2011, ഡിസംബർ 23, വെള്ളിയാഴ്‌ച

നവകഥ- എഴുത്ത്, ജീവിതം , പ്രത്യയശ്ശാസ്ത്രം














തലക്കെട്ട് ചേര്‍ക്കുക


കാലത്തെ അതിവര്‍ത്തിക്കുമെന്ന ധാരണയില്‍ നിന്നുണ്ടായ ദാര്‍ശനികബോധമായിരുന്നു ആധുനിക മലയാള ചെറുകഥയുടെ ശക്തിയും ദൌര്‍ബല്യവും.എഴുത്തുകാരന്റെ ധൈഷണികതയെ അവിതര്‍ക്കം അംഗീകരിച്ച് , അയാളുടെ കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ പ്രേരിപ്പിക്കുന്ന ആത്മ (self) ങ്ങളുടെ ആഖ്യാനവഴികളിലാണ് അതു പടര്‍ന്നുകയറിയത്. ഒരര്‍ത്ഥത്തില്‍ അത് സാഹിത്യത്തില്‍എഴുത്തുകാരന്‍ എന്ന സംവര്‍ഗ്ഗത്തിന് ആദര്‍ശാത്മകനില സൃഷ്ടിച്ച് നല്‍കി.എഴുത്തുകാരന്റെ ബോധം ഏറെ ഗാഢവും അഗാധവുമായ അയാളുടെ ചിന്തകളുടെ ഭാഗമായി തിരിച്ചറിയപ്പെട്ടു. ഫലത്തില്‍ ആധുനിക സാഹിത്യകാരന്മാര്‍ അംഗീകൃതമായ പ്രകാശ വലയ(aura)ത്തിനുള്ളില്‍ നിന്നു കൊണ്ട് രചന നിര്‍വഹിച്ചവരായിത്തീര്‍ന്നു. ഇതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ് എഴുത്ത്, കര്‍ത്താവ് തുടങ്ങിയവയിലെ അലൌകികസാന്നിദ്ധ്യത്തെ ഒഴിവാക്കി മനസ്സിലാക്കുന്ന വര്‍ത്തമാനകാല വായനാമണ്ഡലം.എഴുത്തുകാരന് വരേണ്യതകള്‍ കല്പിച്ച് നല്‍കേണ്ട കാര്യമില്ലെന്നും എല്ലാവരും പൊതുവേ അനുഭവിക്കുന്ന ആഗോള സാംസ്ക്കാരിക സാഹചര്യത്തിന്റെ ഘടിതം മാത്രമാണ് അയാളെന്നും തിരിച്ചറിയുന്ന കാലഘട്ടമാണിത്.അങ്ങനെ ജീവിതത്തെ നിര്‍വചിക്കുവാനുള്ള കഥാകൃത്തിന്റെ അവകാശം നഷ്ടമാവുകയും അയാള്‍ കാഴ്ചക്കാരിലൊരാളായി നിന്നുകൊണ്ട് വാക്കുകളെ കഥകളായി കോഡ് ചെയ്ത് ട്രാന്‍സ്മിറ്റ് ചെയ്യുന്ന സര്‍ഗ്ഗാത്മകതയുടെ ടെര്‍മിനലായി മാറുകയും ചെയ്യുന്നു.ആധുനികാനന്തര മലയാള ചെറുകഥയിലെ പുതു തലമുറ അഭിമുഖീകരിക്കുന്നതും ആവിഷ്ക്കരിക്കുന്നതും ആധുനിക കാലത്തില്‍ നിന്നുമുള്ള ഈ കലാപരിണാമത്തെയാണ്‍. ആദര്‍ശമുകതവും മുന്‍ധാരണകളാല്‍ വികലമാക്കപ്പെടാത്തതുമായ ജീവിതമാണ് നവ കഥാകൃത്തുക്കളുടെ എഴുത്തില്‍ നിറയുന്നത്. അസ്തിത്വപ്രശ്നങ്ങളെക്കാള്‍ സാംസ്ക്കാരികമായ അന്വേഷണമാണ് ഒരോ പുതുകഥയും. ആഖ്യാനത്തെക്കാള്‍ ആഖ്യാതാവിന് പ്രാമുഖ്യം നല്‍കുന്ന വചനകേന്ദ്രവാദ(logocentrism)നിലപാടുകളെ കൈയ്യൊഴിയുകയും പാഠത്തിന്റെ വിവിധ സാധ്യതകളിലേക്ക് വികസിക്കുകയും ചെയ്യുന്ന സ്വതന്ത്രഘടന വര്‍ത്തമാനകാലകഥയെ കൂടുതല്‍ ചലനാത്മകമാക്കുന്നു. ഏകതലത്തിലേക്ക് പൊട്ടിയമരുന്ന (implosion) ആധുനികതയുടെ കഥനഭാവുകത്വത്തില്‍ നിന്നും അനേകതലത്തിലേക്ക് പൊട്ടിച്ചിതറുന്ന (explosion) സാംസ്ക്കാരികരൂപമായി കഥ മാറി.എഴുത്തുകാരന്റെ വീക്ഷണമദ്ധ്യത്തിലേക്ക് വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ആധുനികതയുടെ അഭികേന്ദ്രിത ബല(centrifugal force)ത്തെ ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ട് മലയാളിയുടെ സമകാലിക സാംസ്ക്കാരികസാഹചര്യങ്ങളിലേക്ക് തെറിച്ചുപോകുന്ന രചനയുടെ അപകേന്ദ്രിതബലം (centripatal force) പുതിയ കഥയുടെ കരുത്താണ്.

90-കള്‍ക്ക് ശേഷം കേരളത്തില്‍ പ്രകടമാകാന്‍ തുടങ്ങിയ സാംസ്ക്കാരിക വ്യതിയാനത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് ആധുനികാനന്തര മലയാള ചെറുകഥകള്‍ . പില്‍ക്കാല മുതലാളിത്തമെന്ന് ഫ്രെഡറിക് ജെയിംസ്ണ്‍ വിശേഷിപ്പിക്കുന്ന ആഗോളസാഹചര്യം കേരളത്തെയും ഗ്രസിച്ചു തുടങ്ങിയ നാളുകളായിരുന്നു 90-കള്‍ . സേവനമേഖലയെ സ്വകാര്യമൂലധനത്തിന്റെ ഇച്ഛകളില്‍ മാറ്റിയെഴുതിയ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അക്കാലത്ത് കണ്ടത്. കലാരൂപങ്ങളും ഈ സ്വാധീന ശക്തിയില്‍ നിന്നും മുക്തമാവാനാവതെ വിഷമിക്കുന്ന പ്രതിസന്ധിയില്‍ എഴുത്ത് ദാര്‍ശനികമായ ഒരഭ്യാസമല്ലെന്നും അതിജീവനത്തിന്റെ രാഷ്ടീയബോധമാണെന്നും പുതിയ എഴുത്തുകാര്‍ മനസ്സിലാക്കി. കലയെയും സംസ്ക്കാരത്തെയും സാമൂഹികശക്തികള്‍ കീഴടക്കുമ്പോഴുണ്ടാകുന്നത് കച്ചവടത്തിലേക്ക് നയിക്കുന്ന വസ്തുവല്‍ക്കരണ(reification)മാണെന്ന് ഫ്രാങ്ക്ഫര്‍ട്ട് സ്ക്കൂള്‍ ചിന്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനെ കലയുടെ ജനകീയവല്‍ക്കരണമായാണ് വാള്‍ട്ടര്‍ ബെഞ്യമിന്‍ കാണുന്നത്.കലയെ മൌലികവും അസാധാരണവുമൊക്കെയായി ജനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയ കാലം ഇതോടെ അസ്തമിച്ചുവെന്നും കല ജനകീയമായി മാറിത്തുടങ്ങിയെന്നും അദ്ദേഹം എഴുതുന്നതു ശ്രദ്ധിച്ചാല്‍ , അത് പുതുകഥകളുടെ ആഖ്യാനസ്വഭാവത്തിലും ബാധകമാനെന്നു കാണാം.പുതുകഥ ഘടനാപരമായി സാധാരണത്വത്തെ സ്വീകരിക്കുന്നവയാണ്. അലൌകിക, ദാര്‍ശനിക പ്രഭാവങ്ങളും ആവിഷ്ക്കാരനാട്യങ്ങളും ഉപേഷിച്ച് അത് കുറേക്കൂടി ആര്‍ജ്ജവത്തോടെ വായനക്കാരിലേക്ക് എത്തുന്നുണ്ട്. റിയലിസത്തോളം ലളിതമെന്ന് തോന്നുന്ന ഭാഷാസ്വരൂപം പുതുകഥകളുടെ പൊതുസ്വഭാവമായി കാണുന്നതും അതുകൊണ്ടാണ്.

