിറ്റുകവിത പോലും ചേരാത്ത കണ്ണീര്‍ പൊടിഞ്ഞു. കലയ്ക്കു വേണ്ടി ദാഹിക്കുന്നവനെ പണ്ടേ പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കിക്കൊടുത്ത ദൈവം സഹായിക്കാമെന്നുറച്ച് ജനാലയ്ക്കരികില്‍ നിലയുറപ്പിച്ചു.നീയെന്തിനാണിങ്ങനെ വിഷാദിക്കുന്നതെന്നും നല്ല ശമ്പളമുള്ള ജോലിയല്ലേ കൈവശമുള്ളതെന്നും ദൈവം ചോദിച്ചതിന് പുച്ഛരസം പടരുന്ന ചുണ്ടുകളില്‍ അല്പം കൂടി അരിശം നിറച്ച് ജോലി അതാര്‍ക്കു വേണം, കവിയ്ക് വേണ്ടത് കവിതയാണെന്ന് അവന്‍ തീര്‍ത്തു പറഞ്ഞു. ഈ പയ്യനെന്താണിങ്ങനെ ആധുനികനാവുന്നതെന്ന് ചിന്തിച്ച് ,പിന്നെ തിരുത്തി കവിതയുടെ പേറ്റുനോവിനെപ്പറ്റി കാലഭേദമില്ലാതെ എല്ലാ എഴുത്തുകാരുമിങ്ങനെയാണല്ലോ വാചാലമാകുന്നതെന്നോര്‍ത്ത് ദൈവം അയാള്‍ക്കൊരു കവിത കൊടുക്കാമെന്നു തീരുമാനിച്ചു.പക്ഷേ അറിവിന്റെ പഴം മുതല്‍ മനുഷ്യനെ കുടുക്കിയ ചരിത്രമുള്ള ദൈവം തമ്പുരാന്‍ ഒരു ഉപാധിയിട്ട് കവിയെയും പരീക്ഷിച്ചു.ജീവിതം വേണോ കവിത വേണോ എന്നു പറക എന്നവനോട് പറഞ്ഞു.ഇതുകേട്ട് എഴുത്തോ നിന്റെ കഴുത്തോ എന്നൊരു ഭൂതത്തെ കണ്ടപോലവനൊന്നറച്ചെങ്കിലും ഒടേതമ്പുരാന്റെ കെണികളെല്ലാം തിരിച്ച് പണിഞ്ഞ് ഇന്നും തുടരുന്ന മനുഷ്യനെയോര്‍ത്ത് പുരോഗമനവാദിയായൊരു വിപ്ലവകാരിയായി അധികാരത്തിനു നേരെ അവന്‍ പൊട്ടിത്തെറിച്ചു: “കവിത മതി”.എന്നാലൊന്നു കേള്‍ക്ക നീയീ ഭാഷയിലെ ഏറ്റവും മഹത്തായ കവിതയെഴുതുവാന്‍ പോകുന്നു, നിന്റെ ഖ്യാതി ഇതിനാലെന്നും നിലനില്‍ക്കും.ആയിരിക്കിലും ആ കാവ്യത്തിന്റെ രചനയോടെ നിന്റെ ജീവിതം അവസാനിക്കുമെന്നും ധരിക്കേണ്ടതാകുന്നുവെന്ന് ദൈവം അരുള്‍ ചെയ്തു. എതു ശാപത്തിനുമല്പസ്വല്പം ഭേദഗതി വരുത്തിയാല്‍ മീനിന്റെ വയറുപിളര്‍ന്നും പിടിച്ചു നില്പിന്റെ അംഗുലീയഭംഗി പുറത്തുവരുമെന്ന് നിശ്ചയമുണ്ടായിരുന്ന കവി, ആ കവിത ഈ ഭാഷയിലെ മുന്തിയ ആനുകാലികത്തിലടിച്ചു വരുന്നതുവരെ തന്റെ ജീവിതം നീട്ടിത്തരണമെന്ന് ദൈവത്തോടപേക്ഷിച്ചു. അങ്ങനെയാകട്ടെയെന്ന് മൊഴിഞ്ഞ് ദൈവം രംഗമൊഴിഞ്ഞു.



