2020, ഏപ്രിൽ 25, ശനിയാഴ്‌ച

ബിരുദപഠനക്കുറിപ്പുകള്‍ - ആധുനികലോകകവിത


ആരണ്യഹംസങ്ങള്‍ - ഡബ്യു.ബി.യേറ്റ്സ്
(William Butler Yeats ന്റെ Wild Swans at Coole എന്ന കവിതയുടെ വിവര്‍ത്തനം )


ഇംഗ്ലീഷ് കവിതയിലെ കാല്‍പനികവും ആധുനികവുമായ ശബ്ദത്തിനുടമയാണ് ഡബ്യു.ബി.യേറ്റ്സ്. ഭാവാത്മകമായ ആഖ്യാനരീതി കൊണ്ടും വൈകാരികത കൊണ്ടും കാല്പനിമായ അന്തരീക്ഷം നിലനിര്‍ത്തു മ്പോള്‍ തന്നെ വീക്ഷണങ്ങളിലും ദര്‍ശനങ്ങളിലും ആധുനികമായ ഭാവുകത്വമാണ് അദ്ദേഹം പ്രകടമാക്കിയത്. ഐറിഷ് - ഇംഗ്ലീഷ് സംസ്ക്കാരങ്ങളുടെ സമന്വയം ആ രചനകളില്‍ കാണാനാകും. സൂക്ഷ്മമായ ബിംബകല്പനക ളാല്‍ ആരചിക്കുന്ന അനുഭവലോകമാണ് യേറ്റ്സ് കവിതകളുടെ പ്രത്യേകത.

1865 ല്‍ അയര്‍ലണ്ടിലാണ് യേറ്റ്സ് ജനിച്ചത്. വ്യത്യസ്തവിശ്വാസരീതികളും ആരാധനാസമ്പ്രദായങ്ങളും ഇടകലര്‍ന്ന സാംസ്ക്കാരികാവസ്ഥയില്‍ ഐറിഷ് തനതുപാരമ്പര്യത്തിന്റെ വഴികളാണ് കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹത്തെ സ്വാധീനിച്ചത്.റോമന്‍ കാത്തോലിക്,പ്രോട്ടസ്റ്റന്റ് ആരാധനാസംസ്ക്കാരത്തില്‍ നിന്നും ഭിന്നമായ പാരമ്പര്യത്തില്‍ അദ്ദേഹം ആകൃഷ്ടനായി. മധ്യകാലക്രിസ്ത്യാനിറ്റിയേക്കാള്‍ പേഗനിസത്തില്‍ വേരുകളുള്ളതും നരവംശപരമായതുമായ ആ സംസ്ക്കാരമാതൃകകളെ അദ്ദേഹം നിരന്തരം അന്വേഷിച്ചു. അതിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കവിതകളിലും ഇതരരചനകളിലും കാണാന്‍ സാധിക്കും.

കുട്ടിക്കാലത്ത് തന്റെ മുത്തച്ഛനോടൊപ്പം അമ്മയുടെ നാടായ കൗണ്ടിസ്ലിഗോ (county sligo)യില്‍ കഴിഞ്ഞത് ഈ താല്പര്യത്തെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. കൂടാതെ , അദ്ദേഹത്തിന്റെ കവിതകളില്‍ ഗ്രാമീണവര്‍ണ്ണ ങ്ങള്‍ നിറച്ചതും ഈ ബാല്യകാലാനുഭവങ്ങള്‍ തന്നെയാണെന്ന് പറയാം. ആ ദേശത്തിന്റെ പ്രകൃതിഭംഗി, നാടോടിത്തനിമ, അതിമാനുഷികസ്വഭാവമുള്ള ഐതിഹാസികത എന്നിവയെല്ലാം പില്‍ക്കാല കവിതകളിലും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടു.