ഒരര്‍ത്ഥത്തില്‍ കലയുടെ ജനപ്രിയത (popularity) തിരിച്ചുപിടിച്ച പുതിയ സാംസ്ക്കാരിക സാഹചര്യം മറ്റൊരു വശത്ത് നവീനകഥയുടെ വിമര്‍ശനവിഷയമായിത്തീരുകയും ചെയ്തു. ജനത്തെ ഉപഭോഗത്തിന്റെ ഭാഗമായി നിയന്ത്രിക്കുന്ന സാമൂഹികശക്തികള്‍ സംസ്ക്കാരത്തെ വ്യവസായമായും കലയെ വിപണനമായും കാണുന്നവരാണ്.അവര്‍ പടച്ചുവിടുന്ന മിഥ്യായാഥാര്‍ത്ഥ്യ(hypperreality)ങ്ങള്‍ക്കു മേല്‍ ജീവിതം മറ്റാരുടെ കൈകളിലിരിക്കുന്ന റിമോട്ട് കണ്‍ട്രോളിന്റെ ബലതന്ത്രങ്ങള്‍ക്ക് വശംവദമാകുന്ന മറ്റൊരു മിഥ്യായാഥാര്‍ത്ഥ്യമാകുന്നു.ഇത് ജനവഞ്ചന(massa deception)യായി തിരിച്ചറിയുന്ന അഡോര്‍ണൊയും ഹൊര്‍ഖൈമറുമെക്കെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ടാണ് ‘സംസ്ക്കാരവ്യവസായ’ത്തെ അപലപിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ സംസ്ക്കാരത്തെയും ബോധത്തെയും വസ്തുവല്‍ക്കരിക്കുന്ന സംസ്ക്കാരവ്യവസായത്തില്‍ യഥാര്‍ത്ഥകലയുടെ ധര്‍മ്മം വിമര്‍ശനാത്മകമായ അകലം പാലിക്കുക എന്നതാണ്. മലയാളത്തിലെ പുതിയ കഥകളിലും ഈ വിമര്‍ശനാത്മകമായ അകലം അളന്നെടുക്കാം. ആധുനികോത്തരതയുടെ സാംസ്ക്കാരികവിമര്‍ശനമാണ് സമകാലിക കഥ. നിരന്തരം വാണിജ്യവല്‍ക്കരിക്കപ്പെടുകയും വിനിമയവിഷയമാവുകയും ചെയ്യുന്ന ജീവിതം അതില്‍ നിന്നും ചിരപരിചയത്തോടെ വായനക്കാരനെ ഉറ്റുനോക്കുന്നു. സ്ഥൂലരാഷ്ട്ര്രീയ സമവാക്യങ്ങളില്‍ ജീവിതത്തെ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ച ഭൂതകാലത്തിന്റെ പരാജയഭൂമിയിലേക്ക് ഒരു ചിരി എറിഞ്ഞിടുകയും സൂക്ഷ്മരാഷ്ട്രീയത്താല്‍ അനുഭവങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന ബോധം പുതുകഥകളിലെ വിമര്‍ശനനിലപാടുകളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നു.അകറ്റി നിറുത്തിയ പലതും അരികിലേക്കും ആഘോഷിച്ചവ അകലത്തേക്കും സഞ്ചരിച്ച രചനാഭൂപടമാണ് ആധുനികാനന്തര മലയാള ചെറുകഥ നിവര്‍ത്തി വയ്ക്കുന്നത്.
അനുഭവവൈവിധ്യങ്ങള്‍ വിസ്മയിപ്പിക്കും വിധം രചനകളില്‍ പ്രകാശിതമാകുന്നത് പുതിയ കഥകളില്‍ കാണാം. പൊതുവായ ജീവിതവീക്ഷണമോ സൌന്ദര്യശാസ്ത്രമോ അവകാശപ്പെടാത്ത കഥകളില്‍ ജീവിതത്തിന്റെയും ആഖ്യാനത്തിന്റെയും ബഹുസ്വരത ഏറെ സങ്കീര്‍ണ്ണമായി പ്രത്യക്ഷപ്പെടുന്നു.അരികുകളിലേക്ക് അകറ്റി വിട്ടവരുടെ ശബ്ദങ്ങള്‍ കൂടുതല്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നു എന്നതാണ് ആധുനികോത്തര കഥയുടെ വൈവിദ്ധ്യത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ലിംഗന്യൂനപക്ഷങ്ങളുടെയും ജാതീയമായ അബോധങ്ങളില്‍ അപമാനവീകരിക്കപ്പെടുന്ന ദളിതുകളുടെയും യാഥാസ്ഥിതികബോധവും ആധുനികതയും ഒരേപോലെ പുറന്തള്ളിയ സ്ത്രീകളുടെയും അനുഭവങ്ങള്‍ ഇന്ന് കഥകളുടെ രൂപത്തില്‍ വായനയെ വേദനിപ്പിക്കുന്നുണ്ട്. ഇന്ദുമേനോന്റെ ‘ഒരു ലസ്ബിയന്‍ പശു’ ,പ്രമോദ് രാമന്റെ ‘റെഡ്ക്രോസ്”തുടങ്ങിയ കഥകള്‍ സ്വവര്‍ഗ്ഗലൈഗികതയുടെ സാമൂഹിക സ്വീകാര്യതയെപ്പറ്റിയും ലിംഗപരിവര്‍ത്തിത(transgenders)രുടെ നിലനിലപിനെപ്പറ്റിയുമുള്ള ഉത്കണ്ഠകള്‍ പങ്കുവെയ്ക്കുന്നവയാണ്. സിതാരയുടെയും കെ.രേഖയുടെയും കഥകളിലെ സ്ത്രീസ്വത്വം പുരുഷനോട്ടത്താല്‍ ചിട്ടപ്പെടുത്തിയ കുലീനകളല്ല. ‘അഗ്നി’ എന്ന കഥയില്‍ സ്ത്രീയുടെ ലൈംഗികതയെന്നത് പുരുഷന്റെ പീഡനോപാധിയല്ലെന്നും അത് അവനെ ചുട്ട്പൊള്ളിക്കുന്ന താപോര്‍ജ്ജമാനെന്നുമുള്ള പൊളിച്ചെഴുത്ത് കാണാം.കെ.രേഖയുടെ ‘ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)‘ എന്ന കഥയില്‍ കക്ഷിരാഷ്ടീയത്തിന്റെ വികലമായ ചിന്തകള്‍ക്കുമുപരിയാണ് ഒരു സ്ത്രീയുടെ ശരീരസ്വാതന്ത്ര്യമെന്ന് തിരിച്ചറിയപ്പെടുന്നു.ആധുനികോത്തര സാംസ്ക്കാരിക സാഹചര്യത്തിന്റെ ഈ തിരിച്ചറിവുകളെ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഫെമിനിസ്റ്റുകള്‍ മാത്രമല്ല ഇന്ന് സ്ത്രീസ്വത്വത്തെ അറിയുന്നതും അനുഭവിക്കുന്നതും. പെണ്ണെഴുത്ത് എന്ന സ്മംവര്‍ഗ്ഗം തന്നെ അനാവശ്യമാണെന്നു കരുതുന്ന ഇന്ദുമേനോനെപ്പോലുള്ള എഴുത്തുകാരും കഥകളിലൂടെ പെണ്ണിന്റെ ഉടലുമുയിരും വാക്കിലേക്ക് പകരുകയാണ് ചെയ്യുന്നത്.സുഭാഷ് ചന്ദ്രന്‍ ‘തല്പം’എന്ന സ്മമാഹാരത്തിന്റെ ആമുഖമായി ഇങ്ങനെയൊരു സമര്‍പ്പണക്കുറിപ്പ് എഴുതിയിരിക്കുന്നു.:“ഞാനടക്കമുള്ള നമ്മുടെ ആണ്‍മനസ്സുകള്‍ എക്കാലവും ഗോപ്യമാക്കി വച്ചിട്ടുള്ള ചില യാഥാര്‍ത്ഥ്യങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കേരളത്തില്‍ ഇന്നു ജീവിച്ചിരിപ്പുള്ള , ഏതു പ്രായത്തിലുമുള്ള എല്ലാത്തരം സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്നു.”അദ്ദേഹത്തിന്റെ ‘സതി സാമ്രാജ്യം’, ‘തല്പം’, ‘ബ്ലഡിമേരി’ തുടങ്ങിയ രചനകള്‍ സ്തീശരീരത്തെ ചുറ്റിമുറുക്കുന്ന പുരുഷകാമനകളോടുള്ള കലഹമാണ്. പുരുഷന്റെ ലഹരിയും സ്ത്രീയുടെ വിധേയത്വബോധവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ക്രൂരമായ ജീവിതത്തെ കലയ്ക്ക് മാത്രം കഴിയുന്ന വൈകാരികതയിലൂടെ ആവിഷ്ക്കരിച്ച് വായനക്കാര്‍ക്ക് കനത്ത ഒരാഘാതം സമ്മാനിച്ച് മടങ്ങുക എന്നതാണ് സുഭാഷ്ചന്ദ്രന്റെ ഈ കഥകളുടെയെല്ലാം പൊതുവായ രീതി. സ്ത്രൈണാനുഭവത്തെ വൈകാരികമെന്നാക്ഷേപിച്ച് നാടുകടത്തുകയും പുരുഷസ്വത്വത്തെ വൈചാരികമെന്നാഘോഷിച്ച് പ്രതിഷ്ഠിക്കുകയും ചെയ്ത ആധുനികതയുടെ കപടാവബോധത്തെ തകര്‍ക്കുന്ന ചരിത്രപരമായ നീതിയാണ് ആധുനികോത്തരകഥ പുലര്‍ത്തുന്നത്.

ജാതീയമായ അന്തരങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച നവോത്ഥാനത്തിന്റെയും സാര്‍വലൌകികമനുഷ്യന്‍ എന്ന സങ്കല്‍പ്പത്തില്‍ വിവേചനപരമായ അനുഭവങ്ങളെ കണ്ടില്ലെന്ന് നടിച്ച ആധുനികതയുടെയും ഭൂതകാ‍ലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ജീവിതത്തെ ചരിത്രവല്‍ക്കരിക്കാനും കൂടുതല്‍ അടുത്തറിയാനും പുതിയ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെയും ആഗോ‍ളഗ്രാമത്തിന്റെയും സാമൂഹികബോധ്യങ്ങള്‍ മനുഷ്യനില്‍ നിന്ന് ജാതീയത അഴിച്ചുകളയുമെന്ന വിശ്വാസം അസ്ഥാനത്തായി. കുറേക്കൂടി പരിഷ്കൃതവും സങ്കേതബദ്ധവുമായ (sophisticated) വിവേചനങ്ങളുടെ സാദ്ധ്യതകള്‍ മാത്രമായി അവശിഷ്ടം. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘പന്തിഭോജനം’ പ്രശ്നവല്‍ക്കരിക്കുന്ന സാംസ്ക്കാരിക പ്രതിസന്ധി ഇതാണ്. രുഗ്മിണി എന്ന ദളിത് സ്ത്രീയെ ജാതിബോധത്താല്‍ നിര്‍ണ്ണീതമായ ഉപജാപങ്ങളാല്‍ അപമാനവീകരിക്കുന്ന കൂട്ടായ്മ സഹപ്രവര്‍ത്തകരുടെ ഇടയില്‍ തന്നെ രൂപം കൊള്ളുന്നതെങ്ങനെയെന്ന് ഈ കഥ വരച്ചുകാട്ടുന്നു.ആഹാരത്തെ അനിവാര്യമായ ജൈവികഘടകമായി കാണാതെ ജാതിസ്വഭാവങ്ങളുടെ ദൃഷ്ടാന്തങ്ങളായി തരംതിരിക്കുന്ന പരിഷ്കൃത ജാതിവിവേചനം വൈപരീത്യത്തിന്റെ പാരമ്യത്തിലെത്തുന്നത് ,സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനത്തിന്റെ ചരിത്രം കൂടി എഴുത്തുകാരന്‍ സൂചിപ്പിക്കുമ്പോഴാണ്. ഇവിടെ ചരിത്രവല്‍ക്കരണം ആനന്ദിന്റെ രചനകളിലെപ്പോലെ ചരിത്രാഖ്യാനസ്ഥൂലതയായല്ല പ്രകടമാകുന്നത്. വര്‍ത്തമാനകാലത്തിലേക്ക് നീണ്ട് കിടക്കുന്ന സൂചനകളുടെ വേരായാണ് പുതുകഥകളില്‍ ചരിത്രം ആവേശിക്കുന്നത്.ആര്‍ . ഉണ്ണിയുടെ ‘കാളിനാടകം’ എന്ന കഥയിലും ചരിത്രം അതിന്റെ ആധാരബദ്ധത കൈയൊഴിഞ്ഞ് ആവിഷ്ക്കാരത്തിലെ ലിംഗപദവിയെന്ന സമസ്യയുടെ പൂരണമായി വര്‍ത്തിക്കുന്നു. ശ്രീനാരായണഗുരുവും കാളിയും ചരിത്രത്തിന്റെ വെളുമ്പിലൂടെ ദാമ്പത്യത്തിന്റെയും കുടുംബഘടനയുടെയും ആവിഷ്ക്കാരസ്വാതന്ത്രത്തിന്റെയും ദമിതരാഷ്ട്രീയത്തിന്റെയും വര്‍ത്തമാനത്തിലേക്ക് നടന്നുകയറുന്നത് ‘കാളിനാടക’ത്തില്‍ കാണാം.ജീവിതത്തെ നിയന്ത്രിക്കുന്ന മിഥ്യായാഥാര്‍ത്ഥ്യങ്ങളിലേക്ക് വീശുന്ന വെളിച്ചപ്പൊട്ടായും ചരിത്രസൂചനകള്‍ പുതുകഥകളില്‍ കടന്നുവരുന്നു.പി.വി.ഷാജി.കുമാറിന്റെ ‘സ്വപ്നവേട്ട’ എന്ന കഥയില്‍ കെ.വേണുവും നക്സലിസവുമൊക്കെ ചേരുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്ന് പൊടുന്നനെ അനാഥമായിത്തീരുന്ന അരാഷ്ട്രീയ സമൂഹത്തിലേക്ക് ഇറങ്ങി വരേണ്ടി വന്ന ചെറുപ്പക്കാരന്റെ ആകുലതകള്‍ സ്വപ്നത്തിന്റെ ഭാഷ കടം കൊള്ളുന്നതു കാണാം. ചരിത്രത്തെയും സ്വപ്നത്തെയും ഇരുവശത്തായി വിന്യസിക്കുന്ന ഈ ആഖ്യാനം വിസ്തരിക്കുന്നത് ആധുനികാനന്തര സാഹചര്യങ്ങളെയാണ്. പുതിയ ലോകക്രമത്തിന്റെ ആവേഗം നിറഞ്ഞ ജീവിതത്തില്‍ നിന്നും വിമര്‍ശനാത്മകമായ ഒരകലം പാലിക്കുക എന്നത് കഥകള്‍ ചെയ്യുന്നുണ്ട്. എങ്കിലും അതിനെപ്പറ്റി ഒരു അന്തിമവിധി പുറപ്പെടുവിക്കാന്‍ പുതിയ കഥ തയ്യാറാവുന്നില്ല. ചരിത്രവും സ്വപ്നവും കൊണ്ട് വര്‍ത്തമാനത്തിന്റെ വിലക്ഷണതകളെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴും ,അതിനുള്ളില്‍ തന്നെ കഴിയേണ്ടി വരുന്ന ഒരു മനുഷ്യന്റെ വൈപരീത്യമാണ് പുതുകഥാകൃത്തിനെ വലയം ചെയ്തു നില്‍ക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കൊമാല’യ്ക്ക് മാധ്യമസംസ്ക്കാരത്തിന്റെ മനുഷ്യത്വശൂന്യതയെപ്പറ്റി സംസാരിക്കുമ്പോഴും അതിന്റെ അനുഭവഘടനകളെ ആഖ്യാനത്തില്‍ ഉള്‍ച്ചേര്‍ക്കേണ്ടി വരുന്നത്(ടെലിവിഷന്‍ ചര്‍ച്ചയുടെ രീതിയിലാണ് കഥയുടെ ആദ്യഭാഗം എഴുതിയിരിക്കുന്നത്) അതുകൊണ്ടാണ്.യാന്ത്രികമനുഷ്യത്വത്തെ അപലപിക്കാന്‍ യാന്ത്രികഭാഷ തന്നെ ഉപയുക്തമാക്കുന്ന വിമര്‍ശനരീതിയാണ് ഇത്തരം കഥകളില്‍ കാണാനാവുന്നത്.