ദൈവത്തിന്റെ കരുണയുറ്റ കരങ്ങള്‍ പ്രവര്‍ത്തിച്ചതുകാരണം കവിയിലൂടെ ആറാം ദിനം ആ ഭാഷയിലെ ഏറ്റവും മഹത്തായ കാവ്യം പിറവിയെടുത്തു.ഏഴാം ദിനം വിശ്രമദിനമായിരുന്നു. തന്റെ കഴിവിനെ സ്വയം വാഴ്ത്തിക്കൊണ്ട് മനസ്സു പാടുന്ന കീര്‍ത്തനങ്ങളില്‍ ആമഗ്നനായിരുന്ന കവി ദൈവവുമായുള്ള ഉടമ്പടിയിലെ പഴുതുകളിലൂടൊരു പണി തീര്‍ക്കാനുമുറച്ചിരുന്നു. കവിത മുന്തിയ ആനുകാലികത്തിലയയ്ക്കാതെ ബ്ലോഗിലും ഫെയ്സ്ബുക്കിലും അടിച്ചു നിറച്ച് അവന്‍ ആദ്യമായി ദൈവത്തെ വഞ്ചിച്ച് പാപിയായിത്തീര്‍ന്നു. തന്റെ അനുവാദം കൂടാതെ ഏതെങ്കിലും മാധ്യമത്തില്‍ ഈ കവിത അച്ചടിക്കുന്ന പക്ഷം നിയമത്തിന്റെ ശിക്ഷാവിധികള്‍ ഏറ്റു വാങ്ങേണ്ടി വരുമെന്ന് അതിനോടൊപ്പം എഴുതിച്ചേര്‍ത്ത് തന്റെ പാപത്തിന്റെ പങ്ക് കൂട്ടി. ആ ഭാഷയിലെ ഏറ്റവും മഹത്തായ കവിത പ്രതീതിയാഥാര്‍ത്ഥ്യത്തില്‍ കിടന്നങ്ങനെ വളരുന്നത് കണ്ട് ഒരു വേള താനുമൊരു പ്രതീതിയാഥാര്‍ത്ഥ്യമാണോ എന്നു ദൈവത്തിനും തോന്നുകയുണ്ടായി.ആകാശത്തിനു കീഴെ പാപത്തിന്റെ വൃക്ഷം പോലെ ആ കവിത പടരുന്നതു കണ്ട് അതിന്റെ അവകാശിയായ കവി അഹങ്കരിക്കുന്നുണ്ടായിരുന്നു.അവന്റെ കവിത്വത്തിനു മീതെ പറക്കാനൊരു കവിതയും ഭൂമുഖത്തുണ്ടായില്ല... പക്ഷേ, വിശ്വാസികളെ ആശ്വസിപ്പിന്‍... അഹങ്കാരികളുടെ കരങ്ങള്‍ ഛേദിച്ചെറിയാതിരിപ്പാന്‍ മാത്രം അവിടുത്തെ കരങ്ങള്‍ കുറുകിയിട്ടില്ല.