1885 ല്‍ ഡബ്ലിന്‍ യൂണിവേഴ്സിറ്റി റിവ്യൂവിലാണ് യേറ്റ്സിന്റെ ആദ്യ രചനയായ രണ്ടു ലഘു ഭാവഗീതങ്ങള്‍ (lyric) പ്രസിദ്ധീകരിക്കുന്നത് (Song of the Fairies ,Voices ന്നീ രചനകള്‍).1886ല്‍ മസോഡ എന്ന കാവ്യനാടകവും അദ്ദേഹം രചിച്ചു. യേറ്റ്സിന്റെ ആദ്യകാല കാവ്യസമാഹാരങ്ങളില്‍ ശ്രദ്ധേയമായത് The Wandering of Oisin and other Poems(1889)ആണ്.തിയോഫിസിക്കല്‍ ചിന്താഗതിയുള്ള വ്യക്തികളുമാ യുള്ള സഹകരണവും ഗോസ്റ്റ് ക്ലബ് പോലെയുള്ള കൂട്ടായ്മകളിലെ അംഗത്വവും അദ്ദേഹത്തെ അതീന്ദ്രിയവാദ ത്തിലേക്ക് അടുപ്പിച്ചു.അതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങളുടെ ഊഷരസ്വഭാവത്തെക്കാള്‍ അദ്ദേഹം കവിതയില്‍ ആവിഷ്ക്കരിച്ചത് ഭാവനയുടെ പ്രവാഹത്തെയാണ്. ആധുനികശാസ്ത്രത്തിന്റെ യുക്തിമാത്രചിന്തയോട് അദ്ദേഹം പരാങ്മുഖനായിരുന്നു.ഈ കാഴ്ചപ്പാടിന്റെ പരിണിതഫലമായ Wandering of Oisinല്‍ ഐറിഷ് മിഥോളജി യും മിസ്റ്റിക് ദര്‍ശനങ്ങളും ഇടകലര്‍ന്ന ശുദ്ധസൗന്ദര്യവാദത്തിന്റെ കാവ്യമാതൃക കാണാനാകും. ഐറിഷ് ജനതയുടെ നാടോടിസംസ്ക്കാരത്തിലും കലകളിലും അതീവതല്പരനായ യേറ്റ്സ് 1888ല്‍ ഐറിഷ് നാടോടി ക്കഥകളുടെയും മാന്ത്രികകഥകളുടെയും ഒരു സമാഹാരം എഡിറ്റ്‌ ചെയ്ത് Fairy and Folk Tales of the Irish Peasantryഎന്ന പേരില്‍ പ്രസിദ്ധീകരിച്ചു.പില്‍ക്കാലത്ത് ശക്തമായിത്തീര്‍ന്ന ഫോക് ലോര്‍ പഠനങ്ങള്‍ക്ക് നാന്ദി കുറിച്ച ചുവടുവെയ്പായി ഈ സമാഹാരത്തെ പരിഗണിക്കാം.

ഐറിഷ് ദേശീയവാദിയായിരുന്നെങ്കിലും യേറ്റ്സിന്റെ മുഖ്യശ്രദ്ധ സാഹിത്യവും കലയുമായിരുന്നു. സാഹിത്യ ത്തിലൂടെ ദേശീയൈക്യത്തിന്റെ സമഗ്രബോധം സൃഷ്ടിക്കാനും അതിലൂടെ ഐറിഷ് ജനതയുടെ പാരമ്പര്യവും സ്വത്വവും പ്രകാശിപ്പിക്കാനും സാധിക്കുമെന്ന് യേറ്റ്സ് വിശ്വസിച്ചു. വിഖ്യാതമായ ഐറിഷ് നാടകവേദിയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍ യേറ്റ്സായിരുന്നു. 1902 ല്‍ യേറ്റ്സ് രചിച്ച Cathleen Ni Houlihan എന്ന നാടക ത്തിന്റെ അവതരണത്തോടെ തുടക്കം കുറിച്ച ഈ നാടകാവതരണവേദി പില്‍ക്കാലത്ത് ആബീ തീയേറ്റര്‍ (abbeytheatre) എന്ന പേരില്‍ പ്രശസ്തമായി. The Land of Heart's Desire, The Hour Glass, The King's Threshold തുടങ്ങിയ യേറ്റ്സിന്റെ രചനകള്‍ ഈ തീയറ്ററില്‍ അരങ്ങേറിയ പ്രധാനനാടകങ്ങളാണ്.

