2012 മേയ് 23, ബുധനാഴ്‌ച


ഫ്രാന്‍സ് കാഫ്കയുടെ ‘ചൈനയിലെ വന്മതില്‍ ’ - അധികാരവും നിര്‍മ്മിതികളും


I.

1917-ല്‍ കാഫ്ക രചിച്ച കഥയാണ് ‘ചൈനയിലെ വന്മതില്‍ ’ . കാഫ്കയുടെ മരണത്തിന് 7 വര്‍ഷങ്ങള്‍ക്കു ശേഷം 1931ലാണ് ഈ കഥ പ്രസിദ്ധീകൃതമാകുന്നത്. അന്യാപദേശസ്വഭാവമുള്ള (അലിഗറി) കഥയാണിത്. ചൈനയിലെ വന്മതിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അധികാരവ്യവസ്ഥയുടെ സങ്കീര്‍ണ്ണതയെ ധ്വനിപ്പിക്കുന്ന ഈ കഥയ്ക്ക് രാഷ്ട്രീയമായും മതാത്മവുമായുമെല്ലാം നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിരുദ്ധോക്തികളുടെയും (ഐറണി) ദൃഷ്ടാന്തകഥകളുടെയും (പാരബിള്‍ ) സങ്കീര്‍ണ്ണവാചകങ്ങളുടെയും സാന്നിദ്ധ്യം കൊണ്ട് കഥയുടെ ആഖ്യാനശൈലി ശ്രദ്ധേയമാണ്. ചൈനീസ് ജനതയുടെ കഥ പറയുന്നതിലൂടെ മനുഷ്യാവസ്ഥയുടെ വ്യത്യസ്തതലങ്ങള്‍ അവതരിപ്പിക്കുവാന്‍ കാഫ്ക ഈ രചനയിലൂടെ ശ്രമിക്കുന്നു.
ചൈനയിലെ വന്മതിലിന്റെ തുണ്ടം തുണ്ടമായുള്ള നിര്‍മ്മാണത്തെപ്പറ്റി പര്യാലോചിച്ചുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. വടക്കന്‍ ചൈനയിലുള്ള ജനതയെ തെക്കന്‍ ചൈനക്കാരുമായി വിഭജിക്കുന്ന വിധത്തില്‍ തെക്കുകിഴക്കു നിന്നും തെക്കു പടിഞ്ഞാറു നിന്നും വന്നു സംഗമിക്കുന്ന രീതിയിലാണ് വന്മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.മതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷവും ഒരിക്കലും നികത്താനാവാത്ത വിടവുകള്‍ വന്മതിലില്‍ അവശേഷിക്കുന്നു.അധികാരവ്യവസ്ഥയുടെ സൂചകമായാണ് കാഫ്ക വന്മതിലിനെ അവതരിപ്പിച്ചിരിക്കുന്നതെന്ന് കരുതാം. ഒരിക്കലും നികത്താനാവാത്ത വിടവുകളുമായി ആ വ്യവസ്ഥ മനുഷ്യനെയാകെ ചൂഴ്ന്നു നില്‍ക്കുന്നു. “അത് പരിശോധിക്കാന്‍ ആവാത്തതും ,അല്ലെങ്കില്‍ അതിന്റെ വിപുലമായ ഘടന കാരണം ഒരു മനുഷ്യന്ന് ഒറ്റയ്ക്ക് തന്റെ സ്വന്തം കണ്ണുകള്‍ കൊണ്ടോ കഴിവുകൊണ്ടോ പരിശോധിക്കാന്‍ കഴിയാത്തതുമായ മതില്‍ ”എന്ന് കാഫ്ക എഴുതുന്നുണ്ട്. അധികാരവ്യവസ്ഥയുടെ ഭീമാകാര (കൊളോസല്‍ )രൂപത്തെയാണ് വന്മതിലിന്റെ വിപുലമായ ഘടനയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. വ്യക്തികളാല്‍ നിര്‍ണ്ണയിക്കാനാവാത്ത സങ്കീര്‍ണ്ണതകളിലാണ് അധികാരവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന സൂചന ഈ വിവരണത്തില്‍ കാണാം.