ഒരു വെളുപ്പാന്‍ കാലത്ത് ദൈവം കവിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് തന്റെ വാക്ക് പാലിച്ചിരിക്കുന്നുവെന്നും ആയതിനാല്‍ കാലം ചെയ്തുകൊള്ളുക എന്നും കവിയോട് പറഞ്ഞു. പഴുതുകളെല്ലാമടച്ച കളിയില്‍ ദൈവമിനിയെന്തു കോപ്പു ചെയ്യാനായെന്ന് ആത്മാവില്‍ ദൃഢമായി വിശ്വസിച്ച അവന്റെ പരിഹാസം നിറഞ്ഞ കണ്മുന്നിലേക്ക് ആ ഭാഷയിലെ മുന്തിയ ആനുകാലികത്തിന്റെ പുതിയ ലക്കമെടുത്ത് ദൈവം നീട്ടി.ആയതില്‍ കാവ്യനിരൂപണമെന്ന പേരില്‍ അച്ചടിക്കുപുറത്തെ കവിതയെ വിവരിച്ചുകൊണ്ടൊരുവന്‍ കവിയുടെ മഹത്തായ കവിതയെ അതേപടി ചേര്‍ത്ത് പഠനമെഴുതിയിരിക്കുന്നതായി കണ്ട് അവന്റെ കണ്ണുകളില്‍ ലോകാവസാനത്തിന്റെ ഇരുട്ട് നിറഞ്ഞു. എന്നോടാ ഇവന്മാരടെ കളിയെന്ന അവസാ‍ന ദൈവവചനത്തെ ശ്രവിച്ചു കൊണ്ട് ആ പാപി കണ്ണുകളടയ്ക്കുമ്പോള്‍ …....



വിശ്വാസികളേ.....മനസ്സിലാക്കണം... കവികളുടെ കരങ്ങള്‍ ഛേദിച്ചെറിയാതിരിപ്പാന്‍ മാത്രം അവിടുത്തെ കരങ്ങള്‍ കുറുകിയിട്ടില്ല........


ഹോളി




ചുമച്ച് തുപ്പിയത്

ചോപ്പ്


കണ്ണില്‍

മഞ്ഞ


കവിളില്‍

തടിപ്പുകള്‍

കറുപ്പില്‍


വിളര്‍ച്ച

നഖങ്ങളിലിട്ട

മൈലഞ്ചിയ്ക്ക്

വെള്ള


തലയടിച്ചുവീണപ്പോള്‍

ഉളുക്കിയ

കഴുത്തില്‍

നീല


ദഹനം

പോരാഞ്ഞ്

ആഞ്ഞുകക്കുമ്പോള്‍

എല്ലാം

കൂടിക്കലര്‍ന്ന ഹോളി


വൈകുന്നേരം

മൈതാനത്ത്

കെട്ടിയെടുപ്പിനെ

കത്തിക്കുന്നുണ്ട്.


വരണേ.......