1900നു ശേഷം യേറ്റ്സിന്റെ കവിതകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും അനുവാചകശ്രദ്ധ നേടുകയും ചെയ്തു. സ്വപ്നസമാനമായ അനുഭവങ്ങളെ നാടോടിത്തത്തോടെ ആഖ്യാനം ചെയ്ത The Wind among the Reeds, അതീന്ദ്രിയദര്‍ശനങ്ങളില്‍ രൂപം കൊണ്ടതും ആസ്തിക്യബോധം നിഴലിക്കുന്നതുമായ In the Seven Woods, The Green Helmet എന്നീ കൃതികള്‍ ഇക്കാലത്താണ് പുറത്തു വരുന്നത്. 1913 ല്‍ ടാഗോര്‍ രചിച്ച ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖം എഴുതിയതും യേറ്റ്സാണ്. (1913ലെ നോബല്‍ സമ്മാനം ടാഗോറിന് ലഭിക്കുന്നതില്‍ ഈ ആമുഖത്തിനും പങ്കുണ്ടെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.) 1914 ല്‍ പ്രസിദ്ധീകരിച്ച Responsibilities and Other Poems എന്ന സമാഹാരത്തിലെത്തുമ്പോഴേക്കും വേറിട്ടൊരു കാവ്യാവബോധം യേറ്റ്സ് ആര്‍ജ്ജിക്കുന്നത് കാണാം. സ്വപ്നലോകങ്ങളില്‍ നിന്നും ആധുനികജീവിതത്തിന്റെ പരുക്കന്‍ പ്രതലങ്ങളിലേക്ക് കവിത പരിണമിക്കുന്നത് ഈ അവസരത്തിലാണ്.അതോടൊപ്പം അപൂര്‍വ്വതയും ധ്വനന ശേഷിയും അവകാശപ്പെടാവുന്ന കാവ്യബിംബങ്ങളുടെ സമ്പന്നതയും ഇക്കാലത്തെ കവിതകളുടെ പ്രത്യേകതയാണ്.1917-ല്‍ Wild Swans at Coole പുറത്തുവരുന്നതോടെ ഇംഗീഷ് കവികളില്‍ സമാനതകളി ല്ലാത്ത പ്രതിഭാശാളിയായി യേറ്റ്സ് മാറി.കാവ്യശൈലിയുടെ തികവ് , വികാര- വിചാരങ്ങളുടെ ഹൃദ്യമായ സമന്വയം, യാഥാര്‍ത്ഥ്യങ്ങളുടെയും മിസ്റ്റിക്ദര്‍ശനങ്ങളുടെയും ഇഴയടുപ്പം എന്നിവയെല്ലാം ആ കവിതകളില്‍ ദൃശ്യമായിരുന്നു. 1923ലെ നൊബേല്‍ പുരസ്ക്കാരത്തിന് യേറ്റ്സ് അര്‍ഹനായി.

പില്‍ക്കാലത്ത് The Tower , The Winding Stair തുടങ്ങിയ കാവ്യസമാഹാരങ്ങളിലൂടെ അദ്ദേഹം പ്രശസ്തിയുടെ ഉയരങ്ങളില്‍ എത്തിച്ചേര്‍ന്നു.യൗവനകാലം കഴിഞ്ഞും കവിതയുടെ ലോകങ്ങളില്‍ കരുത്തോടെ സഞ്ചരിച്ച വ്യക്തിയായിരുന്നു യേറ്റ്സ്. അദ്ദേഹത്തിന്റെ മികച്ച രചനകള്‍ പലതും അവസാനകാലത്താണ്‌ രചിക്കപ്പെട്ടത്. മരണത്തോളം കാവ്യകലയെക്കൊണ്ട് തേരോടിപ്പിച്ച ആ പ്രതിഭാശാലി ''ക്ഷീണിക്കാത്ത മനീഷയ്ക്കും മഷിയുണങ്ങാത്ത പേനയ്ക്കും" നിദര്‍ശനമായിരുന്നു. ഏകാകിയായ മനുഷ്യന്റെ സാമൂഹിക പ്രവത്ത നമാണ് കല ( A work of art is a social act of a solitary man) എന്ന് വിശ്വസിച്ചിരുന്ന യേറ്റ്സ് സാഹി ത്യത്തില്‍ രണ്ട് അനിവാര്യ മൂല്യങ്ങളെയാണ് എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചത്. സ്ഥിരോത്സാഹവും ആനന്ദ വും- അവ തന്റെ രചനകളിലൂടെ അദ്ദേഹം വായനക്കാര്‍ക്കും പകര്‍ന്നു നല്‍കി. 1939ല്‍ ഫ്രാന്‍സില്‍ വച്ചാണ് അദ്ദേഹം അന്തരിക്കുന്നത്. താന്‍ മരിക്കുമ്പോള്‍ കുട്ടിക്കാലവസതിയായ കൗണ്ടിസ്ലിഗോയില്‍ത്തന്നെ സംസ്ക്ക രിക്കണം എന്ന് യേറ്റ്സിന് ആഗ്രഹമുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധമായിരുന്നതിനാല്‍ 1948ല്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം സ്വന്തം ദേശത്തേക്ക് കൊണ്ടുവന്ന് സംസ്ക്കരിക്കാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ കുഴിമാടത്തില്‍ ഇങ്ങനെയൊരു ചരമവാക്യം രേഖപ്പെടുത്തിയിരിക്കുന്നു.
(അദ്ദേഹത്തിന്റെ Under Ben Bulben എന്ന കവിതയിലെ അവസാന മൂന്നുവരി.)