അധികാരത്തിന്റെ മൂര്‍ത്തരൂപമാണല്ലോ ഭരണകൂടം എന്ന സ്ഥാപനം. ആജ്ഞകളും നിയന്ത്രണങ്ങളും തന്ത്രങ്ങളും പ്രയോഗിച്ച് ഭരണകൂടവ്യവസ്ഥയെ നിലനിര്‍ത്തുന്നതിനാവശ്യമായ അദ്ധ്വാനം അത് ജനങ്ങളില്‍ നിന്നും പിടിച്ചുപറ്റുന്നു.ചൈനയിലെ വന്മതില്‍ ഭരണകൂടവ്യവസ്ഥയുടെ സൂചകമാണ്. മതിലിന്റെ പണി തുടങ്ങുന്നതിന് എത്രയോ മുമ്പ് തന്നെ കല്പണിയെ അറിവിന്റെ പ്രധാനചില്ലയായി ചൈനയില്‍ ഉദ്ഘോഷിച്ചിരുന്നു. ഇതിന്നര്‍ത്ഥം ജീവിതത്തിലെ പരമപ്രധാനമായ ലക്ഷ്യമോ കടമയോ ആയി അധികാര വ്യവസ്ഥിതിയെ ഉള്‍ക്കൊള്ളാന്‍ ജനതയെ പഠിപ്പിക്കുക എന്നതാണ്.ഭരണകൂടക്രമമെന്ന മതില്‍നിര്‍മ്മാണത്തില്‍
ജനതയുടെ അദ്ധ്വാനം അവന്റെ മൌലികധര്‍മ്മമാണെന്ന തോന്നലുണ്ടാക്കുന്ന അഭ്യസനങ്ങള്‍ അതിന്റെ ഭാഗമാണ്. രാഷ്ട്രത്തിന്റെ പ്രത്യയശ്ശാസ്ത്രോപകരണങ്ങള്‍ (ideological state apparatus) എന്ന പരികല്പനയിലൂടെ പില്‍ക്കാലത്ത് ലൂയി അല്‍ത്തൂസര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ഈ കഥയുമായി ബന്ധിപ്പിച്ച് വായിക്കാം.
ആദ്യമായി മണ്ണില്‍ പാകിയ കല്ലിനോടൊപ്പം തന്നെ അവനവനും മതിലിന്റെ ഭാഗമായി കരുതിയ മനുഷ്യരായിരുന്നു മതിലിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തത്. ജനങ്ങളെ ഭരണകൂടവ്യവസ്ഥയുടെ ഭാഗമായി സ്വയം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന കൌശലം ആ ഘടനയ്ക്ക് തന്നെയുണ്ട്. ജനങ്ങളെ സാത്മീകരിക്കുന്നു എന്ന നാട്യത്തോടെ യഥാര്‍ത്ഥത്തില്‍ അന്യവല്‍ക്കരിക്കുകയാണ് അവ ചെയ്യുന്നത്.
അത് ജനതയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.ഭരണകൂടത്തിന്റെ അവിരാമവും നിര്‍വിഘ്നവുമായ തുടര്‍ച്ചയ്ക്ക് ജനതയുടെ വിഭവശേഷിയെ സമര്‍ത്ഥമായി ചൂഷണം ചെയ്യേണ്ടതുണ്ട്. അതിനുള്ള തന്ത്രങ്ങളും അവ മെനഞ്ഞെടുക്കുന്നു.മതിലിന്റെ നിര്‍മ്മാണം തുണ്ടംതുണ്ടമായി നിര്‍മ്മിക്കാന്‍ തീരുമാ‍നമെടുക്കുന്നതിന്റെ പിന്നിലെ യുക്തിയും ഇതാണ്.അദ്ധ്വാനിക്കുന്നവര്‍ക്ക് സ്വന്തം പ്രവൃത്തിയില്‍ വിരസത തോന്നാതെ നോക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. മതിലിന്റെ നിര്‍മ്മാണത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ , വ്യത്യസ്തകാലങ്ങളില്‍ പണിയെടുപ്പിച്ചു കൊണ്ടാണ് ജോലിക്കാരുടെ വിഭവശേഷിയെ അധികാരവ്യവസ്ഥ പരമാവധി ചൂഷണം ചെയ്യുന്നത്. “... വീട്ടില്‍ നിന്ന് നൂറു കണ്‍ക്കിന് നാഴികകള്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത മലമ്പ്രദേശങ്ങളില്‍ മാസങ്ങളോളം അല്ലെങ്കില്‍ വര്‍ഷങ്ങളോളം തന്നെ ,ഒരു കല്ലിനു മേല്‍ മറ്റൊന്നു വച്ചുകൊണ്ട് അവര്‍ നില്‍ക്കുമെന്ന് പ്രതീക്ഷിക്കാ‍നാവില്ല.നീണ്ട ജീവിതത്തിനിടയില്‍ അവസാനത്തോട് അടുക്കാന്‍ കഴിയാത്ത അത്തരത്തിലുള്ള കഠിനാദ്ധ്വാനം അവരെ നിരാശയിലേക്ക് വലിച്ചെറിഞ്ഞേനെ;അതിനെല്ലാം പുറമേ അവരുടെ പ്രവര്‍ത്തന ശേഷി കുറച്ചേനെ.ഇക്കാരണങ്ങളാലാണ് തുണ്ടംതുണ്ടമായുള്ള നിര്‍മ്മാണം മതി എന്നു തീരുമാനിച്ചത്.