പുതുമയുള്ള ആഖ്യാനത്തിനുള്ള രചനാ‍ശ്രമങ്ങളാണ് ‘കൊമാല’, ‘സതി സാമ്രാജ്യം’,ബി.മുരളിയുടെ ‘പ്രിന്‍സ് ഒഫ് ഡെന്മാര്‍ക്കിന്റെ പ്രേതം’ തുടങ്ങിയ കഥകളെ രൂപപരമായി വ്യത്യസ്തമാക്കുന്നത്.ഒരു ചാനല്‍ ചര്‍ച്ചയുടെ മാതൃക ‘കൊമാല’യില്‍ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. മനുഷ്യത്വഹീനമായ നിയമസംഹിതകളുടെ സംവാദത്തിലൂടെ ഒരു വ്യക്തിക്ക് അന്യമാകുന്ന സാമൂഹികനീതി യെപ്പറ്റി സൂചനാരൂപത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ ഘടനയുടെ സാധ്യത. സര്‍വ്വജ്ഞനായ ആഖ്യാതാവിന്റെ കൈകളില്‍ നിന്നും മോചിപ്പിക്കപ്പെട്ട കഥാപാത്രങ്ങള്‍ പുതുകഥയില്‍ പ്രത്യക്ഷപ്പെടുന്നത് ഇത്തരത്തിലുള്ള അര്‍ത്ഥാന്തരന്യാസങ്ങളിലുള്ള ഇതിവൃത്തവിന്യാസമാണെന്നു കാണാം. നാടകത്തിലെ സംഭാഷണങ്ങളുടെയും പശ്ചാത്തലസജ്ജീകരണത്തിന്റെയും രൂപം സ്വീകരിച്ചിരിക്കുന്ന ‘പ്രിന്‍സ് ഒഫ് ഡെന്മാര്‍ക്കിന്റെ പ്രേതം’എന്ന കഥയും എഴുത്തുകാരന്റെ സാന്നിദ്ധ്യത്തെ രചനകളില്‍ നിന്ന് പരമാവധി മറച്ചു പിടിക്കാനുള്ള ശ്രമമാണ്.ആലങ്കാരികതയും താത്വികവിചാരങ്ങളും പുതുകഥയുടെ ഭാഷയില്‍ നിന്നും ഉപേക്ഷിക്കപ്പെടുന്നു. ആര്‍ഭാടരഹിതമായ എഴുത്ത് അതിവൈകാരികതയെയും അതിഭാവുകത്വത്തെയും റദ്ദാക്കുന്നു..സന്തോഷ് കുമാറിന്റെ ‘ചാവുകളി’ എന്ന കഥ ആരംഭിക്കുന്നതിങ്ങനെയാണ്:“കൊന്തഷാജിയെ ഫിനിഷ് ചെയ്യാന്‍ ആദ്യം തീരുമാനിച്ച ദിവസം ഞങ്ങള്‍ക്ക് മാറ്റേണ്ടിവന്നു”.ക്വട്ടേഷന്‍ സംഘങ്ങള്‍ കൊലപാതകത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഫിനിഷെന്ന പ്രയോഗം അതിസാധാരണമാം വിധം ഭാഷയില്‍ ഇടം പിടിക്കുന്നത് ഈ കഥയില്‍ കാണാം.‘ചാവുകളി’ കഥനഭാഷയുടെ സങ്കല്പങ്ങളെത്തന്നെ ചോദ്യം ചെയ്യുന്ന രചനയാണ്. ഉപദേശിയുടെ ഭാഷണരീതി കടമെടുത്ത് നാവിനു വഴങ്ങാത്ത ഭാഷ സംസാരിക്കുകയും സ്വന്തം ജീവിതത്തോട് നീതി പുലര്‍ത്താതെ കപടസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരുവനെ കൊലപ്പെടുത്തുന്ന ഗുണ്ടയുണ്ട്, ഈ കഥയില്‍ . നിവര്‍ത്തിപ്പിടിച്ച കത്തിയോടെ അയാള്‍ തന്റെ സുഹൃത്തിനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നു:“ഏതേലും കൊടിച്ചിയുടെ പീറവാക്കു പറഞ്ഞ് ഞെളിയണ്ടെടാ.ഉണ്ടെങ്കില് നിന്റെ ഭാഷ പറ. സ്വന്തം നാവുകൊണ്ട് ആവാത്തവന്‍ ഇനി മേലില്‍ മിണ്ടരുത്.”ഈ ഭീഷണി ദാര്‍ശനികനാട്യവും ബൌദ്ധിക ജാഡയും പുലര്‍ത്തുന്ന രചനകളോടും കൂടിയാണ്. അനുഭവങ്ങളോട് കഴിവതും സത്യസന്ധമാകുന്ന ആഖ്യാനരീതിയ്ക്ക് മാത്രമേ ഇന്ന് സാധുതയുള്ളൂ. സാമാന്യവ്യവഹാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഭാഷയാണ് ഇന്നത്തെ കഥകളില്‍ കൂടുതലും പ്രത്യക്ഷമാകുന്നത്. വായനക്കാരുടെ ലോകത്തിനന്യമായ ഭാഷാവൈശിഷ്ട്യ ബോധത്തിനു നേരേ കത്തി ചൂണ്ടുന്നവയാണ് സമകാലിക കഥ എന്നു പറയാം.

സുഭാഷ്ചന്ദ്രന്റെയും പി.വി.ഷാജികുമാറിന്റെയും കഥകളിലെ ആഖ്യാനത്തിന് മേല്‍പ്പറഞ്ഞ നിരീക്ഷണം അത്ര യോജിക്കുമെന്ന് തോന്നുന്നില്ല.അലസവും അബോധപരവുമായ ഒരു വിവരണമെന്ന മട്ടില്‍ പോകുന്ന നവകഥാ‍ഖ്യാനത്തിന്റെ പൊതുരീതി ഇവര്‍ നടപ്പിലാക്കുന്നില്ല. കഥാരചനയുടെ ക്ലാസ്സിക് സങ്കല്‍പ്പങ്ങള്‍ ഇവരുടെ ഭാഷയെ കൂടുതല്‍ ചെത്തിക്കൂര്‍പ്പിക്കുന്നു. ‘ബ്ലഡിമേരി’ എന്ന കഥയിലെ മേരി തന്റെ ഗര്‍ഭം പുറത്തറിയിക്കാതിരിക്കാന്‍ വേണ്ടി വയറ് മുറുകെ വരിഞ്ഞുകെട്ടുന്നത് പോലുള്ള ഭാഷകല്പനയാണ് സുഭാഷ്ചന്ദ്രന്റെ എഴുത്തിനെ വ്യതിരിക്തമാക്കുന്നത്.ശ്രദ്ധാപൂര്‍വ്വം തുന്നിയെടുത്തൊരു രൂപമായി കഥയുടെ ക്രാഫ്റ്റ് മാറുന്നു. “കരയ്ക്കു പിടിച്ചിട്ട ഭയങ്കരനായ ഒരു കടല്‍ജീവിയെപ്പോലെ പിടച്ചുകൊണ്ടിരുന്ന തെരുവിലേക്ക് നരേന്ദ്രന്‍ ഇറങ്ങി.അരക്ഷിതമായ ആള്‍ക്കൂട്ടത്തിന്റെ തള്ളയില്ലായ്മകളിലേക്ക്. ഭയം അതിന്റെ തീക്കനല്‍ പോലുള്ള നാവുകൊണ്ട് നരേന്ദ്രന്റെ നട്ടെല്ലില്‍ നക്കി.” (പറുദീസാനഷ്ടം- സുഭാഷ്ചന്ദ്രന്‍ ).കടല്‍ ജീവിയെപ്പോലെ പിടയ്ക്കുന്ന തെരുവും ഭയത്തിന്റെ തീക്കനല്‍ നാവും കഥയെ കാവ്യാത്മക ഭാഷയിലേക്ക് പരാവര്‍ത്തനം നടത്തുന്ന ക്ലാസ്സിക് ശില്പബോധത്തിന്റെ രൂപകകല്പനകളാണ്. പി.വി.ഷാജികുമാറിലുമുണ്ട് രൂപകഭാഷയുടെ സൂക്ഷ്മതകള്‍ . ഇരുട്ടിന്റെ തുപ്പല്‍ തൊട്ട് പറന്നു വന്ന കരിങ്കല്‍ചീള്’,’തൊട്ടാല്‍ ചുരുളുന്ന ചേരട്ട പോലെ മഴ നിശ്ചലമായി’ (സ്വപ്നവേട്ട) തുടങ്ങിയപ്രയോഗങ്ങളില്‍ ഭാഷാപരമായ ജാഗ്രത തെറിച്ചുനില്‍ക്കുന്നതായി കാണാം. ഊരിപ്പിടിച്ച കത്തിയുടെ ഭീഷണിയ്ക്കും കവിതയുടെ പ്രലോഭനത്തിനും മദ്ധ്യത്തില്‍ നില്‍ക്കുന്ന നവീനകഥ നിര്‍വചിക്കുവാനോ നിര്‍ണ്ണയിക്കുവാനോ കഴിയാത്ത അസ്ഥിരമായ ജീവിതത്തിന്റെ എഴുത്താണ്.