Cast a cold Eye
On Life, on Death.
Horseman, pass by!
(ജീവിതത്തിന്മേല്‍,മൃത്യുവിന്മേല്‍
തണുത്തുറഞ്ഞൊരു നോട്ടമെറിഞ്ഞു
കടന്നുപോകുക , അശ്വാരൂഢാ..!)

ആരണ്യഹംസങ്ങള്‍

1917ല്‍ പ്രസിദ്ധീകരിച്ച കവിതയാണ് ആരണ്യഹംസങ്ങള്‍ (The Wild Swans at Coole). യേറ്റ്സിന്റെ കാവ്യസങ്കല്പത്തെയും ജീവിതവീക്ഷണത്തെയും സമുജ്ജ്വലമായി പ്രകാശിപ്പിക്കുന്ന കവിതയാണിത്. പ്രകൃതി ദൃശ്യങ്ങളുടെ ആഖ്യാനത്തിലൂടെ മനുഷ്യജീവിതത്തെ സംബന്ധിച്ച അഗാധമായ ദര്‍ശനം അവതരിപ്പിക്കുന്ന രചന.കാവ്യപദഘടന (poetic diction), ബിംബകല്പനകള്‍,താളാത്മകത എന്നിവയിലെല്ലാം അപൂര്‍വ്വചാരുത പ്രകടമാകുന്ന ഈ കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കവിയായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. മൗലികരചനയുടെ ഭംഗിയും സ്വാരസ്യവും ഒട്ടും ചോര്‍ന്നുപോകാതെയുള്ള ഈ വിവര്‍ത്തനം കവിതാവിവര്‍ത്ത നത്തില്‍ അനുകരണീയമായ ഒരു മാതൃക തന്നെയാണ്.

ഒരു വനദൃശ്യത്തില്‍ നിന്നാണ് കവിത ആരംഭിക്കുന്നത്. ശരത്കാലസൗന്ദര്യം അണിഞ്ഞു നില്‍ക്കുന്ന വനവീഥിയിലൂടെ സഞ്ചരിക്കവേ സായന്തനദീപ്തമായ ആകാശത്തെ കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പി ക്കുന്ന തടാകം കവി കാണുന്നു. ജലനിപാതത്തിനരികിലുള്ള പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അന്‍പത്തൊമ്പത് വനഹംസങ്ങള്‍.അവയെ നോക്കി നില്‍ക്കവേ പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദൃശ്യം താന്‍ കണ്ടത് കവിയോര്‍ക്കുന്നു.എണ്ണിത്തീരും മുമ്പ് അവ വിശാലമായ ചിറകുകള്‍ വീശി പറന്നു മറഞ്ഞതും കവി ഓര്‍മ്മി ക്കുന്നു.
ആ ദൃശ്യാനുഭവത്തിനു ശേഷം കാലവും ജീവിതവുമെത്രമേല്‍ മാറിയെന്നോര്‍ത്ത് കവി വിഷാദവാനാകുന്നു. മാറ്റമില്ലാത്തത് വനഹംസങ്ങള്‍ക്ക് മാത്രം. അവ വിഷാദമേതുമില്ലാതെ കാമുകഹൃദയവുമായി തടാകത്തില്‍ നീന്തുന്നു,പറന്നുയരുന്നു.അവയുടെ ഹൃദയങ്ങളെ ഒരിക്കലും മരവിപ്പ് ബാധിക്കുന്നില്ല. സ്ഥിരോത്സാഹവും തീവ്രാ ഭിലാഷവും അവയെ എന്നും അനുഗമിക്കുന്നു. നിഗൂഢമായ സൗന്ദര്യത്തിന്റെ ഉടമകളാണ് അവ. എവിടെ കൂടു കള്‍ കൂട്ടിയാലും ഏതു തടാകക്കരയില്‍ നിരന്നാലും കാഴ്ചയില്‍ അനുഭൂതി പകരുന്നവര്‍. മറ്റൊരു പ്രഭാതത്തില്‍ താന്‍ ഉണരുമ്പോഴേക്കും അവ പറന്നു പോയേക്കാം. എങ്കിലും മറ്റൊരിടത്ത് ആ വനഹംസങ്ങള്‍ മനുഷ്യ നയനങ്ങള്‍ക്ക് നിര്‍വൃതിയേകാന്‍ വിഹരിക്കുന്നുണ്ടാവും.