II.
ബാബേല്‍ ഗോപുരത്തിന്റെ നിര്‍മ്മാണവുമായി ചൈനാവന്മതിലിനെ ബന്ധിപ്പിച്ച് നിരീക്ഷണമവതരിപ്പിച്ച ഒരു പണ്ഡിതന്റെ വാദമുഖങ്ങളില്‍ നിന്നാണ് കഥയുടെ അടുത്ത ഭാഗം വികസിക്കുന്നത്.ബാബേല്‍ ഗോപുരം ഇടിഞ്ഞു വീണത് സാര്‍വലൌകികമായി അറിയപ്പെടുന്ന കാരണത്താലല്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു.അടിത്തറയുടെ ബലമില്ലായ്മ കാരണമാണ് ബാബേല്‍ ഇടിഞ്ഞുവീണത്. പുതിയനിര്‍മ്മാണരീതികള്‍ പഴയതിനേക്കാള്‍ വികസിച്ചതിനാല്‍ വന്മതില്‍ ഒരു ബലവത്തായ അടിത്തറയാണെന്ന് ആ പണ്ഡിതന്‍ സിദ്ധാന്തിക്കുന്നു. ആദ്യം മതില്‍ ; അതിനു മുകളില്‍ ഗോപുരം എന്ന നിലയില്‍ ഒരു നിര്‍മ്മാണഘടനയാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അര്‍ദ്ധവൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു മതില്‍ എങ്ങനെ അടിത്തറയാകുമെന്ന് ആഖ്യാതാവ് സംശയിക്കുന്നു. ഭരണകൂടവ്യവസ്ഥയും അധികാരഘടനയും ആകാശത്തോളമെത്തുന്ന ചില മാനുഷികലക്ഷ്യങ്ങളുടെ അടിത്തറ എന്ന നിലയിലാണ് വിഭാവനം ചെയ്യപ്പെട്ടത്. എന്നാല്‍ അതിന്റെ ഘടനാപരമായ വിലക്ഷണത,വിടവുകള്‍ അവശേഷിപ്പിക്കുന്ന നിര്‍മ്മിതി എന്നിവയില്‍ നിന്ന് ആ ലക്ഷ്യങ്ങളിലേക്കുള്ള സ്വര്‍ഗ്ഗീയഗോപുരം ഉയര്‍ന്നില്ല. ഡസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാര്‍ എന്ന നോവലിലും ഈ കഥയിലെ പോലെ ബാബേലിനെ രാഷ്ട്രീയവീക്ഷണത്തോടെ അവതരിപ്പിക്കുന്നുണ്ട് (പാര്‍ട്ട് 1 അദ്ധ്യായം 5).അദ്ദേഹം നിഷ്ഠൂരവാഴ്ചയുടെ പ്രതീകമായാണ് ബാബേലിനെ കാണുന്നതെങ്കില്‍ കാഫ്ക ഭരണവ്യവസ്ഥയില്‍ മനുഷ്യന് അന്യമാകുന്ന പ്രതീക്ഷയെയാണ് ബാബേലില്‍ ദര്‍ശിക്കുന്നത്.