പ്രബലമായ രാഷ്ട്രീയവിശ്വാസങ്ങളുടെ പ്രചാ‍രണോപാധിയല്ല പുതുകഥ. എന്നാല്‍ അരാഷ്ട്രീയസ്വഭാവം അവ പുലര്‍ത്തുന്നുമില്ല. കക്ഷി രാഷ്ട്രീയത്തിന്റെ പ്രത്യയശ്ശാസ്ത്രസീമകള്‍ അതിലംഘിക്കുന്ന വൈയക്തികരാഷ്ട്രീയം ആധുനികാനന്തരകഥയുടെ കരുത്താണ്. ബൃഹദാഖ്യാനങ്ങളിലുള്ള അവിശ്വാസം (increduality towards metanarratives) എന്നാണ് ആധുനികോത്തരതയെ ല്യോതാര്‍ വിശേഷിപ്പിക്കുന്നത് . മനുഷ്യവൈവിദ്ധ്യങ്ങളെ അപ്രധാനീകരിച്ച് അതിനെ ഏകസ്വരമായ പരിമിതികളിലേക്ക് തളച്ചിടുന്നതില്‍ മാര്‍ക്സിസം, മാനവികത തുടങ്ങിയ ബൃഹദാഖ്യാനങ്ങള്‍ക്കും പങ്കുണ്ടായിരുന്നു. മാര്‍ക്സിന്റെ വര്‍ഗ്ഗവിഭജനം ഇല്ലാത്തവര്‍ക്കുള്ളിലെ വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ അപര്യാപ്തമാണെന്ന് തിരിച്ചറിവ് ആധുനികോത്തരതയുടെ രാഷ്ടീയത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രാധാന പങ്കു വഹിച്ചു. അങ്ങനെ പ്രസ്ഥാനപരമായ ഇടതുപക്ഷം ശിഥിലമാവുകയും കഥയിലെ വിമര്‍ശനസൂചിക പ്രധാനമായും അതിന്റെ അപചയത്തെ തൊട്ടു കാണിക്കുകയും ചെയ്തു. പി.സുരേന്ദ്രന്റെ ‘ചോര’, കെ.രേഖയുടെ ‘ആരുടെയോ ഒരു സഖാവ്(അന്തിക്കാട്ടുകാരി), സുസ്മേഷ് ചന്ത്രോത്തിന്റെ ‘ഉപജീവനകലോത്സവം’ തുടങ്ങിയ കഥകളില്‍ വളരെ പ്രകടമാം വിധം ഇടതുപക്ഷ കക്ഷി രാഷ്ട്രീയത്തോടുള്ള അവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. കക്ഷി രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ സാ‍മൂഹികബോധത്തെ പ്രതിഫലിപ്പിക്കുന്ന ‘ചോര’ മൂല്യവത്തായ രാഷ്ടീയസങ്കല്‍പ്പങ്ങള്‍ കഴുത്തറ്റ് പോകുന്നതിലുള്ള ആധിയാണ് പങ്ക് വയ്ക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാത്ത രാഷ്ടീയപ്രത്യയശ്ശാസ്ത്രത്തിന്റെ പൊള്ളത്തരങ്ങളിലേക്ക് ഊറിയിറങ്ങുന്ന ചിരിയാണ് ‘ആരുടെയോ ഒരു സഖാവ്(അന്തിക്കാട്ടുകാരി). സാര്‍വ്വലൌകിക രാഷ്ട്രീയദര്‍ശനങ്ങള്‍ പുറന്തള്ളിയ സമൂഹജീവിതത്തിന്റെ വീണ്ടെടുപ്പായും രാഷ്ട്രീയം ആധുനികോത്തരകഥയില്‍ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്. പൌരത്വത്തിലും ദേശീയബോധത്തിലും പൊതിഞ്ഞുപിടിച്ചിരിക്കുന്നുവെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും ഇന്ത്യയിലെ മുസ്ലീം ജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥയാണ് ‘സംഘപരിവാര്‍ ‘ , ‘ഹിന്ദുച്ഛായയുള്ള മുസ്ലീം പുരുഷന്‍ ‘ തുടങ്ങിയ തലക്കെട്ടുകളില്‍ പ്രകടമാകുന്ന രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നത്. .സ്വത്വം, ലിംഗം,ജാതി,മതം,ദേശീയത തുടങ്ങിയ സര്‍വ്വ വിഭാഗീയതയിലും വ്യാപിച്ചിരിക്കുന്ന സാംസ്ക്കാരിക രാഷ്ടീയമാണ് അത്. അങ്ങനെ സ്ഥൂലരാഷ്ട്രീയത്തിന്റെ വ്യാഖ്യാനങ്ങളില്‍ വഴിപിഴയ്ക്കാത്ത സൂക്ഷ്മരാഷ്ട്രീയത്തിന്റെ കണ്ടെടുക്കലാവുന്നു ഓരോ പുതുകഥയും.ആധുനികോത്തരകഥ ‘മനുഷ്യന്‍ എന്ന ഏകവചനത്തില്‍ ശ്വാസം മുട്ടിച്ചത്ത‘ സകല വൈവിദ്ധ്യങ്ങളെയും തിരികെക്കൊണ്ടുവരുന്നു.പകരം ആധുനികതയുടെ സാഹിത്യബോധ്യങ്ങളെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നു.






സ്വപ്നമോ മായയോ മന്മതിഭ്രമമോ...




Before my birth there was infinite time and after my death ,inexhaustible time .I never thought of it before: I would been living luminously between two eternities of darkness”
Orhan Pamuk ; 'My Name is Red'
പണ്ടൊക്കെ അറിവുകള്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.അതിനാല്‍ ആളുകളെയൊക്കെ അറിവുള്ളവരാ ക്കിത്തീര്‍ക്കുക എന്നതായിരുന്നു അക്കാലത്തെ പദ്ധതി.ഇന്ന് അറിവുകളുടെ ആധിക്യമുണ്ട്.മനുഷ്യന്‍പിറന്നുവീഴുന്നതുതന്നെ വളരെക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടാണ്.അതുകൊണ്ട് ആളുകളുടെ ആര്‍ജ്ജി തവിജ്ഞാനത്തെ അഴിച്ചുകളയുകയും ഏതാണ്ടില്ലാതാക്കുകയുമാണ് പുതിയരീതി.”
.സന്തോഷ് കുമാര്‍,’അമ്യൂസ്മെന്റ് പാര്‍ക്ക്‘