2012, മാർച്ച് 6, ചൊവ്വാഴ്ച

സന്തോഷിന്റെ അച്ഛന്‍ മരിച്ച ദിവസം


സന്തോഷിന്റെ അച്ഛന്‍ മരിച്ചുപോയി
അടക്കത്തിന് ഞങ്ങള് പോയി
കോട്ടയത്തൂന്നൊരു ക്വാളിസില്‍
ഫുള്‍ടാങ്ക് സങ്കടം നിറച്ച് വിട്ടു
മലകള്‍ക്കിടയിലെവിടെയോ
സന്തോഷിന്റെ വീട്..
വീടിന്റെ താങ്ങാണൊടിഞ്ഞുപോയതെന്നും
രോഗിയായ അമ്മയെയും
കെട്ടിക്കാറായ പെങ്ങളെയും
നോക്കേണ്ട കടമയിനി സന്തോഷിലായെന്നും
കയറ്റം വലിക്കുന്ന വാന്‍
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടു പറഞ്ഞു
വീടിനൊരു മുറി പണിയണമെന്നും
കറന്റിനപേക്ഷിക്കണമെന്നും
തൊഴിലില്ലാത്ത സന്തോഷിനൊരു ഓട്ടോയെടുക്കാന്‍
തീറാധാരം പണയം വയ്ക്കണമെന്നുമുള്ള
തീരുമാനങ്ങളാണ്
ഇന്നു കുഴിയിലേക്കെടുക്കുന്നതെന്ന്
വളവെടുത്തപ്പോളൊരു,ആയാസം
നെഞ്ചിലേക്ക് മറിഞ്ഞു
കാടിന്നിടയിലെ
ഷീറ്റിട്ടവീടിന്റെ പിന്നാമ്പുറത്തെ
ചാമ്പമരത്തില്‍ ചാരിയിരുന്നുള്ള
സന്തോഷിന്റെ ആ കരച്ചിലുണ്ടല്ലോ,
ആകെത്തകര്‍ന്നുപോയ് ഞങ്ങള്‍
എന്തൊരു ദു:ഖമുള്ള ദിവസമായിരുന്നു അത്
മലയിറങ്ങിവരുമ്പോള്‍
വേദന തീരാതെ
വണ്ടി കള്ളുഷാപ്പിലേക്ക് കരഞ്ഞിറങ്ങി
മൂന്നാമത്തെ കുപ്പിയിലെല്ലാരും
കണ്ണുതെളിഞ്ഞിറങ്ങി
കലക്കമൊഴിഞ്ഞ് കണ്ടുതുടങ്ങി
അവനവനെ.....
-മലനെരകള് കൊള്ളാം...
രസമൊള്ള തണുപ്പ് ,ഒരുത്തിയെ കിട്ടിയാരുന്നേല്..
ഇവിടുള്ളവളുമാര് ഏറ്റ ചരക്കുകളാടേ...
മൈര്, ഇങ്ങോട്ട് വരുമ്പത്തന്നെ രണ്ടെണ്ണം പൂശേണ്ടതാരുന്നു..
മീമ്പൊള്ളിച്ചതിന് നാറികള് കത്തിച്ചാര്‍ജ്ജാടാ എടുത്തേ...
ഇനിയങ്ങോട്ട് അര്‍മ്മാദിച്ച് പോയാ മതി
റഹിമേ,നീയാ പാട്ടിട്
ഏത് പാട്ട്
മോഹം കൊണ്ടാലെന്നൊള്ള ആ കൊണച്ച പാട്ട്... -
കണ്ട ഷാപ്പിലൊക്കെയിറങ്ങി
വെള്ളച്ചാട്ടത്തില്‍ കുളിച്ചു
വഴിയരികില്‍ വണ്ടി കാത്തുനില്‍ക്കുന്ന
പെണ്ണുങ്ങളെ നോക്കി അവരാതിച്ച് ചിരിച്ചു
പരസ്പരമാക്കിയും തമാശിച്ചും
ചിരിച്ചുചിരിച്ചു മറിഞ്ഞു
എന്തൊരു സന്തോഷമുള്ള ദിവസമായിരുന്നു അത്
സന്തോഷിന്റെ അച്ഛാ
സന്തോഷത്തിന്റെ അച്ഛാ...

കാറ്റെന്നു തോന്നിക്കുന്ന എന്തോ ഒന്ന്



അയാള്‍

ഒരു ഇടവഴിയിറങ്ങി വരുന്നു

ഒപ്പം

ഉച്ചവെയിലും വരുന്നു

അയാള്‍

ഇടത്തോട്ടുതിരിഞ്ഞ്

പറങ്കിമാവിന്‍തോട്ടത്തിലേക്ക്

കയറിപ്പോയി

വെയില്‍

അയാളെ വിട്ട്

കുന്നിറങ്ങി, പാടം മുറിച്ച്

തീവണ്ടിപ്പാളത്തിലേക്കിറങ്ങി.

കൂവിക്കടന്നുപോയൊരു വേഗം

അതിനെ

ഇടിച്ചുതെറുപ്പിക്കും വരെ

കാറ്റെന്നുതോന്നിക്കുന്ന എന്തോ ഒന്ന്

അവിടെയുണ്ടായിരുന്നു

ചിതറിപ്പോയ

വെയിലിനെ

വൈകുന്നേരം

പായില്‍ പൊതിഞ്ഞുകൊണ്ടുവരുന്നവരാണ്

കണ്ടത്-

മരച്ചോട്ടിലെ

ചിതറിയ

തണല്‍ കുടിച്ച്

രാത്രിപോലെ നീലിച്ചുപോയ

അയാളെ.

വെയിലിന്റെ അടക്കം

അന്നു രാത്രിയും

അയാളുടേത്

അടുത്ത

ഉച്ചവെയിലിലും

നടന്നു.