അനേകം വിടവുകള്‍ ബാക്കിയായ , വിലക്ഷണഘടനയുള്ള വന്മതിനെ അടിത്തറയായി കരുതുന്നതിന്റെ സാംഗത്യത്തെപ്പറ്റി സംശയിക്കുമ്പോഴും അതിനെപ്പറ്റി ചുഴിഞ്ഞ് ആലോചിക്കുന്നതില്‍ നിന്ന് ജനത വിലക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മമായ വിമര്‍ശനബുദ്ധിയോടെ അപഗ്രഥിക്കുന്നതിനുള്ള അവകാശം അധികാരവ്യവസ്ഥ ജനതയില്‍ നിന്നും എടുത്തുമാറ്റുന്നതിന്റെ സൂചനയുണ്ടതില്‍ . വന്മതിലിന്റെ നിര്‍മ്മാണകാലത്ത് പ്രചരിച്ചിരുന്ന ഒരു പഴഞ്ചൊല്ല് ഇവിടെ കടന്നുവരുന്നു: “മേലധികാരികളുടെ ആജ്ഞകള്‍ നിങ്ങള്‍ എല്ലാ കഴിവുകളോടും കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക.പക്ഷേ ഒരു പരിധി വരെ മാത്രം; പിന്നെ അതിനെക്കുറിച്ചു ചുഴിഞ്ഞാലോചിക്കാതിരിക്കുക.” ചുഴിഞ്ഞുള്ള ചിന്ത ഒഴിവാക്കുക എന്ന പഴഞ്ചൊല്ലിനെ സമര്‍ത്ഥിക്കുന്നൊരു ദൃഷ്ടാന്തകഥയും ഇവിടെ ചേര്‍ക്കുന്നുണ്ട്. വസന്തകാലത്ത് കരകളില്‍ ഒതുങ്ങിയൊഴുകുന്ന നദിയും വര്‍ഷകാലത്ത് കര തകര്‍ത്ത് പോകുന്ന നദിയും മനുഷ്യന്റെ ആലോചനയുടെ പരിധികളെ പ്രതീകവല്‍ക്കരിക്കുന്ന രൂപകമാകുന്നു. അധികാരവ്യവസ്ഥയുടെ അനുസ്യൂതി ആവശ്യപ്പെടുന്നത് മനുഷ്യന്റെ അനുസരണയാണ്. വിമര്‍ശനബുദ്ധ്യാ ആജ്ഞകളെ പരിശോധിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും ജനതയെ അതിന്റെ തന്ത്രങ്ങളും വിലക്കുകളും അകറ്റിനിര്‍ത്തുന്നു.
വന്മതില്‍ന്റെ ആവശ്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിനും ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. വടക്കുള്ള ചൈനീസ് ജനതയില്‍ നിന്നും സംരക്ഷണം ലഭ്യമാകാനാണത്രേ വന്മതില്‍ നിര്‍മ്മിച്ചത്. വടക്കുള്ള ജനതയെപ്പറ്റി ചില മോശം ധാരണകള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ അവരെപ്പറ്റി തെക്കര്‍ക്ക് കൂടുതലായി ഒന്നുമറിയില്ല. അതിനാല്‍ അവരില്‍ നിന്ന് സംരക്ഷണം നേടാന്‍ മതില്‍ നിര്‍മ്മിച്ചുവെന്നത് അസംഗതമാണ്.അന്തമില്ലാത്ത കാലം മുതല്‍ക്കേ പരമാധികാരസഭകളുണ്ടായിരുന്നുവെന്നും അതിന്റെ തീരുമാനമാണ് മതില്‍നിര്‍മ്മാണത്തില്‍ നടപ്പായതെന്നും ആഖ്യാതാവ് പറയുന്നുണ്ട്.അധികാരത്തിന്റെ മതിലുകള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യം ബാഹ്യമായ സാഹചര്യങ്ങളിലല്ല നിലകൊള്ളുന്നതെന്നും അത് ആഭ്യന്തരമായ ആവശ്യം തന്നെയാണെന്നും ഇവിടെ സൂചിതമാകുന്നു.
III.
ചൈനീസ് സാമ്രാജ്യത്തിന്റെ വൈപുല്യത്തെ അധികാരവ്യവസ്ഥയുടെ അവ്യക്തത സൂചിപ്പിക്കാനായി ഈ കഥയില്‍ ഉപയോഗിച്ചിരിക്കുന്നു. തങ്ങളുടെ ഏറ്റവും അവ്യക്തമായ സ്ഥാപനം സാമ്രാജ്യമാണെന്ന് ആഖ്യാതാവ്