ഭാരം കൂടിയ ചരിത്ര ബാധ്യതകളില്‍ നിന്നും സ്വപ്നസമാനമായ അനുഭവങ്ങളിലേക്ക് ബാഷ്പീകരിക്കാനുള്ള പ്രവണതയാണ് സ്വപ്നവേട്ടയായിത്തീരുന്നത്.ഭൂത- ഭാ‍വികളില്‍ നിന്നും വഴുതിപ്പോകുന്ന ഒരു സ്ഥലരാശിയിലേക്കുള്ള ട്രഷര്‍ ഹണ്ടായി വര്‍ത്തമാനകാലം ചുറ്റിനില്‍ക്കുന്ന അവസ്ഥയില്‍ ഹിതോപദേശം പകരുന്ന അന്യമായി കഥകള്‍ക്കിന്ന് നിലനില്‍ക്കാനാവില്ല.സംസ്ക്കാരത്തിന്റെ അനാശാസ്യപ്രവണതകള്‍ക്കെതിരെ ലാത്തി വീശുന്ന ക്രമസമാധാനപാലകനായ കല / കഥ എന്ന ആശയം അതിന്റെ അന്തര്‍ഭവ്യത (inclusiveness) കൊണ്ട് തന്നെ പ്രതിപ്പട്ടികയിലേക്ക് മാറ്റപ്പെടുന്നു- എല്ലാ സാമൂഹിക ദുരനുഭവങ്ങളും പങ്കുപറ്റുന്ന നിര്‍മ്മിതി എന്ന നിലയില്‍.നവചരിത്രവാദത്തിന്റെ പ്രധാന സ്വഭാവങ്ങള്‍ വിശദീകരിക്കുമ്പോള്‍ അരാം വീസര്‍ ഇങ്ങനെ എഴുതുന്നു : “... every act of unmask ing ,critique and opposition uses the tool it condemns and risks falling prey to the practice it exposes” ( Aram.H.Veeser, The New Historicism Reader ,Routledge1994).നവീന കഥകളുടെ പഠനത്തിലും ഇതു ബാധകമാണ്.വിമര്‍ശനത്തിനായി സ്വീകരിക്കുന്ന എതു രീതിയും അത് വിമര്‍ശന വിധേയമാക്കുന്ന പ്രയോഗത്തിന്റെ ഭാഗമായിത്തീരാം.പുതുകഥകള്‍ വര്‍ത്തമാനത്തിന്റെ വിമര്‍ശന ദൌത്യം ഏറ്റെടുക്കുമ്പോള്‍ തന്നെ അവ വര്‍ത്തമാനകാലത്തിന്റെ ഭാഗവുമാണ്. മാത്ര വുമല്ല, ഒരു കാലത്തിന്റെ വീഴ്ചകളെ എതിര്‍ക്കണമെങ്കില്‍ മറ്റൊരു കാലത്തിന്റെ കൈവരികളില്‍ പിടിച്ചുകൊണ്ടു വേണമെന്ന സാമാന്യയുക്തി വിമര്‍ശനധര്‍മ്മം നിറവേറ്റുന്ന കഥകളുടെ സാധുതയെ ചോദ്യം ചെയ്യു ന്നു. ഏതായിരുന്നു ആ കാലം ? എല്ലാം നന്നയിരുന്നുവെന്ന തോന്നലിലേക്ക് വിടര്‍ന്നത്? അത് എഴു ത്തുകാരന്റെ ആദര്‍ശത്തിന്റെ ഭാഗമായ നല്ല കാലമാണോ? കലാകാരന്റെ വരേണ്യത എഴുതിച്ചേര്‍ ക്കുന്ന ‘ഞങ്ങള്‍ കിനാവു കണ്ട മാര്‍ഗ്ഗത്തിലൂടെ’ സഞ്ചരിക്കാനാണോ പുതിയ കഥകളും വായനക്കാ രോട് ആവശ്യപ്പെടുന്നത് ? അല്ലെന്നാണ് പി.വി.ഷാജികുമാറിന്റെ ‘സ്വപ്നവേട്ട’ സാക്ഷ്യപ്പെടുത്തുന്ന ത്. ചരിത്രത്തിലിടപെട്ടും ചരിത്രമിടപെട്ടും ‘നാശാകോശ‘മായിത്തീര്‍ന്ന ജീവിതങ്ങളുടെ ഓവൊഴുക്കും ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്.അയുക്തികതയില്‍ മുങ്ങിയ ചില സംഭവപരമ്പരകളുടെ സ്വപ്നയാഥാര്‍ ത്ഥ്യമാണത്.ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പൊലിക്കുന്ന അതിയാഥാര്‍ത്ഥ്യങ്ങ (hypperreality) ളെ ക്കാള്‍ ശക്തമായത് നമ്മുടെ ജീവിതത്തെത്തന്നെ വലയം ചെയ്തു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ നക്സലിസത്തില്‍ നിന്നും വേണുവില്‍ നിന്നും ബാല്യത്തിലേക്കും ലഹരിയിലേക്കും സ്വപ്നത്തിലേക്കു മെല്ലാം ലിങ്കുകള്‍ നല്‍കപെട്ട അനുഭവങ്ങള്‍ക്ക് സമകാലിക പ്രസക്തിയുണ്ട്.പി.വി.ഷാജികുമാറിന്റെ ‘സ്വപ്നവേട്ട’ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
നക്സലിസത്തിലൂടെ സോഷ്യലിസം പുലര്‍ന്നു കാണാനാഗ്രഹിച്ച ഒരു ചെറുപ്പക്കാരന്റെ രാഷ്ട്രീയവിശ്വാസത്തകര്‍ച്ചയില്‍ നിന്നും അവിശ്വസനീയമായ സ്വപ്നങ്ങ ളിലേക്ക് ആഖ്യാതിതമാകുന്ന കഥയാണ് സ്വപ്നവേട്ട.നക്സലിസം പിരിച്ചുവിട്ടു എന്ന കെ.വേണുവിന്റെ പ്രഖ്യാപനം കേട്ട് അടിപതറിപ്പോയ മനോജെന്ന ചെറുപ്പക്കാരന്‍ ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. പറങ്കി മാവില്‍ കെട്ടിത്തൂങ്ങാന്‍ നോക്കിയെങ്കിലും കൊമ്പൊടിഞ്ഞു പരുക്കു പറ്റിയതു മിച്ചം. പിന്നീട്, കുറേ ക്കാലം ലക്ഷ്യമില്ലാതെ അലഞ്ഞപ്പോഴാണ് ‘സ്വപ്നവേട്ട’ എന്നൊരു നാടകം എഴുതി സംവിധാനംചെ യ്യാന്‍ മനോജ് തീരുമാനിക്കുന്നത്. തന്റെ മുത്തച്ഛനായ ഇത്താച്ചുവിന്റെ സ്വപ്നദര്‍ശനമായിരുന്നു നാട കത്തിന്റെ വിഷയം. “ ഏതു കലാരൂപവും സമൂഹത്തിന് എന്തെങ്കിലും ഉപദേശം നല്‍കണം എന്ന വടക്കേ മലബാറിയന്‍ കമ്മ്യൂണിസ“ത്തിന്റെ നിര്‍ബന്ധബുദ്ധി കാരണം ഒന്നാമത്തെ അവതരണ ത്തോടെ ആ നാടകത്തിനു തിരശ്ശീല വീണു.കമ്യൂണിസം സാമ്രാജ്യത്വത്തിനുകീഴടങ്ങിയിരിക്കുന്നു എന്ന അന്യാപദേശസാരം കൂടി നാടകത്തില്‍ ആരോപിതമായപ്പോള്‍ നാടകസംഘത്തിനു കണക്കി നു തല്ലും കിട്ടി.സ്വപ്നങ്ങളെല്ലാം പെട്ടിയിലടച്ചുവെച്ച് മനോജ് ബോംബെയിലെത്തുന്നു.അവിടെ അയാള്‍ പല ജോലികള്‍ ചെയ്ത് , അവസാനം ഹിന്ദി സീരിയലുക ളിലെഅപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനായിത്തീരുന്നു.വേഷങ്ങളൊന്നും ലഭിക്കാത്ത ഏകാന്തസായാഹ്നത്തിലാണ് മനോജിനെക്കാണാന്‍ പ്രകാശ് മാത്യുവെന്ന ചെറുപ്പക്കാരന്‍ എത്തുന്നത്.വിലകൂടിയ മദ്യത്തിന്റെ അ കമ്പടിയോടെ എത്തുന്ന അയാള്‍ മനോജിലേക്ക് സ്വപ്നങ്ങളുടെ ലഹരി ഒഴുക്കിവിടുന്നു.മനൊജ് സം വിധാനം ചെയ്ത സ്വപ്നവേട്ട എന്ന നാടകം താന്‍ പലവട്ടം സ്വപ്നത്തില്‍ കണ്ടെന്നും ആ സ്വപ്നവുമാ യി തനിക്കുള്ള ബന്ധമാണ് തന്നെ ഇവിടെയെത്തിച്ചതെന്നും പ്രകാശ് മാത്യു പറയുന്നു. സ്വപ്നങ്ങ ളെല്ലാം യാഥാര്‍ഥ്യങ്ങളായി മാറിയ ദുരന്തജീവീതമായിരുന്നു അയാളുടേത്.പാപ്പാനായിരുന്ന തന്റെ അച്ഛന്‍ വാരിക്കുഴിയില്‍ മരിച്ചുകിടക്കുന്നത് അയാള്‍ കുട്ടിക്കാലത്ത് പലവട്ടം സ്വപ്നം കണ്ടിട്ടുണ്ട്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.സ്വപ്നഭീതിയാല്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അച്ഛന്‍ പറയുമായിരുന്നു : “തലവരയെന്നത് തലവര തന്നെയാടാ..”. തന്റെ വീട്ടിലേക്ക് 13ം തീയ തി വരണമെന്ന ആവശ്യത്തോടെ വിസിറ്റിങ് കാര്‍ഡ് മനോജിനു നല്‍കിയിട്ടാണ് പ്രകാശ് മാത്യു അവിടെ നിന്നു പോകുന്നത്.താന്‍ കണ്ട നാലാമത്തെ സ്വപ്നവും മനോജും തമ്മില്‍ ബന്ധമുണ്ടെന്നും അതെന്താണെന്നു തുറന്നുപറയാന്‍ തനിക്കാവില്ലെന്നും പറഞ്ഞ് രഹസ്യാത്മകത കനം തൂങ്ങുന്ന അര്‍ദ്ധബോധാവസ്ഥയില്‍ അവരുടെ കൂടിക്കാഴ്ച അവസാനിക്കുന്നു.പ്രകാശ് മാത്യുവിന്റെ പെരുമാറ്റ ത്തില്‍ അസ്വസ്ഥത തോന്നിയ മനോജ് 13ം തീയതി പ്രകാശ് മാത്യുവിനെ കാണാന്‍ പോകുന്നില്ലെ ന്നു തീരുമാനിച്ചു.എന്നാല്‍ തികച്ചും അനൈച്ഛികമായി അയാള്‍ അതേ ദിവസം പ്രകാശ് മാത്യുവിന്റെ വീട്ടിലെത്തുന്നു. നിഗൂഢതകളടക്കിപ്പിടിച്ചുനില്‍ക്കുന്ന വീടിന്റെ തുറന്ന വാതിലിലൂടെ അകത്തേക്കു കയറിയതും ഒരു വാള്‍ കഴുത്തിനു നേരേ പാഞ്ഞുവന്നതും ഒരുമിച്ചായിരുന്നു.മനോജ് മുമ്പിലിരുന്ന ടീപ്പോയി വാളിന്റെ തിളക്കം കണ്ട ഭാഗത്തേക്ക് ചവുട്ടിത്തെറിപ്പിച്ചു.ഒപ്പം ഒരു നിലവിളിയും അയാള്‍ കേട്ടു.തപ്പിപ്പിടിച്ച് ലൈറ്റ് തെളിച്ചപ്പോള്‍ ചോരയില്‍ കുളിച്ച പ്രകാശ് മാത്യുവിനെയാണ് കാണാന്‍ കഴിഞ്ഞത്.തൊട്ടടുത്ത് പ്രകാശ് മാത്യുവിന്റെ ഭാര്യ ആനി ഭീതിയോടെ മനോജിനെ നോക്കിക്കൊണ്ടി രുന്നു.ആ നോട്ടത്തില്‍ താന്‍ പ്രകാശ് മാത്യുവായി മാറുകയാണെന്ന് മനോജിനു മനസ്സിലായി.പ്രകാശ് മാത്യുവിന്റെ ശരീരം കക്കൂസ് ടാങ്കില്‍ നിക്ഷേപിച്ച് കുളിച്ച് വൃത്തിയായി അയാളുടെ നിശാവസ്ത്രവുമണി ഞ്ഞ് മനോജ് വീടിന്റെ കിടപ്പറയിലേക്കു നടക്കുന്നു.അന്നത്തെ കണക്കുകള്‍ പരിശോധിക്കുന്നു. ചുവ ന്നു തുടുത്ത ആനിയുമായി ഉടലുതിമിര്‍ത്ത് പെയ്തൊടുങ്ങുന്നു.യാഥാര്‍ത്ഥവും തോന്നലും കൂടിക്കുഴയുന്ന സ്വപ്നനിര്‍ഭരമായ ജീവിതത്തിലേക്ക് ചുരുളുകയോ ചുരുളഴിയുകയോ ചെയ്തു കൊണ്ട് ‘സ്വപ്നവേട്ട’ അവസാനിക്കുന്നതിങ്ങനെയാണ്.