കവിതാപഠനം




തടിച്ച ഹാജര്‍ രജിസ്റ്ററുമായി കയറിവന്ന മാഷ്

കടുപ്പത്തില്‍ ചോദിച്ചു :

അന്‍വറെന്തിയേടാ ?

ഭാഷയുടെ ചെത്തവും ചൂരുമന്വേഷിച്ച്

ചുരം കയറുന്ന ബസ്സില്‍ കയറിപ്പോകുന്നത് കണ്ടു സാര്‍ ”

കൂടെ ജോസഫും പോയിക്കാണുമല്ലേടാ ?

വരുന്നവഴിക്കവന്റെ ഐഡന്റിന്റികാര്‍ഡ് കളഞ്ഞുപോയ് സാര്‍

കവിതയിലെങ്ങാനും കിടപ്പുണ്ടോന്ന് തപ്പാന്‍ പോയതാ”

ടോണിയുണ്ടോ ?

ഉണ്ടില്ല സാര്‍ ”

വികടമായൊരു ചിരിയിലവന്‍ പറഞ്ഞത് മാഷിനത്ര പിടിച്ചില്ല-

കോമഡിയാണല്ലേ...

പാരഡി മൂലം ഐറണി മൂലം പലവിധകവിതകളുലകില്‍ സുലഭം...

പൊട്ടിയഴിഞ്ഞുവന്നൊരു കൂട്ടച്ചിരിയുടെ ഡസ്കിലാഞ്ഞുതല്ലി മാഷലറി

സൈലന്‍സ് പ്ലീസ്..

ശൈലനെഴുന്നേറ്റു നിന്നു

ആടയാഭരണങ്ങളുടെ പെരുക്കം കണ്ടുരുകിയ മാഷ് ശാസിച്ചു

നിന്റെ കവിതയ്ക്കില്ലാത്താതെന്തിനാടാ നിന്റെ കഴുത്തേല്‍..

കുരിശുമാലയ്ക്ക് പിന്നില്‍ കിടന്ന തോക്കുമാല മുന്നോട്ടിട്ടതു കണ്ട് മാഷ് പിന്നൊന്നും മിണ്ടിയില്ല

കോമയിലായിരുന്ന ക്ലാസ്സിലിരുന്ന് സുഡോക്കു കളിച്ചതിന്

മനോജിനെ മാഷ് പൊക്കി.

മറ്റൊരു ദീര്‍ഘകാവ്യമെഴുതാന്‍ ശിക്ഷിച്ചിട്ട്

രാമചന്ദ്രന്റെ പേരുവിളിച്ചു

കലോത്സവത്തിനു ചൊല്ലേണ്ട വൈലോപ്പിള്ളിക്കവിത

ഈണമിട്ടുപഠിക്കുകയായിരുന്ന അവനതു കേട്ടില്ല

കനം കുറഞ്ഞൊരു അപ്പൂപ്പന്‍താടിക്കു പിന്നാലെ പോയി

രാമന്‍ ക്ലാസ്സു വിട്ടിറങ്ങി

വീട്ടിലുച്ചയ്ക്ക് വറുക്കുന്ന മത്തി കടലിലോടിനടക്കുന്ന മീനാണോ

എന്നൊരു ചിന്തയില്‍ കൊതിപിടിച്ചിരിക്കുകയായിരുന്നു ഗോപീകൃഷ്ണന്‍

കവിതയിലെ പാട്ടും പാട്ടിലെ കവിതയും ഹരിക്കാനറിയാതെ

കണക്ക് പുസ്തകത്തില്‍ വെട്ടിയും തിരുത്തിയുമിരുന്നു റഫീക്ക്.....

മാഷ് പിന്നെയും പേരുകള്‍ വിളിച്ചു

വിളിച്ചിട്ടും വിളിച്ചിട്ടും തീരാത്ത പേരുകളില്‍

മാഷിന്റെ രക്തസമ്മര്‍ദ്ദമിരട്ടിച്ചു

ഒടുവില്‍

എല്ലാവരെയും വിളിച്ചുവെന്നൊരു തോന്നലുണ്ടാക്കിയിട്ട്

മാഷ് ചുറ്റും നോക്കി

ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തിയിട്ട്

പാഠപുസ്തകം തുറന്ന് അദ്ധ്യായത്തിന്റെ പേര് ഉറക്കെ വായിച്ചു-

പുതുകവിത : പൊതുസമീപനം

ലഹരി വിരുദ്ധസന്ദേശങ്ങള്‍



1.