പറയുന്നുണ്ട്. അതിനെ ചുറ്റിപ്പറ്റി ഉപരിപ്ലവമായ ഒരു സംസ്ക്കാരം ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു.വ്യക്തമായ ധാരണകളില്‍ നിന്നല്ല അധികാരത്തെപ്പറ്റിയുള്ള ബോധം വിന്യസിക്കപ്പെടുന്നതെന്നും പരിഭ്രാന്തിയുടെ മൂടല്‍ മഞ്ഞില്‍ അവയുടെ ശരിയായ കാഴ്ചകള്‍ നഷ്ടപ്പെടുന്നുവെന്നും ഇവിടെ സൂചിതമാകുന്നുണ്ട്.അതിവിസ്തൃതമായ സാമ്രാജ്യത്തിന്റെ ഒരു ബിന്ദു മാത്രമാണ് പീക്കിംഗ്. അവിടത്തെ കൊട്ടാരത്തിലെ കട്ടിലില്‍ കിടക്കുന്ന ചക്രവര്‍ത്തി അതിലും ചെറിയൊരു ബിന്ദു മാത്രം.അതിനാല്‍ രാജ്യത്തിന്റെ അതിവിസ്തൃതി കാരണം ഇപ്പോള്‍ ഭരിക്കുന്ന ചക്രവര്‍ത്തി ആരാണെന്നു പോലും അറിയാന്‍ സാധിക്കുന്നില്ല. പണ്ടെങ്ങോ ഭരിച്ചിരുന്ന ചക്രവര്‍ത്തി ഇപ്പോഴും തുടരുന്നെന്ന മൂഢവിശ്വാസത്തിലാണ് ജനത.ഭരണസാരഥ്യത്തിലെന്താണ് സംഭവിക്കുന്നതെന്നറിയാതെ അവ്യക്തതകളെ വിശ്വസിക്കുന്ന പൌരസമൂഹത്തിലാണ് അധികാരവ്യവസ്ഥയും നിലനില്‍ക്കുന്നത്. അധികാരവും ജനതയും തമ്മില്‍ നികത്തുവാനാകാത്ത വിടവുകളുണ്ട്. ബ്യൂറോക്രസിയുടെ പ്രധാനപ്രശ്നങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നിരീക്ഷണമാണിത്. ഇതിന് ഉപോല്‍ബലകമായി ഒരു ദൃഷ്ടാന്തകഥയും കഥയില്‍ സൂചിപ്പിച്ചിരിക്കുന്നു. മരണക്കിടക്കയില്‍ നിന്ന് ചക്രവര്‍ത്തി ഒരു പൌരന് സന്ദേശം അയയ്ക്കുന്നു.സന്ദേശവാഹകന്‍ അതുമായി ഉടന്‍ പുറപ്പെടുന്നെങ്കിലും അയാള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നില്ല. കൊട്ടാരക്കെട്ടിലും സദസ്സിലും പടവുകളിലും അയാള്‍ മുട്ടിത്തിരിഞ്ഞു കൊണ്ടേയിരിക്കുന്നു. സന്ദേശം ഒരിക്കലും പൌരനില്‍ എത്തിച്ചേരുന്നില്ല. ഇത് ജനായത്തഭരണസംവിധാനത്തിലും നിലനില്‍ക്കുന്ന പോരായ്മയാണ്. ഭരണകൂടത്തിന്റെ ജനകീയത ജനങ്ങളില്‍ എത്തിച്ചേരാതെ അവയുടെ സ്ഥാപനങ്ങളില്‍ മുട്ടിത്തിരിഞ്ഞു കൊണ്ടേയിരിക്കുന്നു.എന്നാല്‍ ജനതയ്ക്കാവട്ടെ വിശ്വാസങ്ങള്‍ ഉപേക്ഷിക്കാനാവുന്നില്ല. കഥയില്‍ പറയുമ്പോലെ സന്ധ്യ മയങ്ങുമ്പോള്‍ ജനലിനരികെ ഇരുന്ന് സ്വപ്നം കാണാന്‍ അവര്‍ വിധിക്കപ്പെടുന്നു. വര്‍ത്തമാനകാലത്തിന്റെ പ്രശ്നങ്ങളോട് അവര്‍ പിന്തിഞ്ഞ് നില്‍ക്കുന്നു. ഭൂതകാലത്തിന്റെ ഏടുകളിലെവിടെയോ ജീവിതത്തിന്റെ ഇടപെടലുകളെ ബന്ധിയ്ക്കുന്നു.വിപ്ലവങ്ങളും സമകാലീനയുദ്ധങ്ങളും ഏശാത്തവരായി, വര്‍ത്തമാനകാലത്തെ നശിപ്പിക്കാന്‍ ഉത്സുകരായി ജനത മാറുന്നു. ചൈന വന്മതിലിലെ വിടവുകള്‍ പോലെ പരിഹരിക്കാനാവാത്ത ഒരകലം ഭരണകര്‍ത്താക്കളും പൊരന്മാരും തമ്മിലുണ്ട്.ഈ അകല്‍ച്ച, അവ്യക്തതയാണ് ജനങ്ങളില്‍ ഐക്യം തോന്നിക്കുന്നത്. എന്നാല്‍ അടിസ്ഥാനപരമായ തെറ്റിലാണ് ഐക്യം നിലനില്‍ക്കുന്നത്. അതു സ്ഥാപിക്കാനുള്ള ശ്രമം അധികാരഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാകുമെന്നതിനാല്‍ സാഹസികമായ ആ ഉദ്യമത്തിനു മുതിരുന്നില്ല എന്ന വിപരീതധ്വനിയുള്ള പ്രസ്താവത്തിലാണ് ‘ചൈനയിലെ വന്മതില്‍' അവസാനിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