യാഥാര്‍ഥ്യവും സ്വപ്നവും വിരുദ്ധദ്വന്ദ്വങ്ങളായിവിലയിരുത്തപ്പെടാറുണ്ട്.എല്ലാ ദ്വന്ദ്വങ്ങളെ സംബന്ധിച്ചുമുള്ള പരിമിതമായ ജ്ഞാനം/അനുഭവം അവയെ കൃത്യമായി വേര്‍തിരിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നു.അപനിര്‍മ്മാണസിദ്ധാന്തത്തിന്റെ കേന്ദ്രനിലപാടു(!) കളിലൊന്നു തന്നെ ഇതാണല്ലോ.വിപരീതദ്വന്ദ്വങ്ങളിലൂന്നിയുള്ള വായന പാഠത്തിന്റെ സ്വതന്ത്രലീല യ്ക്കു വിഘാതമായിത്തീരുമെന്ന നിരീക്ഷണം ജീവിതത്തെ ബാധിച്ചാല്‍ എന്തായിത്തീരുമോ അതാണ് ‘സ്വപ്നവേട്ട’.ലക്ഷ്യങ്ങളിലേക്ക് ഭൂപടരചന(cartography) ചെയ്തു വച്ചിരിക്കുന്ന പ്രത്യയശാസ്ത്രജീവിതം /അതിനു വിരുദ്ധമായ അലക്ഷ്യ,അരാഷ്ട്രീയജീവിതം- ഈ ദ്വന്ദ്വങ്ങളില്‍ നിന്നു കൊണ്ട് ജീവിതത്തി ന്റെ ഘടനാപരത വ്യക്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു ആധുനികത മുതല്‍ക്കിങ്ങോട്ടുള്ള സാഹിത്യ ത്തിന്റെ ദൌത്യം.പുതിയ എഴുത്താവട്ടെ ദൃഢമായിത്തീര്‍ന്ന ഇത്തരം വിശാസങ്ങളിലൊട്ടിനിന്ന് പുതി യകാലത്തെ എഴുതുവാന്‍ ശ്രമിക്കുന്നില്ല. കാലമെ മാറുന്നുള്ളുവെന്നും കലാകാരന്റെ സത്ത അനിഷേ ധ്യമാം വിധം സ്ഥിര(stable)മാണെന്നുമുള്ള വാദങ്ങള്‍ക്കു വിട നല്‍കിയാല്‍ കാലത്തോടു സംസാരി ക്കുന്ന ഒരെഴുത്തുകാരനും തന്റെ ബോധങ്ങളെയും സൌന്ദര്യശാസ്ത്രനിലപാടുകളെയും മാറ്റമില്ലാത്ത തായി സൂക്ഷിക്കുന്നില്ല.നിരന്തരം നവീകരണക്ഷമമായ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ടാണ് അയാളു ടെ സാഹിത്യം സാധ്യമാകുന്നത്. വ്യവസ്ഥാനുസൃത മെന്നു വിശ്വസിക്കപ്പെടുന്ന ജീവിതത്തിന്റെ വി ശ്വാസ്യതയെ ചോദ്യം ചെയ്യുന്ന അപനിര്‍മ്മാണ കൌശലം പുതിയ കാലഘട്ടത്തോട് പ്രതികരിക്കു ന്നതിന്റെ ഫലമാണ് ആധുനികാനന്തരകഥ. നിരാലംബവും നിസ്സഹായവുമായ ചിരി അതില്‍ നിന്നും ഉരുത്തിരിയുന്നുണ്ട്..സര്‍വ്വജ്ഞാനിയായ എഴുത്തുകാരന്റെ ഭാവത്തെ അട്ടിമറിച്ചുകൊണ്ട് വിവിധ പാറ്റേണുകളിലേക്ക് പൊട്ടിത്തെറിക്കുന്ന അപകേന്ദ്രിതബലം ഈ ചിരിയുടെ കരുത്താണ്. വിവക്ഷി തങ്ങള്‍ ഏതുസമയവും നിയന്ത്രണം വിട്ട് വായനക്കാരനിലേക്ക് മറിയാം.കര്‍ത്തൃസ്ഥാനങ്ങള്‍ നിര ന്തരം മാറ്റിവെയ്ക്കാവുന്ന, പ്രഖ്യാപിതലക്ഷ്യങ്ങളില്ലാത്ത, അധീനതാസങ്കല്പങ്ങളില്‍ നിന്നു തെന്നിമാറു ന്ന ഈ എഴുത്തിന്റെ ഭാഗമാണ് ‘സ്വപ്നവേട്ടഎന്ന കഥയും. ഷാജികുമാറിന്റെ കഥയില്‍ സ്വപ്നത്തെ നിയന്ത്രിക്കാന്‍ പുറപ്പെട്ട് അനിവാര്യമായ ദുരന്തമേറ്റുവാങ്ങുന്ന രണ്ടു കഥാപാത്രങ്ങളുണ്ട്-ഇത്താചുവും പ്രകാശ് മാത്യുവും.സ്വപ്നങ്ങള്‍ വേട്ടയാടിപ്പിടിച്ച രണ്ടിരകളാണിവര്‍.അവര്‍ തിരികെ സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴേക്കും സ്വപ്നം അവസാനിക്കുകയും യാഥാര്‍ത്ഥ്യത്തിന്റെ അന്ത്യകൂദാശ ചൊല്ലിക്കൊണ്ട് മരണം കടന്നുവരികയും ചെയ്യുന്നുണ്ട്. “സ്വപ്നങ്ങള്‍ വേട്ടയാടപ്പെടുന്നതു വരെ മാത്ര മേ ഉണ്ടാകുന്നുള്ളൂ, വേട്ടയാടപ്പെടുന്നതുവരെ മാത്രം” എന്നു കഥയില്‍ പ്രത്യക്ഷപ്പെടുന്നു.ഇത് എഴു ത്തിനെ സംബന്ധിച്ച അധീശ,അധീന സങ്കല്പങ്ങളിലേക്കു വിന്യസിച്ചാല്‍ എഴുത്ത് എന്ന സ്വപ്നത്തി ലേക്ക് (അനിയന്ത്രിതത്വത്തിന്റെയും ലക്ഷ്യഹീനതയുടെയും ഇടമെന്ന നിലയില്‍) പ്രകാശിതമാകുന്ന സ്വത്വമായി മാത്രം കഥാകൃത്ത് ചുരുങ്ങുന്നു.അനേകം സാംസ്ക്കാരികബന്ധങ്ങള്‍ കൊണ്ട് പ്രഹേളികാ സ്വഭാവമുള്ള പുതിയ എഴുത്തിന്റെ വഴികള്‍ അപകേന്ദ്രിതമാണ്. അതിനെ നിര്‍വചിക്കുവാനോ വിധി ക്കുവാനോ തുനിയുന്ന കേന്ദ്രമായി എഴുത്തുകാരന്‍ ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ എഴുത്തിന്റെ സാധ്യത കള്‍ അവസാനിക്കുന്നു.സാംസ്കാരികമായി സങ്കീര്‍ണ്ണമായിത്തീര്‍ന്ന ലോകം ആ കേവലവിധാതാവി നെ അവഗണനയിലേക്ക് മുക്കിക്കൊല്ലുന്നു. സ്വപ്നവേട്ടയെന്ന കഥയും ആധുനികാനന്തരസാംസ്കാരി കപരിസരവും ചേര്‍ന്നു സൃഷ്ടിക്കുന്ന സൌന്ദര്യശാസ്ത്രവ്യതിയാനത്തിന്റെ അടയാളപ്പെടുത്തലാണിത്.

ആധുനികത എഴുത്തിന്റെ അഭികേന്ദ്രിതബലത്തില്‍ വിശ്വസി ച്ചിരുന്നു. അനുഭവങ്ങളും സാമൂഹികവൈവിദ്ധ്യങ്ങളുമെല്ലാം സ്രഷ്ടാവിന്റെ വീക്ഷണം, നിലപാട്,അവ ബോധം, ആദര്‍ശാത്മകത എന്നിവയിലേക്ക് പൊട്ടിയമരുക(implode)യായിരുന്നു ചെയ്തിരുന്നത്. സ്വപ്നം എന്ന പദം അവരെ സംബന്ധിച്ച് എഴുത്തുകാരന്റെ ഇച്ഛകളുടെ പ്രതിഫലന മായിരുന്നു. അന്യാപദേശം(allegory) ആദേശിച്ച സ്വപ്നങ്ങളില്‍ രാഷ്ട്രീയവ്യാഖ്യാനങ്ങളും(.വി. വിജയന്റെ ‘അരി മ്പാറ’) താത്വികവ്യഥകളും(എം.മുകുന്ദന്റെ ‘രാധ രാധമാത്രം‘) അധികാരകുതന്ത്രങ്ങളും(പുനത്തിലിന്റെ ‘കത്തി’) ആഖ്യാതിതമായി.ആധുനികാനന്തരകാലം അനുഭവങ്ങളോട് കൂടുതല്‍ സ്വാഭാവികമായി ഇട പെട്ടു.അതിനാല്‍ സര്‍വജ്ഞന്റെ നിരീക്ഷണങ്ങളെക്കാള്‍ അനുഭവാത്മകതയ്ക്ക് കഥയില്‍ സ്ഥാനം വന്നു.(ചില കഥകളെങ്കിലും ആധുനികതയുടെ ഹാംഗ് ഓവറില്‍ നിന്നു കൊണ്ട് വായനക്കാരെ ‘ആ ഹ്ലാദി‘പ്പിക്കാറുണ്ട് എന്ന കാര്യം മറച്ച്പിടിക്കുന്നില്ല. ടെലിവിഷന്‍ സംസ്കാരത്തിന്റെ സാമൂഹികപ്രശ്ന ങ്ങള്‍ എന്ന വിഷയം തീവ്രത കൂട്ടിയവതരിപ്പിക്കപ്പെട്ട ‘കൊമാല‘യാദിയായ കഥകള്‍, കെ.പി.രാമ നുണ്ണിയുടെ ചില സോഷ്യല്‍ സറ്റയറുകള്‍, കഥയെ വൈകാരികമായ മുറുക്കത്തിലേക്ക് വീണ്ടും വീണ്ടും വരിയുന്ന സുഭാഷ് ചന്ദ്രന്റെ ആഖ്യാനരീതി-ഇവയിലെല്ലാം ആ ‘ആഹ്ലാദം‘ കടന്നുവരാറുണ്ട്.). പി.വി.ഷാജികുമാര്‍, ബി.മുരളി ,ഉണ്ണി.ആര്‍,.സന്തോഷ് കുമാര്‍,സുസ്മേഷ് ചന്ത്രോത്ത് തുടങ്ങിയവ രുടെ കഥകളില്‍ കാണുന്ന പുതുമ അവ വര്‍ത്തമാനത്തിന്റെ അവകാശവാദികളോ മൂല്യവാദികളോ അല്ലെന്നതാണ്.ഒന്നും പഠിപ്പിക്കാനില്ലാത്ത പാഠ്യപദ്ധതിയിലാണ് അവ രൂപപ്പെടുന്നത്. അവയി ലൊന്നും സാമൂഹികാനുഭവം സ്ഥൂലമായ ചില കാഴ്ചപ്പാടുകള്‍ കൊണ്ട് ഞെരുങ്ങുകയല്ലെന്നും സൂക്ഷ്മ മായ സാംസ്കാരികവിനിമയങ്ങളുടെ സുതാര്യതയായി ഇടംനേടുകയാണെന്നും കാണാം. സ്വപ്നവേട്ട ശ്രദ്ധേയമാകുന്നത് സമകാലികതയ്ക്കൊരു വിധിയെഴുത്ത് എന്ന നിലയിലല്ല; അതിന്റെ സങ്കീര്‍ണ്ണ തകളെ നിയന്താവിന്റെ ഇടപെടലില്‍ നിന്നു മുക്തമാക്കുന്ന സ്വതന്ത്രവ്യവഹാരമെന്ന നിലയ്ക്കാണ്.