മരത്തില്‍ നിന്ന്

ഞെട്ടറ്റ ഒരില

മണ്ണിലേക്കെത്താതെ

ചില്ലയില്‍ തങ്ങും പോലെ

ആപ്പീസില്‍ നിന്നും

വീട്ടിലെത്താതെ ഞാന്‍

ബാറിലെ മേശമേല്‍ ...

(കവിതയിലായാലും കാര്യത്തിലായാലും)

കല്പന മോശമല്ലേ,സാര്‍ ?

2.

വാടിപ്പോയൊരു വെറ്റിലയുടെ

ഞരമ്പ് നീക്കുമ്പോ-

ളെവിടെയോ പച്ച മണക്കുന്നു...

ദാര്‍ശനികതയുടെ

തുമ്പ് പൊട്ടിച്ചില്ലേ,അളിയാ ?

3.

വലിച്ചെടുക്കുന്ന പുകയൂറ്റി

വിടുന്നൊരു ഫില്‍ട്ടര്‍ടിപ്പ് മാതിരി

കവിതയിലെ വാക്കൂറ്റാനൊരു...

അല്ലെങ്കില്‍ വേണ്ട,

കടുപ്പം കുറച്ചിട്ടെന്തിനാ,

പുക പുകയല്ലേ മോനേ ?

4.

ഡോക്ടര്‍ ,

എനിക്ക് മുപ്പതുവയസ്സായി.

ഇതു വരെ

പെണ്ണൊരു ലഹരിയായ് തോന്നിയിട്ടില്ല.

ലഹരികളെല്ലാം

പെണ്ണായി കണ്ടതാണോ എന്റെ രോഗം ?

ഡോക്ടര്‍

എന്നെയൊരു അനുജനായിക്കണ്ട്

മറുപടി തരാനൊന്നും നില്‍ക്കേണ്ട.

വൈകുന്നേരം

ബാറില്‍ കാണാം.

അനിമല്‍ പ്ലാനെറ്റ്




സിംഹങ്ങള്‍ കടിച്ചുകുടഞ്ഞ

അത്ഭുതസ്വപ്നങ്ങളില്‍ ബാല്യം

വീടിന്റെ തണപ്പ്

ഇടവഴിയിലെ തണല്

പാടത്തെ പച്ച

എല്ലാ ഓര്‍മ്മകളിലും

ഹിപ്പൊപ്പൊട്ടാമസിന്റെ തൊലിയിലെ

വഴുവഴുപ്പ്

ബഹുവര്‍ണ്ണവസ്ത്രങ്ങളിലുണ്ട്

സീബ്ര,കടുവ,പുള്ളിപ്പുലി

എല്ലാം തൊലിക്കു മീതെ

ചിത്രം വരച്ചവ

പ്രേമിച്ച പെണ്ണിന്റെ

മനസ്സെത്ര മൃദുലമെന്ന്

പുറമേ

തൊട്ടുതൊട്ടറിയുമ്പോള്‍

കണ്ണില്‍ പൊടിഞ്ഞ

കുറ്റബോധത്തിലുണ്ടൊരു മുതല

അകമേ

വിഡ്ഢിച്ചിരി നീട്ടും മുയലും

ഓര്‍ക്കാമെന്ന വാക്കില്‍

നാക്കു വെട്ടിക്കുന്ന അരണയുണ്ട്

രോമത്തെ കൊമ്പാക്കി മാറ്റുന്ന

നുണകളിലുണ്ടൊരു കാണ്ടാമൃഗം*

കൂടുവേണ്ടെനിക്കനുസരണ

കൂടെന്ന് ആനയും

ഇടിവെട്ടീടും വണ്ണമാശതന്നാല്‍ പോലും

പീലിക്കെട്ടനക്കാത്ത മയിലും

മനസ്സില്‍.