കാലത്തിന്റെ അനുസ്യൂതമായ പ്രയാണത്തെയും അതിനു സാക്ഷിയായി നില്‍ക്കുന്ന മനുഷ്യജീവിതത്തെയും ചിത്രീകരിക്കുന്ന കവിതയാണ് ആരണ്യഹംസങ്ങള്‍. ക്ഷണികമായ ആയുസ്സിനും അനുഭവങ്ങള്‍ക്കുമപ്പുറം ശ്വാശ്വതമായി നില്‍ക്കുന്ന ജീവിതസൗന്ദര്യത്തിന്റെ പ്രകൃതിപാഠമാണ് ഈ കവിത.ശരത്കാലത്തെ വന പാത വര്‍ണ്ണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. ഇലകള്‍ പച്ചയുപേക്ഷിച്ച് ചുവന്ന നിറമണിയുന്ന ഇല കൊഴിയും വരണ്ട കാലം. സാന്ധ്യാകാശവും ഇലകളുടെ നിറവും ആകാശത്തെ പ്രതിഫലിപ്പിക്കുന്ന തടാകവു മെല്ലാം കുങ്കുമവര്‍ണ്ണത്തിന്റെ ശോഭയില്‍ മുങ്ങിനില്‍ക്കുന്ന പശ്ചാത്തലവര്‍ണ്ണന മിഴിവുറ്റതാണ്. ഈ സൗന്ദര്യം ഒട്ടും നഷ്ടപ്പെടാതെ ചുള്ളിക്കാട് മലയാളത്തിലേക്ക് പകര്‍ത്തിയെടുത്തിട്ടുണ്ട്.
( Under the October twilight the water
Mirrors a still sky; എന്ന വരി
കണ്ണാടി പോലെ തെളിഞ്ഞ തടാകത്തില്‍
നന്നായി ബിംബിച്ചു ശാന്തസന്ധ്യാംബരം"
എന്ന് കാവ്യഭംഗി നിലനിര്‍ത്തിക്കൊണ്ട് തന്നെ അദ്ദേഹം വിവര്‍ത്തനം ചെയ്യുന്നു.) ആ സായന്തനദീപ്തിയി ലാണ് കവി അമ്പത്തൊമ്പത് വനഹംസങ്ങളെ കാണുന്നത്.

പത്തൊമ്പത് വര്‍ഷങ്ങക്ക് മുമ്പ് വനഹംസങ്ങളെ തടാകക്കരയില്‍ കണ്ടത് കവി ഓര്‍മ്മിക്കുന്നു. ഹംസങ്ങള്‍ കാലത്തിന്റെ പ്രതീകം തന്നെയാവാം.അവയുടെ പ്രയാണം കാലപ്രയാണം തന്നെയാവാം.ആ പ്രയാണത്തില്‍ ജീവിതം എത്രമേല്‍ മാറുന്നു. വനഹംസങ്ങളെപ്പോലെ വലിയ ചിറകു വിരിച്ച് എത്ര വേഗത്തിലാണ് കാലം പറന്നു മറയുന്നത്.എണ്ണിത്തീര്‍ക്കും മുമ്പ് കണ്ണില്‍ നിന്നും മറയുന്നത്.കാലം കടന്നുപോകുമ്പോള്‍ മാറ്റങ്ങള്‍ക്ക് സാക്ഷിയായി മാത്രം നില്‍ക്കേണ്ടി വരുന്ന മനുഷ്യന്‍ വിഷാദിയാവുന്നു.എന്നാല്‍ കാലഹംസങ്ങള്‍ക്ക് വിഷാദ മില്ല.
"കാലം തൊടാത്ത ഹൃദയങ്ങളുമായി
ലീലാരസത്തില്‍ പറക്കുകയാണവ ” എന്ന് വനഹംസങ്ങളെപ്പറ്റി പറയുന്നു. പ്രായമാകാത്ത ഹൃദയങ്ങളുള്ളവര്‍
( Their hearts have not grown old) എന്നാണ് ആംഗലേയത്തില്‍.കാലം ബാധിക്കാത്തതും പ്രായം ചെല്ലാ ത്തതുമായ ഒരേയൊരു പ്രതിഭാസമാണല്ലോ കാലം. അടങ്ങാത്ത വികാരത്തോടെ, സ്ഥിരോത്സാഹത്തോടെ, ഇച്ഛാശക്തിയോടെ അവ വിഹരിയ്ക്കുന്നു.

