2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ജഡം

അയാള്‍ ശരിക്കും ഉറക്കം നടിക്കുകയായിരുന്നു
മരിച്ചെന്നു കരുതി
ചുറ്റും അലമുറയിടുന്നവരെ
പറ്റിക്കാന്‍ വേണ്ടി
കണ്ണടച്ചു കിടക്കുകയായിരുന്നു

കുറുകലായും കുറ്റപ്പെടുത്തലായും
പരിഭവമായും ആശ്വാസമായും
കൂടെ നിക്കുന്നോളുടെ..അവളുടെ 
നെഞ്ചുലയ്ക്കുന്ന ഏങ്ങലില്‍
പിടിവിട്ട്
ഉണര്‍ന്നാലോയെന്നു ഭയന്ന്
അവളെ തൊടാനാഞ്ഞ കൈകള്‍
ദേഹത്തോട് ചേര്‍ത്തമര്‍ത്തി
കിടക്കുകയായിരുന്നു.
ആദ്യമൊക്കെ
ആള്‍ക്കൂട്ടത്തെ കണ്ട് പേടിച്ച്
പിന്നെ പരിചയം വന്ന്
അവര്‍ക്കിടയില്‍
ജീപ്പോടിക്കുന്ന
നാലുവയസ്സുള്ള മകനോടൊപ്പം
കളിച്ചാലോ എന്ന്
മനസ്സ് കുതിച്ചെങ്കിലും
ശ്വാസമടക്കിപ്പിടിച്ചു തന്നെ
കിടക്കുകയായിരുന്നു.

കിടപ്പിനിടയില്‍
കഴുത്തില്‍ വന്നു മുട്ടി വിളിച്ചൊരു നോവ്
വാതില്‍ തുറക്കാ‍ത്തതിനാല്‍
കണ്ണിലേക്ക് വഴിതെറ്റിക്കയറി
ഒരു തുള്ളിയായ്
കോണിലേക്കിറ്റു.
മറ്റുള്ളവര്‍
കള്ളം കണ്ടാലോയെന്നു ഭയന്ന്
അയാളതിനെ ഒരു സ്വപ്നമാക്കി മാറ്റി.

സ്വപ്നത്തില്‍
അയാളും ഭാര്യയും മകനും
കടല്‍ത്തീരത്ത് കാറ്റുകൊണ്ടുനടന്നു
മാരുതിയില്‍ പാട്ടുവെച്ച് ചുറ്റിയടിച്ചു
പാര്‍ക്കിലെ പുല്‍ത്തകിടിയില്‍
മകന്റെ കളി കണ്ടിരുന്നു

വീടിനു പുറത്തേക്ക്
അയാളെ എടുത്തപ്പോഴേക്കും
അയ പൊട്ടി
മണ്ണുപറ്റിയ
നനഞ്ഞ തുണിയായ്
വീണു പോയല്ലോ അവള്‍
അമ്മയുടെ കരച്ചിലു കണ്ടിട്ട-
മ്പരന്നു കരയുന്നാ കൊച്ചിനേയെടുക്കടീ
എന്നു
കരയാനോങ്ങിയിട്ടും
നനയാത്ത കോടിത്തുണിയെ
പുതപ്പാക്കി
ഉറക്കം നടിക്കുകയാണയാള്‍

സ്വപ്നത്തിലിപ്പോള്‍
അവര്‍ പാര്‍ക്കില്‍ നിന്നു
തിരിച്ച് പോവുകയാണ്
കപ്പലണ്ടിയും പോപ് കോണും കൊറിക്കുകയാണ്
ഐസ്ക്രീം നുണഞ്ഞു നടക്കുകയാണ്
മകന്റെ തിരുമാലിത്തരം കണ്ട്
ചിരിച്ചുചിരിച്ച് കുഴയുകയാണ്

വായ്ക്കരിയുടെ തണുപ്പ് ചുണ്ടിലേക്കും
പാല്‍മണം മൂക്കിലേക്കും
ഒലിക്കുന്നതറിഞ്ഞിട്ടും
അയാള്‍ എഴുന്നേല്‍ക്കുന്നില്ല
മീതെ വിറകുകൊള്ളികളെടുത്തുവെയ്ക്കുമ്പോള്‍
പിടഞ്ഞെഴുന്നേറ്റോടി
നാട്ടുകാരെ പേടിപ്പിക്കാന്‍
അയാള്‍ കിടന്നു കൊടുക്കുകയാണ്.

സ്വപ്നത്തിലിപ്പോള്‍
ഹോട്ടലിലിരുന്ന്
കൊതിയോടെ ഭക്ഷണം കഴിക്കുന്ന മകനെ
അതിലും കൊതിയോടെ
നോക്കിയിരിക്കുകയാണയാള്‍
തക്കം കിട്ടിയപ്പോള്‍
ഒരു മുറി പൊറോട്ടാക്കഷ്ണം
അവളുടെ നാണത്തിലേക്ക്
വാരിക്കൊടുത്തു...