ഭാവിയുടെ കൊമ്പിലേക്ക് ചാട്ടം പിഴച്ച്

തലതല്ലി വീണ മരഞ്ചാടിയാണിപ്പോള്‍

ചതുരദൃശ്യത്തില്‍

ശേഷം

വാഴ്വിന്റെ തത്സമയസംപ്രേഷണത്തില്‍

ഇരയെത്തിന്ന്

ഇഴയാന്‍ വയ്യാതായ

പെരുമ്പാമ്പിനെപ്പോലെ

ഇരുട്ട്


*കണ്ടാമൃഗത്തിന്റെ കൊമ്പ് അതിന്റെ ഒരു രോമമാണ്.

അലക്ക്



വീട്ടിലേക്ക്

മാസക്കണക്കനുസരിച്ച്

വന്നുകേറുന്ന ഒരാള്‍

വെളുത്തേടനായിരുന്നു

ചേച്ചിയുടെ പ്രായവും

അമ്മൂമ്മയുടെ രോഗവും

അച്ഛന്റെ വിരുന്നുകളും

എന്റെ മൂത്രച്ചൂരുമെല്ലാം

നിറഞ്ഞുകിടക്കുന്ന

തെങ്ങിന്‍തടമായി മാറിയിട്ടുണ്ടാകും

വീട്

അപ്പോഴേക്കും


പച്ചനിറമുള്ള കുളത്തില്‍ നിന്ന്

വെളുത്തതുണി വലിച്ചെടുക്കുന്ന

വെളുത്തേടന്റെ മാജിക്

ഞാന്‍ കണ്ടിട്ടുണ്ട്

കറുത്തൊരെന്നെ

അയാള്‍

വെളുത്തതാക്കുവാന്‍

കുളത്തില്‍ മുക്കിപ്പിഴിഞ്ഞുണക്കുമെന്ന്

നട്ടുച്ചയുടെ വെയില്‍

പറഞ്ഞിട്ടുണ്ട്


അലക്കുകല്ലില്‍

തകര്‍ന്നു വീഴുന്നൊരൊച്ച

അഴുക്കിനെക്കൂടിയെങ്ങനെ

കൂട്ടുകൊണ്ടുപോകുന്നെന്നു

ചിന്തിച്ചിട്ടുണ്ട് പിന്നെ

നീലത്തില്‍ മുങ്ങി

വരാന്തയിലൊരു കെട്ടഴിയുമ്പോള്‍

അടുക്കിവച്ച ഉയരമാണ്

വൃത്തിയെന്നുറപ്പിച്ചിട്ടുമുണ്ട്


ഒരിക്കല്‍

കുളംകണ്ടു മടങ്ങിയ

തുണികളിലൊന്ന്

പിഞ്ഞിയനൂലിന്റെ വിടവിലൂടെ

കളിയാക്കിച്ചിരിച്ചു

അലക്കു കൂടിയതാണ്

കുഴപ്പമെന്നച്ഛന്‍

തുണിയലക്കുമ്പോള്‍

ശ്രദ്ധ വേണമെന്ന്

തുണിയലക്കാത്തച്ഛന്‍

വെളുത്തേടന്‍ പിന്നെ

ഞങ്ങടെ വീട്ടിലേക്ക് വന്നിട്ടേയില്ല


ഇന്നും

അലക്ക് നടക്കുന്നുണ്ട്

പല കറകളും

ഒച്ചയോടൊപ്പം

പറന്നു പോകുന്നില്ല

ഇഴകള്‍ പിരിഞ്ഞുകീറുന്നുണ്ട്

പലപ്പോഴും

ആരും തുണിയെപ്പറ്റി മിണ്ടുന്നേയില്ല

പഴന്തുണി വലിച്ചുകീറി

തിരിതെറുക്കുന്നൊരു രാത്രി മാത്രം

ഓര്‍മ്മയില്‍

മുഷിഞ്ഞു നാറുന്നു.