2.

'It is hard to tell the world we live in is either a reality or a dream' എന്ന കിം കി-ഡുക്കിന്റെ വാ ക്യത്തിലാണ് ‘സ്വപ്നവേട്ട’ ആരംഭിക്കുന്നത്.സ്വപ്നസമാനമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ശ്രമിക്കു ന്നവയാണ് കിം കി-ഡുക്കിന്റെ സിനിമകള്‍.മനുഷ്യന്റെ മാനസികവും നൈതികവുമായ സമസ്യകള്‍ ക്ക് യാഥാര്‍ഥ്യവും തോന്നലും കൂടിക്കുഴയുന്ന അനുഭവവിലക്ഷണതകള്‍ കൊണ്ട് ചലച്ചിത്രഭാഷ്യം നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നത്.2003നു ശേഷം പുറത്തുവന്ന സ്പ്രിംഗ്-സമ്മര്‍-ഫാള്‍-വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്.., സാമറിറ്റന്‍ ഗേള്‍, 3-അയേണ്‍,ദ് ബോ, ടൈം തുടങ്ങിയ ചിത്രങ്ങള്‍ ജീവിത ത്തിന്റെ യാഥാതത്ഥ്യസ്വഭാവത്തെ അട്ടിമറിച്ചുകൊണ്ട് പുതിയ അവതരണരീതി കണ്ടെത്തിയവയാ ണ്.കാല്പനികമായ എസ്കേപ്പിസത്തിലേക്കല്ല അവയുടെ നീക്കം.യാഥാര്‍ഥ്യത്തെ യും സ്വപ്നത്തെയും അഭിമുഖമാക്കുന്ന നവരചനാതന്ത്രത്തിന്റെ ഭാഗമാണ് കി-ഡുക്കിന്റെ സിനിമകള്‍. 2006-ല്‍ പുറത്തിറ ങ്ങിയ ‘ടൈം‘ എന്ന ചിത്രമെടുക്കുക.തങ്ങള്‍ക്ക് അഴകു പോരെന്നു വിശ്വസിച്ച് പ്ലാസ്റ്റിക് സര്‍ജറിയി ലൂടെ മുഖരൂപത്തിനു വ്യത്യാസം വരുത്തുന്ന കമിതാക്കള്‍ക്ക് പരസ്പരം കണ്ടെത്താനാവാതെ വരുന്ന പ്രശ്നസാഹചര്യത്തെയാണ് സ്വപ്നാത്മകമെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യഭാഷയില്‍ കിം കി-ഡുക് അവതരിപ്പിക്കുന്നത്.മേല്‍പ്പറഞ്ഞ പ്രശ്നസാഹചര്യം തീര്‍ച്ചയായും പുതിയ കാലത്തിന്റെയും സാങ്കേ തികവിദ്യയുടെയും ഭാഗമാണ്.എന്നാല്‍ പരസ്പരം കാണാഗ്രഹിക്കുന്നവര്‍ തമ്മില്‍ തിരിച്ചറിയാതെ പോകുന്ന വൈയക്തികസംഘര്‍ഷമായാണ് ,തിക ച്ചും ആന്തരികമായ സംഘര്‍ഷമായാണ് ‘ടൈ‘ മില്‍ ഈ പ്രശ്നം അവതരിക്കപ്പെടുന്നത്.വിമര്‍ശനാത്മകമായിപ്പോലും കാലവും ചരിത്രവും യാഥാര്‍ത്ഥ്യത്തിന്റെ ഫോട്ടൊസ്റ്റാറ്റായാണ് ആവിഷ്ക്കരിക്കപ്പെടുന്നതെങ്കില്‍ ,കലയുടെ അസ്തിത്വമെന്തെന്ന ചോദ്യം കിം കി-ഡുക്കിന്റെ ഓരോ ചലച്ചിത്രവും ചോദിക്കുന്നു.പി.വി.ഷാജികുമാറിന്റെ ‘സ്വപ്നവേട്ട’യും പങ്കിടുന്നത് ഇതേ ചോദ്യം തന്നെയാണ്.

സ്വപ്നവേട്ട‘യിലെ മനോജെന്ന ചെറുപ്പക്കാരന്‍ 60-കളിലെ നക്സലെറ്റായിരുന്നു.രാഷ്ട്രീയവിശ്വാസങ്ങളുടെ തീവ്രത ആവേശിച്ച ഭൂതകാലയൌവനത്തിന്റെ ശിഷ്ടമാണ് അയാളുടെ ജീവിതം.ചരിത്രത്തിലിടപെട്ടുകൊണ്ട് അതിനെ മാറ്റിത്തീര്‍ക്കാനുള്ള ഭാരിച്ച ഉത്തരവാദി ത്തം തന്നില്‍ നിക്ഷിപ്തമാണെന്ന വിശ്വാസം അയാള്‍ക്കുണ്ടായിരുന്നു.സ്വയം നിര്‍ണ്ണീതമായ കര്‍ത്തൃ സ്ഥാനമായി വ്യക്തിയെ മനസ്സിലാക്കുന്ന രീതി ആധുനികതയുടെ ഭാഗമായിരുന്നു.അങ്ങനെയാണ് മനുഷ്യന്റെ ഇച്ഛകള്‍ക്ക് ആയിത്തീരലിന്റെ (being) വിവക്ഷയുള്ള, പ്രതീക്ഷയുടെ സ്വഭാവമുള്ള ‘സ്വ പ്ന’മെന്ന പദം ചേരുന്നത്.സോഷ്യലിസ്റ്റ് സാമൂഹികക്രമം ‘സ്വപ്നവേട്ട‘യിലെ മനോജിന്റെ സ്വപ്നമാ യിരുന്നു.ആധുനികത മുന്നോട്ടുവച്ച പ്രത്യയശാസ്ത്രജീവിതത്തിന്റെ തകര്‍ച്ച അയാളെ മറ്റൊരു കാല ത്തിലേക്ക് നീക്കം ചെയ്യുന്നു.മനുഷ്യകേന്ദ്രിതമായ കര്‍മ്മപദ്ധതിയുടെ അവസാനശ്രമമെന്ന നിലയി ലായിരുന്നു അയാള്‍ നാടകം സംവിധാനം ചെയ്തത്.അതും തകര്‍ന്നുപോകുന്നു.നക്സലിസം, നാടകം എന്നിങ്ങനെ വൈയക്തികേച്ഛകള്‍ ആവിഷ്ക്കരിക്കപ്പെടുന്ന രാഷ്ട്രീയ/കലാജീവിതത്തിന്റെ കാലം കഴി ഞ്ഞുപോവുകയും അനൈച്ഛികമായ ക്രമമില്ലായ്മയിലേക്ക് ജീവിതം കുത്തിയൊലിച്ച് പോവുകയും ചെയ്യുന്നു.മറുനാട്ടിലേക്ക് വണ്ടി കയറുന്ന മനോജ് ഉപജീവനാര്‍ത്ഥം ചെയ്തുകൂട്ടുന്ന തൊഴിലുകളിലൊ ന്നും അയാളുടെ വ്യക്തിതാല്പര്യങ്ങളില്ല.സീരിയലുകളില്‍ അപ്രധാനവേഷങ്ങള്‍ ചെയ്യാന്‍ നിയോഗി ക്കപ്പെടുന്ന അയാള്‍ നിരവധി കര്‍ത്തൃസ്ഥാനങ്ങളിലേക്ക് സ്ഥാനാന്തരണം ചെയ്യപ്പെടുന്ന വ്യക്തി യാണ്.ഇതും സ്വപ്നസമാനമായ ജീവിതമാണ്.ഇവിടെ സ്വപ്നത്തിന് പ്രതീക്ഷയെന്നോ ഇച്ഛയെന്നോ അര്‍ത്ഥമില്ല. അനൈച്ഛികവും അനിശ്ചിതവുമായ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്ന സങ്കീര്‍ണ്ണതകളു ടെ സാംസ്ക്കാരികസാഹചര്യമാണ്.അങ്ങനെ നക്സലിസം/നാടകം എന്ന മനുഷ്യേച്ഛയില്‍ നിന്നും ‘സ്വ പ്നലിസം‘/സീരിയല്‍ എന്ന അനൈച്ഛികതയിലേക്കും അനിശ്ചിതത്വത്തിലേക്കും ഷിഫ്റ്റ് ചെയ്യപ്പെടു ന്ന കഥാപാത്രമായി ‘സ്വപ്നവേട്ട‘യിലെ ചെറുപ്പക്കാരന്‍ പരിണമിക്കുന്നു.

സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുന്ന അവസ്ഥ ആധുനികാനന്തരലോകത്തിലുണ്ട്. സീരിയലില്‍ പ്രധാന നടന്മാരുടെ അച്ഛന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിധിക്കപ്പെട്ട നടനാണ് മനോജ്. ജീവിത ത്തില്‍ അയാള്‍ അച്ഛനല്ല.കുടുംബബന്ധങ്ങളുടെ ഘടനയിലല്ല അയാളുടെ ജീവിതം. അനുഭവങ്ങളി ലൊരിക്കല്‍ പോലും കടന്നുവരാത്ത വേഷങ്ങള്‍ സീരിയല്‍ സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ആ ടിത്തീര്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ നിറയുന്നത് ശൂന്യതയാണ്.ഒരു സീരിയലില്‍ അച്ഛനെ മകന്‍ വിഷം കൊടുത്തു കൊന്നതോടെ തന്റെ വേഷത്തിന്റെ കാര്യത്തില്‍ ഏതാണ്ടുറപ്പായി എന്ന് അയാള്‍ മനസ്സിലാക്കുന്നു. മറ്റൊന്നും ചെയ്യാനില്ലാതെ ലോഡ്ജ് മുറിയിലെ ഉഷ്ണ ത്തില്‍ അയാള്‍ സമയം തള്ളി നീക്കുന്നുണ്ട്.സീരിയലിലെ വേഷം അയാളുടെ ജീവിതത്തിലെ അതിയാഥാര്‍ത്ഥ്യ(hypperreality) മാണ്.ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യതകള്‍ കൊണ്ടുമാത്രം രൂപപ്പെടുത്തിയ യാഥാര്‍ത്ഥ്യം. ലോഡ്ജ് മുറിയിലേക്ക് തന്റെ സ്വപ്നത്തിലെ ഒരു കഥാപാത്രമാണ് മനോജെന്ന വെളിപ്പെടുത്തലുമായി പ്രകാശ് മാത്യു എത്തുന്നതോടെ മാധ്യമങ്ങള്‍ക്ക് പുറത്തുള്ള യാഥാര്‍ത്ഥ്യത്തിന്റെ സ്വഭാവവും അട്ടിമ റിക്കപ്പെടുന്നു.അതും അതിയാഥാര്‍ത്ഥ്യമായി പരിണമിക്കുന്നു. മറ്റാരുടെയോ സ്വപ്നത്തിന്റെ ഭാഗമാണ് താനെന്ന തോന്നല്‍ മനോജിനെ അസ്വസ്ഥനാക്കുന്നുണ്ട്. ആധുനികാനന്തരജീവിതത്തെ പ്രകടമാ ക്കുന്ന ഒരു പ്രതീകമായാണ് ഈ ഗതികേട് കഥയില്‍ തെളിയുന്നത് : “ വേരുകള്‍ വായുവില്‍ ശൂന്യ മായി പടര്‍ത്തിയ ഗതികെട്ട മരം”. നിലനില്പു പോലും സംശയാസ്പദമായ സ്ഥിതിക്ക് സ്വപ്നം/യാഥാര്‍ ത്ഥ്യം എന്ന വേര്‍തിരിവിനു സ്ഥാനമില്ലെന്നും ഇവയുടെ കുഴഞ്ഞുമറിയ(flux)ലാണ് പുതിയ ജീവിത മെന്നും ഈ കഥ തിരിച്ചറിയുന്നുണ്ട്.