ചടങ്ങുകളെല്ലാം കഴിഞ്ഞു
ചിതയ്ക്കായ് തീ കൊളുത്തിയപ്പോഴും
അതാളിപ്പടര്‍ന്ന്
എല്ലാം മായ്ച്ചപ്പോഴും
അയാളെഴുന്നേല്‍ക്കാതിരുന്നത്
മരിച്ചിട്ടല്ല
സ്വപ്നം പൂര്‍ത്തിയാക്കാനായ്
അയാള്‍ ഉറക്കം നടിക്കുകയായിരുന്നു
സ്വപ്നത്തില്‍
നഷ്ടപ്പെട്ട ജോലി തിരികെക്കിട്ടേണ്ടതുണ്ട്
വീടുപണി പൂര്‍ത്തിയാക്കേണ്ടതുണ്ട്
കടങ്ങളൊക്കെ അടച്ചു തീര്‍ക്കേണ്ടതുണ്ട്
പണയപ്പണ്ടങ്ങളൊക്കെ
ലേലത്തിനു വെയ്ക്കും മുമ്പേ
അവളെ അണിയിക്കേണ്ടതുണ്ട്.

ആക്സിഡന്റ്

ഇവിടെവെച്ചാണാ സംഭവം നടന്നതെന്ന് പറഞ്ഞപ്പോൾ
ബസിന്റെ സൈഡ് സീറ്റിലിരുന്ന്
പുറത്തേക്ക് നീ
ഉദാസീനമായി നോക്കുമ്പോലെയായിരുന്നില്ല
ഇവിടെവെച്ചാ സംഭവം നടന്നപ്പോൾ
ഞാൻ നോക്കിയിരുന്നത്

ആ ചെറുപ്പക്കാരന്റെ തല പാടേ തകർന്നുപോയിരുന്നു
കണ്ണുകൾ പുറത്തേക്ക് തെറിച്ചുവീണിരുന്നു
പിടച്ചില് പോലുമവസാനിച്ച്
ചോരയിൽ കിടക്കുകയായിരുന്നു അയാൾ

സ്വന്തം മരണത്തിൽ ബദ്ധശ്രദ്ധനായ്
ചോരക്കുളത്തിൽ മലർന്നുകിടക്കുകയായിരുന്നു - എന്നെല്ലാം
ഇപ്പോൾ കവിതയാക്കാമെങ്കിലും.

എന്നാലിവിടെവെച്ചാ സംഭവം നടക്കുമ്പോൾ
അവിടെയുണ്ടായിരുന്നവരിലൊരാളായ് വിറച്ചുപോയതല്ലാതെ
ഒന്നുമെഴുതിയില്ലെവിടെയും.
കാണുന്നുവെന്നും തോന്നിയില്ല , കണ്ടു നിന്നതല്ലാതെ.
പാതയ്ക്കിരുവശവും കിലോമീറ്ററുകളോളം
ജിജ്ഞാസയുടെ കണ്ണുകൾ ഗതാഗതക്കുരുക്ക് തീർത്തിരുന്നു
എന്ന പ്രയോഗം അപായമണി മുഴക്കി അവിടേക്ക് വന്നിരുന്നില്ല.

ചെറുപ്പക്കാരനെ ഇടിച്ചിട്ടിട്ട് ഓടിച്ചുപോയ വണ്ടിയുടെ
പിൻചക്രം
അവന്റെ ചോരയിലൂടെ കയറിപ്പോയതിന്റെ പാടുകൾ
റോഡിലല്പദൂരം കിടന്നിരുന്നു
പിന്നെയത് മാഞ്ഞ് , മാഞ്ഞ്
ചോരപ്പാടില്ലാതെ , ഒന്നുമില്ലാതെ പോയി...
ടാറിട്ട റോഡും ടയറിന്റെ റബ്ബറും
ചോരയുടെ നനവിലും പശിമയിലും അൽപനേരം ഒച്ചയുണ്ടാക്കിയത്
എനിക്കിപ്പോൾ കേൾക്കാം
അത് കവിതയാകാം ; പക്ഷേ,അതായിരുന്നില്ലല്ലോ സംഭവം

ഇടിച്ചിട്ടിട്ടു പോയ വണ്ടി
ഇപ്പോളെവിടെയായിരിക്കുമെന്നറിയില്ല
ചിലപ്പോൾ കണ്ണൂരോ കോയമ്പത്തൂരോ എത്തിക്കാണും
അല്ലെങ്കിൽ മറ്റെവിടെയോ
ചിലപ്പോൾ പോർച്ചിൽ
ചിലപ്പോൾ രഹസ്യഗോഡൌണിൽ
ചിലപ്പോൾ പോലീസ് സ്റ്റേഷനിൽ
ചിലപ്പോൾ മറ്റൊരപകടത്തിൽ

എവിടെയായാലും
അതിന്റെ പിൻചക്രങ്ങളിൽ നിന്ന്
ചോരപ്പാട് മാഞ്ഞുപോയതു പോലെ
റോഡിലേക്കുള്ള നോട്ടം പോലെ
ഞെട്ടലുകളെ കവിതയാക്കും പോലെ
ഉദാസീനമായി കിടക്കുന്നുണ്ട് 
ഇപ്പോളാ സംഭവം
ഇവിടെത്തന്നെ.