മറ്റൊരു നാളില്‍ താനുണരുമ്പോള്‍ വനഹംസങ്ങള്‍ പറന്നെവിടേയ്ക്കോ പോയിടാം. തന്റെ അസ്തിത്വത്തിന്റെ നിസ്സാരത കവി തിരിച്ചറിയുന്നു. ആത്മനിരപേക്ഷമായ ശാശ്വതസത്യമായി, സൗന്ദര്യമായി കാലം എന്നും ഇവിടെ തുടരും. മറ്റാര്‍ക്കൊക്കെയോ നിര്‍വൃതികരമായ അനുഭവങ്ങള്‍ കാത്തുവച്ചുകൊണ്ട്, ആത്യന്തികമായ പൊരുളായി കാലമാകുന്ന വനഹംസങ്ങള്‍ എല്ലാക്കാലത്തും ദര്‍ശനം നല്‍കിക്കൊണ്ടേയിരിക്കും.

ഈ കവിതയില്‍ വ്യത്യസ്തമായ രണ്ട് മാനസികാവസ്ഥകള്‍ കാണാന്‍ കഴിയും. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയനാവേണ്ടി വരുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയെ സംബന്ധിച്ചുള്ള ആകുലത ഒന്ന്. പലതും മറഞ്ഞാലും വരുംകാലങ്ങളിലും മനുഷ്യജീവിതം സുന്ദരമായിത്തന്നെ തുടരും എന്ന പ്രതീക്ഷ മറ്റൊന്ന്.
വിപരീതഭാവത്തിലുള്ള ഈ ചിന്തകളുടെ സമന്വയമാണ് ആരണ്യഹംസങ്ങള്‍ എന്ന കവിതയുടെ മാറ്റ് വര്‍ദ്ധി പ്പിക്കുന്നത്.

'ആരണ്യഹംസങ്ങള്‍' യേറ്റ്സിന്റെ ഹൃദയസാക്ഷ്യമാണെന്നു പറയാം. എല്ലാം മാറുന്ന കാലത്ത് ( all is changed)ജീവിക്കേണ്ടി വരുന്നതിന്റെ വേദനയില്‍ നിന്നാണ് കവിതയുടെ ജനനം.ഒന്നാം ലോകമഹായുദ്ധവും ഐറിഷ് ആഭ്യന്തരയുദ്ധവുമെല്ലാം അരങ്ങേറിയ ശപ്തകാലങ്ങളെ ആ പരിണാമദുഃഖം അടയാളപ്പെടുത്തുന്നു. ചരിത്രപരമായ ഇത്തരം ആകുലതകളെ നേരിട്ടവതരിപ്പിക്കാതെ പ്രകൃതിദൃശ്യാവിഷ്ക്കാരങ്ങളിലൂടെയും ബിംബ നിഷ്ഠസൂചനകളിലൂടെയും ലളിതമായി പറഞ്ഞുവയ്ക്കുകയാണ് കവി. വൈയക്തികമായ ദുഃഖസ്മൃതികളുടെ വിപരീ തദൃശ്യാനുഭവമായി ആരണ്യഹംസങ്ങള്‍ കവിതയില്‍ പരിണമിക്കുന്നു. ലോകത്തില്‍ അനശ്വരമായി തുടരുന്ന അനിവാര്യഭംഗിയായാണ് അവ കവിതയില്‍ നിന്നും പറന്നുയരുന്നത്. പ്രായം കീഴടക്കാത്ത മനസ്സും സ്ഥിരോ ത്സാഹവും തീവ്രാഭിനിവേശവും തുളുമ്പുന്ന മനസ്സ് ലോകത്തിന്നൊരിക്കലും കൈമോശം വരില്ലെന്ന ശുഭാപ്തി വിശ്വാസത്തിന്റെ ചിറകടിയൊച്ചകള്‍ ഈ കവിതയില്‍ കേള്‍ക്കാം.