സ്വത്വത്തെ സംബന്ധിച്ച സങ്കീര്‍ണ്ണതയാണ് മനോജിനെ ലഹരിയുടെ അബോധതലങ്ങളിലടിയാന്‍ പ്രേരിപ്പിക്കുന്നത്. പ്രകാശ് മാത്യു കൊണ്ടുവരുന്ന മദ്യക്കു പ്പിയിലേക്ക് കൊതിയോടെ നോക്കുന്ന മനോജ് ,പിന്നീടൊരിക്കല്‍ ബാറില്‍ നിന്ന് മദ്യപിച്ച് അവശ നായി റോഡില്‍ വീഴുന്നുണ്ട്. പിറ്റേദിവസം വെയില്‍ തെളിഞ്ഞപ്പോള്‍ കണ്ണുതുറന്ന അയാള്‍ തൊട്ടടു ത്തുകണ്ട മന്‍ മോഹന്‍ സിംഗിന്റെ കട്ടൌട്ടില്‍ പിടിച്ച് ശക്തിയായി ഛര്‍ദ്ദിക്കുന്നു. ‘മന്‍ മോഹന്‍സിം ഗിന്റെ കാലുപിടിച്ച് ഛര്‍ദ്ദിച്ചു’ വെന്നാണ് കഥയില്‍.നവലിബറല്‍ ആശയങ്ങളുടെ ഇന്ത്യന്‍ പ്രചാര കനായ ഭരണാധികാരിയിലേക്ക് ,വേരുകള്‍ പടര്‍ത്താന്‍ മണ്ണില്ലാത്ത ജീവിതങ്ങളി ലൊന്ന് കൂപ്പുകു ത്തുന്ന ചിത്രം കഥയുടെ രാഷ്ടീയവായനയിലേക്ക് വികസിപ്പിക്കാവുന്ന ഒന്നാണ്. “ഞങ്ങള്‍ക്ക് ജീവി തത്തിന്റെ ശരിയായ ട്രാക്കിലേക്കുള്ള അവസാന റൂട്ട്മാര്‍ച്ചായിരുന്നു” എന്ന പ്രയോഗം രാഷ്ട്രീയവിവ ക്ഷകള്‍ നിറച്ചതാണെന്നും പറയാം.( പി.വി.ഷാജികുമാറിന്റെ നിരീക്ഷണ ബുദ്ധിയില്‍ പറഞ്ഞാല്‍ മലബാറിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് രണ്ടു രീതിയില്‍ സ്വപ്നവേട്ടയുടെ രാഷ്ട്രീയം വായിക്കാം.ഒന്ന്: ഇടതു പക്ഷാശയങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്ന കഥ.സ്വപ്നങ്ങളുടെ സ്വാച്ഛന്ദ്യം അവിരാമമായ ചരി ത്രപരിണാമത്തെ സൂചിപ്പിക്കുന്നു.ഇതിനെ ലംഘിക്കുവാനാണ് പ്രകാശ് മാത്യു എന്ന മുതലാളിവര്‍ഗ്ഗ പ്രതിനിധി ശ്രമിക്കുന്നത്.എന്നാല്‍ ചരിത്രത്തിന്റെ അനിവാര്യതയായി നിസ്വവര്‍ഗ്ഗത്തിന്റെ പ്രതിനി ധിയായ മനോജ് സാമൂഹികവ്യവസ്ഥയില്‍ സര്‍വ്വാധിപത്യം നേടുന്നു. വൈരുദ്ധ്യാത്മക ഭൌതികവാ ദത്തെ പിന്താങ്ങുന്ന കഥ.രണ്ട്: ‘കമ്യൂണിസം സാമ്രാജ്യത്വ ത്തിനു കീഴടങ്ങിയിരിക്കുന്നു‘ എന്നു പ്രഖ്യാ പിക്കുന്ന കഥ.മനുഷ്യന്റെ നിരന്തരമായ ഇടപെടലാണ് ചരിത്രം സൃഷ്ടിക്കുന്നത്.സ്വപ്നസദൃശമായ ജീ വിതമായി വര്‍ത്തമാനം വിലയിരുത്തപ്പെട്ടാല്‍ മനുഷ്യന്റെ കര്‍മ്മശേഷിയെ അവമതിക്കലാവും അ ത്. സാമ്രാജ്യത്വ അധികാരപ്രയോഗങ്ങള്‍ വ്യാപിക്കുന്ന വര്‍ത്തമാനകാലത്തില്‍ പ്രതിരോധപരിപാ ടികളിലേക്ക് വികസിക്കേണ്ട മാനവസത്തയെ അവിശ്വസിക്കുന്ന പ്രതിലോമത്വം ഈ കഥയിലു ണ്ട്. ചരിത്രാത്മക ഭൌതികവാദത്തെ നിഷേധിക്കു ന്ന കഥ.......... ഏതായിരിക്കും ശരി? പി.വി.ഷാ ജികുമാറോ മലബാറിലെ കമ്മ്യൂണിസ്റ്റുകളോ പറയട്ടെ.) രാഷ്ട്രീയം അരാഷ്ട്രീയമാം വിധം ആശയമുക്ത മാകുന്നതും പ്രായോഗികതയുടെ പേരില്‍ എതു സംഘടനയാണെന്ന് തിരിച്ചറിയാന്‍ പോലും സാധ്യ മാകാത്ത വിധത്തില്‍ സ്വഭാവങ്ങള്‍ വച്ചു മാറുന്നതും ആധുനികാനന്തരലോകത്തിന്റെ കാഴ്ച്കകളാണ്. ചരിത്രമുക്തമായ നവീനസംഭവങ്ങള്‍ (latest incidents) മാത്രമായി രാഷ്ട്രീയം അവതരിക്കുന്നു. ‘സ്വപ്ന വേട്ട’യില്‍ വര്‍ത്തമാനത്തിന്റെ വാര്‍ത്താരാഷ്ട്രീയം പരോക്ഷമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കാല ത്തിന്റെ വിമര്‍ശനാത്മകമായ അന്യം എന്ന രീതിയിലല്ല, അനുഭവവൈരുദ്ധ്യമെന്ന രീതിയിലാണ് ഇതു കടന്നുവരുന്നതെന്നു മാത്രം.

രൂപകഭാഷ ഷാജികുമാറിന്റെ എഴുത്തിന്റെ ഭാഗമാണ്. ഭാഷയെ അനുഭവങ്ങളുടെ വിവിധ അടരുകളിലേക്ക് ഒരേ സമയം വിന്യസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ഈ ആഖ്യാനരീതി ‘സ്വപ്നവേട്ട‘യിലും കാണാം. ‘മരണത്തിന്റെ ജംബോ സര്‍ക്കസ്‘, ‘ഇരു ട്ടിന്റെ തുപ്പല്‍ തൊട്ട് പറന്നു വന്ന കരിങ്കല്‍ചീള്’,’തൊട്ടാല്‍ ചുരുളുന്ന ചേരട്ട പോലെ മഴ നിശ്ചലമാ യി’ തുടങ്ങിയപ്രയോഗങ്ങളില്‍ ഭാഷാപരമായ ജാഗ്രത തെറിച്ചുനില്‍ക്കുന്നതായി കാണാം. കൊമ്പില്‍ കുടുക്കിട്ടതും അതില്‍ നിന്നു വീണതുമെല്ലാം ‘നക്സലിസം പോലെ ദ്രുതഗതിയിലായിരുന്നു’ എന്നെഴുതു മ്പോള്‍ അനുഭവത്തെ കാലം കൊണ്ട് പൂരിപ്പിക്കുന്ന ചിരിയിലേക്കാണ് ഭാഷ തിരിയുന്നത്. രൂപകങ്ങ ളുടെ ധാരാളിത്തം അലങ്കാരനിര്‍ഭരമായ അന്തരീക്ഷത്തിലേക്ക് കഥയെ കടത്തി വിടുന്നുണ്ട്. സ്വപ്ന ങ്ങളുടെ മായികതയെ ആഖ്യാനരൂപത്തില്‍ സ്പര്‍ശിക്കാനും ഈ ഭാഷാരീതിയ്ക്ക് സാധിക്കുന്നു.

വര്‍ത്തമാനകാലത്തിന്റെ ജീവിതമെഴുത്താണ് ‘സ്വപ്നവേട്ട’യില്‍ നിറയുന്നത്.ചരിത്രം നിറച്ചു വച്ച ഭൂതകാലവും സന്ദിഗ്ദതകളുടെ ഭാവിയും ഇരുട്ടുനിറഞ്ഞ രണ്ടകലങ്ങ ളായി നില്‍ക്കുമ്പോള്‍ ഇവയ്ക്കിടയിലെ മിന്നല്‍ പോലെ ആധുനികാനന്തരജീവിതം കടന്നു പോകുന്നു. സ്വപ്നമെന്നോ യാഥാര്‍ത്ഥ്യമെന്നോ വ്യവച്ഛേദിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമായ അനുഭവങ്ങള്‍ക്ക് വ്യക്തികള്‍ സാക്ഷ്യം വഹിക്കുന്നു. സ്വപ്നമോ മായയോ മന്മതിഭ്രമമോ എന്ന പഴയൊരു കഥയുടെ തലക്കെട്ട് ജീവിതത്തിലിറങ്ങി നടക്കാന്‍ തുടങ്ങുന്നു.കാലം ഒരു സ്വപ്നവേട്ട നടത്തുകയാണ്. ജ്ഞാ നോദയങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പ്രബോധനങ്ങള്‍ക്ക് ഈ വേട്ടയെ പ്രതിരോധിക്കാനാവുന്നില്ല. ‘സ്വപ്നവേട്ട’ അത്തരം അറിവുകളെ അഴിച്ചുവെയ്ക്കുന്നു.പകരം സ്വപ്നസമാനമായ അനുഭവങ്ങള്‍ കൊണ്ട് തന്നെ ജീവിതത്തെ എഴുതുകയും ചെയ്യുന്നു.